ഇന്‍ഫോസിസിന് ആദ്യപാദത്തില്‍ 22.7% അറ്റാദായ വളര്‍ച്ച
1 min readഒരു പതിറ്റാണ്ടിനിടെ ആദ്യപാദത്തിലെ അറ്റാദയത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വളര്‍ച്ച
ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനിയായ ഇന്‍ഫോസിസിന്‍റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 22.7 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,233 കോടി രൂപയായിരുന്ന അറ്റാദായം 5,195 കോടി രൂപയായാണ് വര്‍ധിച്ചിട്ടുള്ളത്. ജനുവരി- മാര്‍ച്ച് പാദത്തില്‍ കമ്പനി 5,078 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 27,896 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവിലെ 23,665 കോടി രൂപയില്‍ നിന്ന് 18 ശതമാനവും തൊട്ടു മുന്‍ പാദത്തിലെ 26,311 കോടി യില്‍ നിന്ന് 6 ശതമാനവും വര്‍ധന. ഡോളര്‍ വരുമാനം 4.7 ശതമാനം ഉയര്‍ന്ന് 3,782 മില്യണ്‍ ഡോളറിലെത്തി. മുന്‍പാദത്തില്‍ ഇത് 3,613 മില്യണ്‍ ഡോളറായിരുന്നു.
കറന്‍സി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 4.8 ശതമാനവും മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 16.9 ശതമാനവും വളര്‍ച്ച നേടി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രവര്‍ത്തന മാര്‍ജിന്‍ 23.7 ശതമാനമാണ്.
വന്‍കിട കരാറുകള്‍ ആദ്യ പാദത്തില്‍ ശക്തമായി തുടര്‍ന്നു. പ്രാഥമിക കണക്ക് പ്രകാരം 2.6 ബില്യണ്‍ ഡോളറാണ് ആദ്യ പാദത്തിലെ കരാറുകളുടെ മൂല്യം. 100 മില്യണ്‍ ഡോളറിനു മൂല്യമുള്ള കരാറുകളുടെ കൂട്ടത്തില്‍ രണ്ട് പുതിയ ക്ലയന്‍റുകളെയും 10 മില്യണ്‍ ഡോളറിനു മുകളിലുള്ള വിഭാഗത്തില്‍ 12 പുതിയ ക്ലയന്‍റുകളെയും ഇന്‍ഫോസിസ് കൂട്ടിച്ചേര്‍ത്തു.
ബിഎഫ്എസ്ഐ, റീട്ടെയില്‍ സേവനങ്ങള്‍ യഥാക്രമം 33 ശതമാനവും 15 ശതമാനവും വളര്‍ച്ച പ്രകടമാക്കി. മുന്‍ പാദത്തെ അപേക്ഷിച്ച് വടക്കേ അമേരിക്കയിലെ ബിസിനസ് 61.7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍, യൂറോപ്പില്‍ 24 ശതമാനവും ഇന്ത്യയില്‍ 2.9 ശതമാനവും വളര്‍ച്ച നേടി.
“ഞങ്ങളുടെ ജീവനക്കാരുടെ അര്‍പ്പണബോധവും ക്ലയന്‍റുകളുടെ വിശ്വാസവും കാരണം, ഒരു ദശകത്തിനിടെയുള്ള ഏറ്റവും വലിയ ആദ്യപാദ വളര്‍ച്ച ഞങ്ങള്‍ സ്വന്തമാക്കി. ഇത് ഞങ്ങളുടെ വരുമാന വളര്‍ച്ചാ മാര്‍ഗ്ഗനിര്‍ദ്ദേശം 14% -16% ആക്കി ഉയര്‍ത്തുന്നതിന് ആത്മവിശ്വാസം നല്‍കുന്നു, “സിഇഒയും എംഡിയുമായ സലീല്‍ പരേഖ് പറഞ്ഞു.