2030ഓടെ ഇന്ത്യയുടെ ഡിജിറ്റല്‍ പരസ്യ വിപണി 30 ബില്യണ്‍ ഡോളറിലെത്തും: റെഡ്സീര്‍
1 min readഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മില്ലെനിയലുകളുടെയും ജനറല്‍ ഇസഡിന്‍റെയും കൂട്ടമാണ് ഈ വര്‍ദ്ധിച്ചുവരുന്ന പ്രവണതയുടെ പ്രധാന ഘടകം
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പരസ്യ ചെലവിടല്‍ അടുത്ത പത്തുവര്‍ഷ കാലയളവില്‍ 10 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റെഡ്സീറിന്‍റെ റിപ്പോര്‍ട്ട്. മൊത്തം പരസ്യ വിപണിയുടെ 70-85 ശതമാനത്തിലേക്ക് ഡിജിറ്റല്‍ പരസ്യ വിപണി വളരും. നിലവിലത് 33 ശതമാനം മാത്രമാണ്. 2020ലെ 3 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ ഡിജിറ്റല്‍ പരസ്യ വിപണി 25-35 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തുന്നത്.
ജിഡിപി / ആളോഹരി ജിഡിപി വര്‍ധന, ചെലവഴിക്കുന്ന സമയത്തിന്‍റെയും കാഴ്ചക്കാരുടെ എണ്ണത്തിന്‍റെയും അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ഉപഭോഗത്തില്‍ ഉണ്ടാകുന്ന വളര്‍ച്ച, ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ (ഡി 2 സി) / ചലഞ്ചര്‍ ബ്രാന്‍ഡുകള്‍ എന്നിവയാണ് അടുത്ത ദശകത്തില്‍ ഡിജിറ്റല്‍ പരസ്യ വിപണിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുക. രണ്ടാം നിര നഗരങ്ങളിലെ ഡിജിറ്റല്‍ കടന്നുകയറ്റം വളര്‍ച്ച പ്രാപിക്കുന്നത് പുതിയ വിപണിയും അവസരങ്ങളും ഈ മേഖലയ്ക്ക് സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
‘നവ യുഗ കമ്പനികള്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കായി ഗണ്യമായി ചെലവഴിക്കുന്നുണ്ട്. അതുപോലെ അടുത്ത കാലത്തായി പഴയ കമ്പനികളും ഡിജിറ്റല്‍ മീഡിയയ്ക്കായി കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്,’ റെഡ് സീര്‍ കണ്‍സള്‍ട്ടിംഗിന്‍റെ എന്‍ഗേജ്മെന്‍റ് മാനേജര്‍ അഭിഷേക് ഗുപ്ത അഭിപ്രായപ്പെട്ടത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന മില്ലെനിയലുകളുടെയും ജനറല്‍ ഇസഡിന്‍റെയും കൂട്ടമാണ് ഈ വര്‍ദ്ധിച്ചുവരുന്ന പ്രവണതയുടെ പ്രധാന ഘടകം. വെബ്സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഇടപഴകുന്നതിനാല്‍ ഈ പ്രവണത വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ മറ്റെല്ലാ മാധ്യമങ്ങളെയും വിജയകരമായി പിന്തള്ളുന്ന പോയിന്‍റ് ഇന്ത്യ മറികടന്നതായും ഭൂരിഭാഗം ഉപഭോഗവും മൊബൈല്‍ ഡിവൈസുകളിലാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികള്‍ അവരുടെ പരസ്യങ്ങള്‍ നല്‍കുന്നത് തീരുമാനിക്കുമ്പോള്‍, ഡിജിറ്റല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള ഏറ്റവും പ്രമുഖമായ ഇടമായി ആപ്ലിക്കേഷനുകള്‍ മാറുന്നു എന്നാണ് ഇതിനര്‍ത്ഥം.
ചാറ്റ് മെസഞ്ചര്‍ പ്ലാറ്റ്ഫോമുകള്‍, ഒടിടി, ഇ-കൊമേഴ്സ്, സോഷ്യല്‍ മീഡിയ തുടങ്ങിയ ആപ്ലിക്കേഷന്‍ വിഭാഗങ്ങളിലെ പ്രതിമാസ സജീവ ഉപയോക്താക്കളില്‍ (എംഎയു) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റെഡ്സീര്‍ പറഞ്ഞു. ഉപയോക്താക്കള്‍ ചെലവിടുന്ന സമയം, ഇടപഴകലുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയിലെല്ലാം ഈ വളര്‍ച്ച പ്രതിഫലിക്കുന്നു.
2016 മുതല്‍, ഇന്ത്യയുടെ ഡിജിറ്റല്‍ പരസ്യ ചെലവുകള്‍ ഇരട്ട അക്കത്തില്‍ വളരുകയാണ്. എന്നിരുന്നാലും, ഇന്ത്യയേക്കാള്‍ ഡിജിറ്റല്‍ സ്വീകാര്യത കൂടുതലുള്ള ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. കോവിഡ് -19 മഹാമാരി ഡിജിറ്റല്‍ സേവനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ചത് ഡിജിറ്റല്‍ പരസ്യങ്ങളുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കും.