ക്രൂഡ് ഓയില്‍ സംസ്കരണം 4 മാസത്തെ താഴ്ചയില്‍
1 min readന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍ ഇന്ത്യയിലെ ക്രൂഡ് ഓയില്‍ സംസ്കരണം നാലുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ജനുവരിയില്‍ സംസ്കരണം ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിയതില്‍ നിന്നാണ് ഈ ഇടിവ്. ഫെബ്രുവരിയില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം മുന്‍വര്‍ഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.8 ശതമാനം ഇടിഞ്ഞ് പ്രതിദിനം 4.87 ദശലക്ഷം ബാരലായി (18.62 ദശലക്ഷം ടണ്‍) എന്ന് സര്‍ക്കാരില്‍ നിന്നുള്ള പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍മാസത്തെ അപേക്ഷിച്ച് സംസ്കരണം 5.6 ശതമാനം കുറഞ്ഞു. ഫെബ്രുവരിയില്‍ 29 ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ശതമാനം മാറ്റത്തില്‍ ചെറിയ വ്യത്യാസമുണ്ട്. ഫെബ്രുവരിയില്‍ രാജ്യത്തെ ഇന്ധന ഉപഭോഗം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
എണ്ണവില ഉയരുന്നതിനെത്തുടര്‍ന്ന് മേയ് മാസത്തോടെ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 25 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യയിലെ പൊതുമേഖലാ റിഫൈനര്‍മാര്‍ പദ്ധതിയിടുകയാണ്. താരതമ്യേന ഉയര്‍ന്ന വിലകള്‍ എണ്ണ സംസ്കരണത്തെ മന്ദഗതിയിലാക്കി. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള ഇന്ത്യയുടെ സമീപകാല തീരുമാനം മറ്റിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും പ്രോസസ്സിംഗും വര്‍ദ്ധിപ്പിക്കും.
ലോക്ക്ഡൗണുകള്‍ക്ക് ശേഷം സമ്പദ്വ്യവസ്ഥ വീണ്ടെടുപ്പിന്‍റെ പാതയില്‍ ആയതിനാല്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്‍റെ ക്രൂഡ് ഓയില്‍ ആവശ്യകത ഉയരുമെന്നാണ് കണക്കാക്കുന്നത്.