ബിആര്‍ ഷെട്ടിക്കെതിരായ യാത്രാവിലക്ക് മുംബൈ ഹൈക്കോടതി ശരിവെച്ചു
കഴിഞ്ഞ നവംബറില്‍ യുഎഇയിലേക്ക് പോകാനുള്ള ഷെട്ടിയുടെ പദ്ധതി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു
മുംബൈ: എന്‍എംസി ഹെല്‍ത്ത് സ്ഥാപകനായ ബി ആര്‍ ഷെട്ടിക്കെതിരായ യാത്രാവിലക്ക് മുംബൈ ഹൈക്കേടതി ശരിവെച്ചു. യുഎഇയിലേക്ക് പോകുന്നതില്‍ നിന്നും ഷെട്ടിക്ക് വിലക്കേര്‍പ്പെടുത്തിയ കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്. കണക്കില്‍ പെടാത്ത 6.6 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയും സാമ്പത്തിക തിരിമറികളും സംബന്ധിച്ച വിവാദങ്ങള്‍ക്ക് ശേഷം യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ഷെട്ടിയുടെ എന്‍എംസി ഹെല്‍ത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലോടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഇയിലേക്ക് പോകുന്നതില്‍ നിന്നും തന്നെ വിലക്കിക്കൊണ്ടുള്ള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ തീരുമാനത്തെ വെല്ലുവിളിച്ചായിരുന്നു ഷെട്ടി കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ വ്യക്തമായ വസ്തുതകളുടെയും നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഷെട്ടിയുടെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിധി സൂക്ഷ്മമായി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നതില്‍ സംശയമില്ലെന്നും ഷെട്ടിയുടെ അഭിഭാഷകന്‍ സുള്‍ഫിക്കര്‍ മേമന്‍ പ്രതികരിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെട്ടിക്ക് യുഎഇയിലേക്ക് പോകുന്നതിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. വായ്പകകള്‍ക്ക് ഈടായി നല്‍കിയ ജാമ്യ രേഖയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. എന്നാല്‍ ഇത് വ്യാജമായി കെട്ടിച്ചമച്ച രേഖയാണെന്നാണ് ഷെട്ടിയുടെ ആരോപണം.