Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്‌സിനെടുത്തവര്‍ക്കായി യുഎഇക്കും സെര്‍ബിയക്കുമിടയില്‍ ക്വാറന്റീന്‍ രഹിത യാത്രാ ഇടനാഴി വരുന്നു

1 min read

നേരത്തെ ബഹ്‌റൈനുമായും സീഷെല്‍സുമായും യുഎഇ ക്വാറന്റീന്‍ രഹിത യാത്ര ഇടനാഴിക്കായി കരാറില്‍ ഒപ്പുവെച്ചിരുന്നു

ദുബായ്: കോവിഡ്-19നെതിരെ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് വേണ്ടിയുള്ള ക്വാറന്റീന്‍ രഹിത യാത്രാ ഇടനാഴി സ്ഥാപിക്കുന്നതിനായി യുഎഇയും സെര്‍ബിയയും കരാറില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്കാണ് ഈ യാത്രാ ഇടനാഴിയുടെ നേട്ടം ലഭിക്കുക. ഇവര്‍ക്ക് വിമാനയാത്രയ്ക്ക് ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമായിരിക്കില്ലെന്ന് യുഎഇയിലെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

ക്വാറന്റീന്‍ രഹിത യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന പൗരന്മാരും പ്രവാസികളും യാത്രയ്ക്ക് മുമ്പായി കോവിഡ്-19ന്റെ അവസാന ഡോസും എടുത്തുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അംഗീകൃത മൊബീല്‍ ആപ്ലിക്കേഷനുകളും ഇതിനായി ഉപയോഗിക്കാം. സമാനമായി കോവിഡില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനും യാത്രക്കാര്‍ക്ക് ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. അതേസമയം എല്ലാ യാത്രികരുടെയും സുരക്ഷ കണക്കിലെടുത്ത് യാത്രക്കാര്‍ മറ്റ് മുന്‍കരുതല്‍ നടപടികള്‍ കൃത്യമായി പാലിക്കണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.

കോവിഡ്-19ന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറുന്നതിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനുള്ള സംയുക്ത യുഎഇ-സെര്‍ബിയന്‍ സഹകരണ കരാറിന്റെ ഭാഗമാണ് ക്വാറന്റീന്‍ രഹിത യാത്രാ ഇടനാഴി. ജനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും യോഗ്യതയുള്ള എല്ലാവര്‍ക്കും നവാക്‌സിന്‍ ലഭ്യമാക്കുന്നതിനായുള്ള വാക്‌സിനേഷന്‍ യജ്ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢചിത്തതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ബഹ്‌റൈനുമായും സീഷെല്‍സുമായും യുഎഇ ക്വാറന്റീന്‍ രഹിത യാത്രാ ഇടനാഴിക്കായുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ പദ്ധതിയുടെ നേട്ടം ലഭിക്കുന്നതിനായി ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ കോവിഡ്-19 വാക്‌സിന്റെ അവസാന ഡോസും സ്വീകരിച്ചുവെന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കണം. കോവിഡ്-19നുണ്ടാക്കിയ ആഘാതങ്ങളില്‍ നിന്നും യാത്ര, ടൂറിസം മേഖലകളെ കര കയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ വാക്‌സിനെടുത്തവര്‍ക്കായുള്ള സുരക്ഷിയ യാത്ര ഇടനാഴികള്‍ക്ക് രൂപം നല്‍കുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യമാണ് സീഷെല്‍സ്. യുഎഇയും വാക്‌സിനേഷന്‍ നിരക്കില്‍ ലോകത്ത് മുന്‍പന്തിയിലാണ്.

Maintained By : Studio3