November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വികസനക്കുതിപ്പില്‍ ഐസിസിഎസ്എല്‍

1 min read

ദക്ഷിണേന്ത്യയിലെ ധനകാര്യസേവനരംഗത്ത് ഇതിനോടകം ജനകീയ ബ്രാന്‍ഡ് പൊസിഷനിംഗിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് രണ്ടര പതിറ്റാണ്ടിലധികം പാരമ്പര്യം അവകാശപ്പെടാനാകുന്ന ഇന്ത്യന്‍ കോഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് (ഐസിസിഎസ് എല്‍). മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി രംഗത്ത് അനിഷേധ്യസ്ഥാനം വഹിക്കുന്ന ഐസിസിഎസ്എല്‍, എന്‍ബിഎഎഫ്സി, സ്മോള്‍ ഫിനാന്‍സ് ബാങ്കിംഗ് തുടങ്ങിയ മേഖലകളിലേക്കും കടന്ന് ദേശീയതലത്തില്‍ വമ്പന്‍ വികസനപദ്ധതികള്‍ക്കൊരുങ്ങുകയാണ്. ഇന്ന് 4,800 കോടി രൂപ നിക്ഷേപവും അതില്‍ 60 ശതമാനത്തിലധികം തുക ലോണുകളായി ഷെയര്‍ ഹോള്‍ഡേഴ്സിന് വിതരണം നടത്തുകയും, 800 കോടി രൂപയുടെ സ്വത്തുവകകള്‍ ആര്‍ജിക്കുകയും ചെയ്ത് വന്‍കിട സംരംഭമായി മാറി ഐസിസിഎസ്എല്‍. അതാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ അസറ്റ്. എന്നാല്‍ ഈ മുന്നേറ്റം ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. സുതാര്യതയും വിശ്വാസ്യതയും കൈമുതലാക്കി പ്രതിസന്ധിക്കയത്തില്‍ നിന്നും 10 വര്‍ഷത്തിനുള്ളില്‍ ഐസിസിഎസ് എല്ലിനെ ഉയരങ്ങളിലെത്തിച്ചത് ചെയര്‍മാന്‍ സോജന്‍ വി അവറാച്ചന്റെ നേത്യത്വത്തില്‍ ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ കഠിന പ്രയത്നമാണ്. 10 ലക്ഷം ഓഹരിയുടമകളുള്ള സ്ഥാപനം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം ഓഹരിയുടമകളെന്ന ലക്ഷ്യത്തിലാണ് മുന്നോട്ടുപോകുന്നത്. ഒപ്പം സൊസൈറ്റിക്ക് സ്വന്തമായി എടിഎമ്മും പുതിയ കോര്‍പ്പറേറ്റ് ഓഫീസുമെല്ലാം വരുന്നത് വികസനത്തിന് തിളക്കം കൂട്ടുന്നു. മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മറുവാക്കായി ഐസിസിഎസ് എല്‍ മാറിയതെങ്ങനെ…ആ കഥയിലേക്ക്

ധനകാര്യസേവനമേഖലയ്ക്കൊരു പ്രത്യേകതയുണ്ട്. നെല്ലും പതിരും തിരിച്ചറിയാന്‍ നിക്ഷേപകര്‍ക്ക് സാധിക്കണം, അല്ലെങ്കില്‍ വെട്ടിലാകുന്നത് നിക്ഷേപകര്‍ തന്നെയായിരിക്കും, ഒപ്പം ആ മേഖലയിലൊന്നാകെ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയും ചെയ്യും. യുക്തിയില്ലാത്ത പലിശയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് പൊട്ടിമുളയ്ക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്നത് പലരുടെയും കാശ് നഷ്ടമാകുമ്പോള്‍ മാത്രമാണ് നമ്മളറിയുന്നത്. ഈ മേഖലയില്‍ രണ്ടരപതിറ്റാണ്ടിലധികം കാലം വിശ്വാസ്യതയുടെ മുഖമുദ്രയായി നിലനില്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. അതാണ് ഐസിസിഎസ്എല്‍ അഥവാ ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന സംരംഭത്തെ തലയെടുപ്പോടെ നില്‍ക്കാന്‍ പ്രാപ്തമാക്കുന്നത്.സാമ്പത്തിക ഉള്‍ച്ചേര്‍ക്കലെന്ന വലിയ പ്രക്രിയയില്‍ കാര്യമായ പങ്കുവഹിക്കുന്ന സംരംഭങ്ങളാണ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍. ഗ്രാമീണജനതയെ സാമ്പത്തികമായി ശാക്തീകരിക്കാനും നിക്ഷേപശീലം പ്രോല്‍സാഹിപ്പിക്കാനും പെട്ടെന്ന് വായ്പ ലഭ്യമാക്കുന്നതിലുമെല്ലാം ഇവര്‍ വലിയ പങ്കുവഹിക്കുന്നു. ഈ മേഖലയില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ സൊസൈറ്റിയാണ് ഐസിസിഎസ്എല്‍.

എളിയ തുടക്കം

ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐസിസിഎസ്എല്ലിന്റെ തുടക്കം ചെറിയ രീതിയിലായിരുന്നു, 1998ല്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ വമ്പന്‍ വളര്‍ച്ചയിലേക്കൊന്നും തുടക്കകാലത്ത് ഐസിസിഎസ്എല്ലിന് എത്താന്‍ സാധിച്ചിരുന്നില്ല. 2014ലായിരുന്നു ഐസിസിഎസ് എല്‍ ചരിത്രത്തിലെ വഴിത്തിരിവ്. സോജന്‍ വി അവറാച്ചനെന്ന തൊടുപുഴ സ്വദേശി ഐസിസിഎസ്എല്ലിന്റെ ഭാഗമാകുന്നത് ആ വര്‍ഷമാണ്. അത് ഒരു സംരംഭക വീരഗാഥയുടെ ആരംഭം കൂടിയായിരുന്നു. കേവലം 10 വര്‍ഷത്തിനുള്ളില്‍ 100ലധികം ബ്രാഞ്ചുകളിലേക്കും 4,800 കോടി രൂപയുടെ നിക്ഷേപത്തിലേക്കും സോജന്‍ സ്ഥാപനത്തെ എത്തിച്ചു. ഇതില്‍ 60 ശതമാനത്തിലധികം തുക ലോണ്‍ ആയി തിരിച്ചുനല്‍കി. 800 കോടി സ്വത്തുവകകള്‍ ആര്‍ജിക്കാനും സ്ഥാപനത്തിനായി. 2016ലാണ് അദ്ദേഹം ചെയര്‍മാനാകുന്നത്.ഇന്നത്തെ തലത്തിലേക്ക് എത്തുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട് ഐസിസിഎസ് എല്‍. തുടക്കകാലത്ത് കേരളത്തില്‍ പൊതുവേ അനുകൂലമായ സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്. 2015ല്‍ കണ്ണൂരില്‍ ബ്രാഞ്ച് തുടങ്ങിയപ്പോള്‍ വലിയ പ്രതിസന്ധി നേരിട്ടു. ഹൈക്കോടതിയുടെ ഉത്തരവോടെയാണ് പിന്നീട് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്, ചെയര്‍മാന്‍ പറയുന്നു.ഒരു കൂട്ടം അംഗങ്ങളാല്‍ രൂപീകൃതമായ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സൊസൈറ്റി ആയാണ് തുടങ്ങിയത്. അവര്‍ക്കായുള്ള സേവനങ്ങളാണ് നല്‍കുന്നത്. 10 ലക്ഷത്തിലധികം ഓഹരി ഉടമകള്‍ ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് ഇന്നുണ്ട്. എല്ലാ തലങ്ങളിലും മികച്ച ബാങ്കിംഗ് സേവനം അവര്‍ക്ക് നല്‍കുക എന്നതാണ് അടിസ്ഥാനപരമായി ഞങ്ങള്‍ ചെയ്യുന്നത്-അദ്ദേഹം പറയുന്നു.

പ്രതിസന്ധിയിലും നിക്ഷേപകര്‍ക്കൊപ്പം

ധനകാര്യസേവനമേഖലയെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസന്ധിയുടെ കാലമായിരുന്നു 2016ലെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായത്. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും ഉള്‍പ്പടെയുള്ളവര്‍ക്ക് നിക്ഷേപകരുടെ ആവശ്യത്തിന് അനുസരിച്ച് പണം തിരിച്ചുനല്‍കാന്‍ സാധിച്ചില്ല. സ്വന്തം ഡിപ്പോസിറ്റ് പിന്‍വലിക്കാന്‍ ചെല്ലുമ്പോള്‍ സമയം ചോദിക്കുകയായിരുന്നു പല ധനകാര്യ സ്ഥാപനങ്ങളും എന്നാല്‍ ഐസിസിഎസ് എല്ലിനെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമുണ്ടായിരുന്നില്ലെന്ന് ഓര്‍ത്തെടുക്കുന്നു ചെയര്‍മാന്‍ . ‘നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയവര്‍ക്കെല്ലാം സ്പോട്ടില്‍ പണം തിരിച്ച് നല്‍കാന്‍ സൊസൈറ്റിക്ക് സാധിച്ചു. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള കാലവവും പൊതുവേ എല്ലാവര്‍ക്കും പ്രതിസന്ധി നിറഞ്ഞതായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം വരുകായണ് ചെയ്തത്,” ചെയര്‍മാന്‍ വിശദമാക്കുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

സാമൂഹ്യ പ്രസക്തി ഏറെ

ഇന്ന് സമൂഹത്തില്‍ കൂണുപോലെ മുളച്ചുവരുന്നുണ്ട് മള്‍ട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍. 2014ല്‍ തങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഈ മേഖലയിലെ സ്ഥാപനങ്ങളെക്കുറിച്ച് കാര്യമായ ഒരറിവും ജനങ്ങള്‍ക്കുണ്ടായിരുന്നില്ല. ഇങ്ങനെ അറിയപ്പെടുന്ന ഒരേ ഒരു സൊസൈറ്റിയേ ഉണ്ടായിരുന്നുള്ളൂ. 2016 ആയപ്പോഴേക്കും മേഖലയുടെ മുഖം തന്നെ മാറി. മറ്റ് നിരവധി സൊസൈറ്റികളുടെ പിറവിക്കും ഇത് കാരണമായി. എന്നാല്‍ നമ്മള്‍ എത്രമാത്രം സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ അതനുസരിച്ച് മാത്രമായിരിക്കും ഈ മേഖലയിലെ വളര്‍ച്ചയും വിജയവും. അതുപോലെ തന്നെയാണ് ഈ മേഖലയില്‍ ഐസിസിഎസ് എല്ലിന്റെ കാര്യവും,” ആത്മവിശ്വാസം നിറഞ്ഞ ചെയര്‍മാന്‍ സോജന്റെ വാക്കുകള്‍.

സുതാര്യമായ ഇടപാടുകള്‍, സുതാര്യവും വിശ്വാസ്യതയാര്‍ന്നതുമായ സേവനം, മികച്ച പലിശ നിരക്ക്…ഇങ്ങനെ നിരവധി ഘടകങ്ങളാണ് ഈ സംരംഭത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ‘പ്രതിസന്ധി സാഹചര്യങ്ങളുണ്ടായിട്ടുപോലും ഉപഭോക്താക്കള്‍ കൂടെ നിന്നു എന്നതാണ് ഐസിസിഎസ് എല്ലിനെ വേറിട്ട് നിര്‍ത്തുന്നത്. ഞങ്ങള്‍ക്ക് വിശ്വാസ്യത കൂടി വരികയാണ്. ഞങ്ങളെ സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ല. കള്ളപ്പണമോ ബെനാമി പണമോ ഒന്നും സ്വീകരിക്കുന്ന രീതി ഇവിടെയില്ല. ഒരു രാഷ്ട്രീയകക്ഷിയോടും പ്രത്യേകിച്ച് മമതയില്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അതാണ് വിജയത്തിന് കാരണവും,’ അദ്ദേഹം നയം വ്യക്തമാക്കുന്നു.

വരുന്നത് വമ്പന്‍ വികസന പദ്ധതികള്‍

നേരത്തെ പരാമര്‍ശിച്ച പോലെ 10 ലക്ഷം ഷെയര്‍ഹോള്‍ഡേഴ്സായി ഇപ്പോള്‍ ഐസിസിഎസ്എല്ലിന്. സൊസൈറ്റിയെ തലമുറ തലമുറകള്‍ നിലനില്‍ക്കുന്ന പ്രസ്ഥാനം എന്ന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് ചെയര്‍മാന്റെ അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ഥാപനത്തില്‍ ന്യൂജനറേഷന്‍ ബാങ്കിംഗ് സിസ്റ്റം നടപ്പിലാക്കുകയാണ്. എടിഎം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പ്രാവര്‍ത്തികമാകുകയാണെന്ന് അദ്ദേഹം പറയുന്നു. പാലക്കാട് ബ്രാഞ്ചില്‍ ആദ്യ എടിഎം കേന്ദ്രത്തിന്റെ ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞു. ഏത് ബാങ്കിന്റെ എക്കൗണ്ടില്‍ നിന്നു വേണമെങ്കിലും ഐസിസിഎസ് എല്‍ എടിഎമ്മിലൂടെ പണം പിന്‍വലിക്കാം. ഏത് ബാങ്കിലേക്കും പണം ഡിപ്പോസിറ്റ് ചെയ്യുകയുമാകാം. അതോടൊപ്പം തന്നെ സൊസൈറ്റിയുടെ അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് നല്‍കാനാണ് പദ്ധതി. സൊസൈറ്റിയിലെ ഷെയര്‍ഹോള്‍ഡേഴ്സിന് സ്ഥാപനത്തിലുള്ള എസ്ബി എക്കൗണ്ടില്‍ നിന്ന് എടിഎമ്മിലൂടെ പണം പിന്‍വലിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മില്‍ കയറിയും സൊസൈറ്റി സേവിങ്സ് എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാമെന്ന സൗകര്യവുമുണ്ട്.

വികസന പദ്ധതികളുടെ ഭാഗമായി രാജ്യത്തെ രണ്ട് എന്‍ബിഎഫ്സികളെ ഐസിസിഎസ് എല്‍ ഏറ്റെടുത്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പറയുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മംഗളം ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ലിമിറ്റഡും, ഐ സെക്യുര്‍ ക്രെഡിറ്റ് ആന്‍ഡ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡും ആണ് അവ. ഇതില്‍ ഒരു കമ്പനിയെ സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറ്റാനാണ് ഉദ്ദേശ്യം. ഒരു കമ്പനി എന്‍ബിഎഫ്സിയായി നിലനില്‍ക്കും.

എന്‍ബിഎഫ്സി രംഗത്ത് സജീവമാകും

ഐസിസിഎസ് എല്ലില്‍ നിന്ന് നിലവില്‍ ഷെയര്‍ഹോള്‍ഡേഴ്സിന് മാത്രമേ വായ്പ കൊടുക്കാന്‍ സാധിക്കൂ. എന്നാല്‍ എന്‍ബിഎഫ്സിയുടെ പ്രവര്‍ത്തനം സജീവമായാല്‍ സാധാരണക്കാര്‍ക്കും വായ്പ നല്‍കാന്‍ സാധിക്കുമെന്ന് ചെയര്‍മാന്‍ പറയുന്നു. ഗോള്‍ഡ് ലോണ്‍ ഉള്‍പ്പടെയുള്ള വായ്പകളും എന്‍ബിഎഫ്സി ബ്രാഞ്ചുകള്‍ വഴി നല്‍കും. ഇന്ത്യയിലുടനീളം എന്‍ബിഎഫ്സിയുടെ ശാഖകള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഐ സെക്യൂര്‍ ക്രെഡിറ്റ് ആന്‍ഡ് ക്യാപ്പിറ്റല്‍ സര്‍വ്വീസസ് ലിമിറ്റഡാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കായി മാറുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

വരുന്നൂ കൂടതല്‍ ശാഖകള്‍

നിലവില്‍ മൊത്തം 100ലധികം ബ്രാഞ്ചുകളാണ് ഐസിസിഎസ്എല്ലിനുള്ളത്. കേരളത്തില്‍ മാത്രം 32 ബ്രാഞ്ചുകളുണ്ട്. 50 ബ്രാഞ്ചുകള്‍ കൂടി ഈ വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള തയാറെടുപ്പിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി, സില്‍വാസ തുടങ്ങിയടങ്ങളിലാണ് ഐസിസിഎസ്എല്ലിന് ശാഖകളുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് സൊസൈറ്റി. ഐസിസി എസ്എല്‍ സൊസൈറ്റിയായി തന്നെ നിലനില്‍ക്കുകയും എന്‍ബിഎഎഫ്സി, സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യാനാണ് പദ്ധതി.

സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തനമേഖല ഉള്‍പ്രദേശങ്ങളാണ്. ഗ്രാമങ്ങളില്‍ തന്നെയാണ് കൂടുതല്‍ ഓഹരിയുടമകളെന്ന് സോജന്‍ പറയുന്നു. ഷെയര്‍ഹോള്‍ഡേഴ്സില്‍ 90 ശതമാനവും ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്. അവര്‍ക്ക് ഡിപ്പോസിറ്റ് ചെയ്യണമെങ്കില്‍ അതാകാം, വായ്പ വേണമെങ്കിലും സൊസൈറ്റിയെ ആശ്രയിക്കാം. 4800 കോടിയില്‍ പരം രൂപ 2014 മുതല്‍ 24 വരെ സമഹാരിക്കാനായ സൊസൈറ്റി, ഇതില്‍ 1000 കോടി രൂപയോളം മെച്യൂരിറ്റി ആയതിനെത്തുടര്‍ന്ന് തിരിച്ചുനല്‍കിയിട്ടുമുണ്ട്. വലിയ തലത്തില്‍ ഓഹരിയുടമകളുടെ ജീവിതം മാറ്റിമറിക്കാന്‍ ഐസിസിഎസ്എല്ലിനായി. ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഏകദേശം 30,000ത്തോളം ഏജന്റുമാര്‍ കേരളത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു അദ്ദേഹം. അവരുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമുണ്ടായി. അവര്‍ ജീവിതത്തിലും കരിയറിലും ഉയര്‍ച്ച കണ്ടത് ഈ സൊസൈറ്റിയിലൂടെയാണ്. മികച്ച കമ്മീഷനും ഫീല്‍ഡ് ഏജന്റുമാര്‍ക്ക് നല്‍കുന്നുണ്ട് സൊസൈറ്റി. ഉപഭോക്താക്കള്‍ സൊസൈറ്റിയുടെ കൂടെ ദീര്‍ഘകാലം നില്‍ക്കുന്നത് തന്നെ വിശ്വാസ്യത കൂടുന്നതിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. ആത്മഹത്യയുടെ വക്കില്‍ നിന്നും നിരവധി കുടുംബങ്ങള്‍ ഈ സൊസൈറ്റിയിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. വായ്പയെടുത്ത് ജീവിതം കരുപ്പിടിപ്പിച്ചവരും നിരവധിയുണ്ട്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

വൈവിധ്യസേവനങ്ങള്‍

റീട്ടെയ്ല്‍ രംഗത്തേക്കും ചുവടുവെക്കാന്‍ ഐസിസിഎസ്എല്ലിന് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഓരോ ബ്രാഞ്ചിനോടും അനുബന്ധിച്ച് സൂപ്പര്‍ ഷോപ്പി തുടങ്ങും. നിത്യോപയോഗ സാധനങ്ങള്‍ വലിയ ഡിസ്‌ക്കൗണ്ടില്‍ ഇവിടെ നിന്ന് വാങ്ങാം. പൊതുജനങ്ങള്‍ക്കും ഇതുപയോഗപ്പെടുത്താം. മാര്‍ക്കറ്റ് വിലയേക്കാളും ചെറിയ പ്രൈസിലായിരിക്കും ഇവിടെ ഐസിസിഎസ് എല്‍ ഓഹരിയുടമകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക.

ലക്ഷ്യം 10,000 കോടി

അഞ്ച് വര്‍ഷത്തിനുള്ളില്‍ മൊത്തം ഡിപ്പോസിറ്റ് 10,000 കോടി രൂപയിലേക്ക് സ്വാഭാവികമായും എത്തുമെന്നാണ് ചെയര്‍മാനെന്ന നിലയില്‍ സോജന്‍ വി അവറാച്ചന്‍ കരുതുന്നത്. വിശ്വാസ്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. കാലാകാലങ്ങളില്‍ വരുന്ന നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമായി നിലനിന്നുകൊണ്ടാകും ഐസിസിഎസ്എല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുകയെ്ന് സോജന്‍ വ്യക്തമാക്കുന്നു. വിശ്വാസ്യത കളയാതെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഏത് പ്രതിസന്ധിയിലും ജീവനക്കാര്‍ മുഴുവനും സൊസൈറ്റിയുടെ കൂടെ നിലനില്‍ക്കുന്നതിന് കാരണം പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും വിശ്വാസ്യതയും തന്നെയാണ്.’ 10 ലക്ഷം ഷെയര്‍ഹോള്‍ഡേഴ്സ് എന്നത് 40 ലക്ഷത്തിലേക്ക് എത്തിക്കാന്‍ 5 വര്‍ഷത്തിനുള്ളില്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൊല്ലത്തൊഴിച്ച് എല്ലാ ജില്ലകളിലും കേരളത്തില്‍ ഐസിസിഎസ്എല്ലിന് സാന്നിധ്യമുണ്ട്. മലബാര്‍, തിരുവല്ല, തൃശൂര്‍ മേഖലകളില്‍ നിന്നാണ് കൂടുതല്‍ ബിസിനസും വരുന്നത്. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കോര്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ് സൊസൈറ്റിയില്‍. പരമാവധി ടെക്‌നോളജിയെ സമന്വയിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫ് എന്ന നിലയില്‍ മാത്രം 2,000ത്തിലധികം ജീവനക്കാരുള്ള ഐസിസിഎസ്എല്ലിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം തൃശൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കൊല്ലത്തൊഴിച്ച് എല്ലാ ജില്ലകളിലും കേരളത്തില്‍ ഐസിസിഎസ്എല്ലിന് സാന്നിധ്യമുണ്ട്. മലബാര്‍, തിരുവല്ല, തൃശൂര്‍ മേഖലകളില്‍ നിന്നാണ് കൂടുതല്‍ ബിസിനസും വരുന്നത്. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കോര്‍ ബാങ്കിംഗ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ് സൊസൈറ്റിയില്‍. പരമാവധി ടെക്നോളജിയെ സമന്വയിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് എന്ന നിലയില്‍ മാത്രം 2,000ത്തിലധികം ജീവനക്കാരുള്ള ഐസിസിഎസ്എല്ലിന്റെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം തൃശൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ഭൂമിയില്‍ എട്ട് നിലകളിലായാണ് കോര്‍പ്പറേറ്റ് ഓഫീസ് വരുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സിഎസ്ആര്‍ പദ്ധതികളും സജീവമായി നടപ്പാക്കുന്നുണ്ട് സൊസൈറ്റി. 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീല്‍ ചെയര്‍ വിതരണം, വിദ്യാഭ്യാസരംഗത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ, ബ്ലഡ് ഡൊണേഷന്‍ ക്യാംപ,് ശുചീകരണ പദ്ധതികള്‍, വിദ്യാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ സൊസൈറ്റി ചെയ്തിരുന്നു.

വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍

സമൂഹത്തില്‍ ഇത്തരം സൊസൈറ്റികള്‍ക്കെതിരെ പല തരത്തില്‍ കുപ്രചരണങ്ങളുണ്ടെന്ന് സോജന്‍ ചൂണ്ടിക്കാട്ടുന്നു. പലരും പറയുന്നത് ഇത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളാണെന്നെല്ലാമാണ്. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. സെന്‍ട്രല്‍ റെജിസ്ട്രാര്‍ ഓഫ് കോഓപ്പറേറ്റിവ് സൊസൈറ്റീസ് നിയന്ത്രിക്കുന്ന ഓട്ടോണമസ് സ്ഥാപനങ്ങളാണ് ഇവ. സെബി, ആര്‍ബിഐ പോലുള്ള റെഗുലേറ്റര്‍ തന്നെയാണ് സെന്‍ട്രല്‍ റെജിസ്ട്രര്‍ ഓഫ് കോഓഓപ്പറേറ്റീവ് സൊസൈറ്റിയും. സൊസൈറ്റിയിലെ ഷെയര്‍ഹോള്‍ഡേഴ്സിനാണ് സ്ഥാപനങ്ങളുടെ ചുമതല. ഈ മേഖല നേരിടുന്ന പ്രധാന പ്രശ്നം വിശ്വാസ്യതയുമായി ബന്ധപ്പെട്ടാണ്. വ്യാജനേത് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമേത് എന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് വേണം. ഏതെങ്കിലും ഒരു സൊസൈറ്റിക്ക് പ്രശ്നം വന്നാല്‍ അത് എല്ലാത്തിനെയും ബാധിക്കുന്ന സ്ഥിതിയാണ്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

സ്വതന്ത്രഭാരതത്തില്‍ ആദ്യമായി ഒരു സഹകരണവകുപ്പ് കേന്ദ്രതലത്തില്‍ തുടങ്ങിയത് നരേന്ദ്ര മോദി സര്‍ക്കാരാണ്. അമിത് ഷാ ആയിരുന്നു ആദ്യത്തെ സഹകരണവകുപ്പ് മന്ത്രി. മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റിവ് സൊസൈറ്റികളെ നവീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തു. ആദ്യമായി ഓംബുഡ്സ്മാന്‍, ഇലക്ഷന്‍ കമ്മീഷന്‍ തുടങ്ങി നിരവധി പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മേഖല കുറേക്കൂടെ എക്കൗണ്ടബിളും വിശ്വാസ്യതയുള്ളതുമായി മാറാന്‍ ഇത് ഇടവരുത്തും. കേരളത്തില്‍ മാത്രമം അമ്പതിലധികം മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ഡിപ്പോസിറ്റ് കണക്കിന്റെ അടിസ്ഥാനത്തില്‍ 8000 കോടി രൂപയുടെ വലുപ്പമുള്ളതാണ് കേരളത്തിലെ മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വിപണി.

സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

ഈ രംഗത്ത് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നുവെന്നാണ് സോജന്റെ അഭിപ്രായം. അപ്പോഴേ മികച്ച കമ്പനികള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം കേരളത്തിലെ സഹകരണ സൊസൈറ്റികളുമായി തങ്ങളെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇവിടുത്തെ സൊസൈറ്റികള്‍. മാത്രമല്ല ഇവയുടെ ഭരണം രാഷ്ട്രീയ നേതൃത്വമാണ് കൈയാളുന്നത്. എന്നാല്‍ ഞങ്ങളുടേത് അങ്ങനെയല്ല. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തിയാണ് മുന്നോട്ടുപോകുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നേരിടുന്നില്ല. കേരളത്തിലെ കോഓപ്പറേറ്റീസ് സൊസൈറ്റികള്‍ വലിയ പ്രതിസന്ധിയെ നേരിടുന്നുണ്ട്. മെച്യൂരിറ്റി ആയാല്‍ പോലും പണം തിരിച്ചുകൊടുക്കാന്‍ പറ്റുന്ന അവസ്ഥ പലര്‍ക്കുമില്ല. എന്നാല്‍ കാലാവധി പൂര്‍ത്തിയായ ശേഷം തുകയില്‍ ഒരു രൂപ പോലും കുറയാതെ ഞങ്ങള്‍ക്ക് തിരിച്ചുകൊടുക്കാന്‍ പറ്റുന്നുണ്ട്. സ്ഥാപനത്തിലെ സാലറിയോ നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയോ ഒന്നും ഒറ്റ ദിവസം പോലും വൈകിയിട്ടില്ല. അത്രമാത്രം റിസര്‍വ് ഫണ്ടും ബാക്കപ്പും ഞങ്ങള്‍ക്കുണ്ട്. ഒരു മാസം ശരാശരി 100-115 കോടി രൂപയുടെ ഡിപ്പോസിറ്റ് വരുന്നുണ്ട്. കേരളത്തിലെ ആറ് ശാഖകളില്‍ പ്രതിമാസം 100 കോടി രൂപയുടെ നിക്ഷേപം പോയ വര്‍ഷം വന്നിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ഈ മേഖലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐസിസിഎസ്എല്ലാണ്.

എന്‍ജിനീയര്‍മാരെയും വാര്‍ത്തെടുക്കുന്നു

വിദ്യാഭ്യാസ മേഖലയിലും സജീവമാണ് ഐസിസിഎസ്എല്‍. മികച്ച എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തില്‍ സൊസൈറ്റിയുടെ കീഴില്‍ ഒരു എന്‍ജിനീയറിംഗ് കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. 100 കോടി രൂപയോളം അസറ്റ് വാല്യുവേഷനുണ്ട് ഐസിസിഎസ്എല്‍ എന്‍ജിനീയറിംഗ് കോളേജിന്. പോളിടെക്നിക്കും എന്‍ജിനീയറിംഗ് കോളേജിനോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്നു. തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ 1000ത്തോളം വിദ്യാര്‍ത്ഥികളും 140ഓളം ജീവനക്കാരുമുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ കോളേജിനെ ഡീംഡ് യൂണിവേഴ്സിറ്റിയാക്കി മാറ്റാനുള്ള പദ്ധതിയിലാണ് ഐസിസിഎസ്എല്‍. ചെയര്‍മാനെന്ന നിലയില്‍ സോജന്‍ വി അവറാച്ചന്റെ വികസന പദ്ധതികളുടെ ഭാഗമായാണ് 2018ല്‍ ഒരു എന്‍ജിനീയറിംഗ് കോളെജിനെ ഏറ്റെടുത്ത് റീബ്രാന്‍ഡ് ചെയ്തത്.

കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ വരണം

കേരളത്തെക്കുറിച്ച് പൊതുവേ തെറ്റിദ്ധാരണജനകമായ കാര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കുണ്ട്. ബിസിനസ് മീറ്റിങ്ങുകള്‍ക്ക് പുറത്തുപോകുമ്പോള്‍ ആളുകള്‍ ചോദിക്കുന്നത്, എങ്ങനെയാണ് കേരളത്തില്‍ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നത് എന്നാണ്. ഹോളിഡേ ചിലവഴിക്കാന്‍ മാത്രമുള്ള സ്ഥലമാണ് കേരളമെന്നാണ് ഇപ്പോഴും പലര്‍ക്കുമുള്ള ധാരണ. എന്നാല്‍ അതല്ല, കേരളത്തില്‍ വലിയ സാധ്യതകളുണ്ട്, അത് ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാന്‍ സാധിക്കണം. എതിര്‍പ്പുകള്‍ ഉണ്ടായേക്കാം, എന്നാല്‍ അത് മറികടന്ന് മുന്നോട്ടുപോയി വിജയം വരിക്കണം. പരമാവധി പേര്‍ക്ക് ഇവിടെ ജോലി കൊടുക്കണം അതിന് കൂടുതല്‍ കൂടുതല്‍ സംരംഭങ്ങള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങണം. അപ്പോഴേ അനുബന്ധമായി മറ്റ് മേഖലകളും വികസിക്കൂ. അങ്ങനെ വരുമ്പോള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂടുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്യും. മികച്ച റോഡുള്‍പ്പടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാനും സാധിക്കണം. കേരളത്തില്‍ ഞാന്‍ കണ്ട മറ്റൊരു പ്രശ്നം ചിലരുടെ നിക്ഷേപശീലങ്ങളാണ്. ഒരു ഫൈനാന്‍സ് സ്ഥാപനം വന്ന് കൂടുതല്‍ പലിശനിരക്ക് തരാമെന്ന് പറഞ്ഞാല്‍ അവിടെപോയി പൈസ ഇടുന്ന പ്രവണത മലയാളികള്‍ക്കുണ്ട്. ആ രീതി മാറേണ്ടതുണ്ട്. പെട്ടെന്ന് പണക്കാരനാകണമെന്ന ആഗ്രഹമാണ് അതിന് കാരണം. ഒരു വര്‍ഷം കൊണ്ട് പണം ഇരട്ടിക്കുമെന്ന് പറഞ്ഞാല്‍ അവിടെപ്പോയി നിക്ഷേപിക്കും എന്നാല്‍ അതില്‍ യുക്തിയുണ്ടോയെന്ന് ചിന്തിക്കുന്നില്ല. ഇത് മാറണമെങ്കില്‍ മികച്ച സാമ്പത്തിക അവബോധം ജനങ്ങളിലുണ്ടാക്കണം. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുക, കള്ളനാണയങ്ങളെ ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ നടത്തുക..ഇതെല്ലാമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

Maintained By : Studio3