ഫേസ്ബുക്ക് പോസ്റ്റുകള്‍ ബാക്ക്അപ്പ് ചെയ്യാം
‘ട്രാന്‍സ്ഫര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍’ എന്ന നേറ്റീവ് ടൂള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചു
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ‘ട്രാന്‍സ്ഫര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍’ എന്ന പുതിയ നേറ്റീവ് ടൂള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചു. ഇനി മുതല്‍ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഗൂഗിള്‍ ഡോക്‌സിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയും. മാത്രമല്ല, ബ്ലോഗര്‍ അല്ലെങ്കില്‍ വേഡ്പ്രസ്.കോമിലെ നിങ്ങളുടെ ബ്ലോഗിന്റെ ഭാഗമാക്കുകയും ആവാം.
ഫേസ്ബുക്ക് ഇപ്പോള്‍ തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ, തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് എളുപ്പമാക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമാത്രമല്ല, ഈ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ നോട്ടുകള്‍ ബാക്ക്അപ്പ് ചെയ്യുന്നതിനും പുതിയ ടൂള്‍ ഉപയോഗിക്കാന്‍ കഴിയും.
യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്ക് തങ്ങളുടെ മുമ്പത്തെ ഡാറ്റ പോര്‍ട്ടബിലിറ്റി ടൂളിനെ ‘ട്രാന്‍സ്ഫര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍’ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. മാത്രമല്ല, പരിഷ്‌കരിക്കുകയും ചെയ്തു. നേരത്തെ ഫേസ്ബുക്കിലെ നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഡ്രോപ്പ്‌ബോക്‌സ്, ഗൂഗിള്‍ ഫോട്ടോസ് എന്നീ പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് കഴിഞ്ഞിരുന്നത്.
ഫേസ്ബുക്കിലെ ഉള്ളടക്കം മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് എളുപ്പത്തില്‍ മാറ്റുന്നതിനാണ് പുതിയ പരിഷ്‌കാരത്തിലൂടെ ഫേസ്ബുക്ക് നിങ്ങളെ സഹായിക്കുന്നത്. അഥവാ ഇനി നിങ്ങള്‍ ഫേസ്ബുക്ക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍, ഡാറ്റ നഷ്ടപ്പെടാതെ സൂക്ഷിക്കാം.