റിഫ്‌ളെക്‌സ് റിഫ്‌ളെക്റ്ററുകള്‍ സംബന്ധിച്ച പ്രശ്‌നം : നിരവധി മോഡലുകള്‍ എച്ച്എംഎസ്‌ഐ തിരിച്ചുവിളിച്ചു
ആക്റ്റിവ 5ജി, ആക്റ്റിവ 6ജി, ആക്റ്റിവ 125, സിബി ഷൈന്‍, ഹോര്‍ണറ്റ് 2.0, എക്‌സ് ബ്ലേഡ്, ഹൈനസ് സിബി 350, സിബി 300ആര്‍ എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്.
ന്യൂഡെല്‍ഹി: വിവിധ മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) പ്രഖ്യാപിച്ചു. റിഫ്‌ളെക്‌സ് റിഫ്‌ളെക്റ്ററുകള്‍ സംബന്ധിച്ച പ്രശ്‌നമാണ് കാരണം. ഹോണ്ട ആക്റ്റിവ 5ജി, ഹോണ്ട ആക്റ്റിവ 6ജി, ഹോണ്ട ആക്റ്റിവ 125, സിബി ഷൈന്‍, ഹോര്‍ണറ്റ് 2.0, എക്‌സ് ബ്ലേഡ്, ഹൈനസ് സിബി 350, സിബി 300ആര്‍ എന്നീ ഇരുചക്ര വാഹന മോഡലുകളാണ് തിരിച്ചുവിളിച്ചത്. ആകെ എത്ര യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് തിരിച്ചുവിളിച്ചതെന്ന് വ്യക്തമല്ല. 2019 നവംബറിനും 2021 ജനുവരിക്കും ഇടയില്‍ നിര്‍മിച്ച മോഡലുകളാണ് തിരിച്ചുവിളിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. ഫ്യൂവല്‍ പമ്പിന്റെ തകരാറാണ് കാരണമായത്. 2019, 2020 വര്‍ഷങ്ങളില്‍ നിര്‍മിച്ച, കൃത്യമായി പറഞ്ഞാല്‍ 77,954 യൂണിറ്റ് കാറുകളാണ് ഹോണ്ട കാര്‍സ് ഇന്ത്യ തിരിച്ചുവിളിച്ചത്. 36,086 യൂണിറ്റ് അമേസ്, 20,248 യൂണിറ്റ് മുന്‍ തലമുറ സിറ്റി, 7,871 യൂണിറ്റ് ഡബ്ല്യുആര്‍ വി, 6,235 യൂണിറ്റ് ജാസ്, 5,170 യൂണിറ്റ് സിവിക്, 1,737 യൂണിറ്റ് ബിആര്‍ വി എന്നിവയാണ് തിരിച്ചുവിളിച്ചത്. കൂടാതെ 607 യൂണിറ്റ് ഹോണ്ട സിആര്‍ വി തിരിച്ചുവിളിച്ചു.