ജനുവരി-മാര്‍ച്ച് എച്ച്ഡിഎഫ്സി അറ്റാദായത്തില്‍ 42% വാര്‍ഷിക വര്‍ധന
1 min readന്യൂഡെല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഭവന ധനകാര്യ സ്ഥാപനം എച്ച്ഡിഎഫ്സി അറ്റാദായം ജനുവരി-മാര്‍ച്ച് പാദത്തില്‍ 3,179.83 കോടി രൂപയുടെ സ്റ്റന്‍ഡ് എലോണ്‍ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,232.5 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 42.43 ശതമാനം വര്‍ധനയാണിത്. മുന്‍പാദത്തിലെ 2,925.8 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലാഭം 8.6 ശതമാനം ഉയര്‍ന്നു.
2021 മെയ് 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നുവര്‍ഷത്തേക്ക് കോര്‍പ്പറേഷന്‍റെ മാനേജിംഗ് ഡയറക്ടറായി (എംഡി) കേകി എം മിസ്ത്രിയെ ഒരിക്കല്‍ കൂടി നിയമിക്കാന്‍ എച്ച്ഡിഎഫ്സി ബോര്‍ഡ് അംഗീകാരം നല്‍കി. കൂടാതെ, ഒരു ഓഹരിക്ക് 23 രൂപ എന്ന നിലയില്‍ അന്തിമ ലാഭവിഹിതവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം, നികുതിക്കു മുമ്പുള്ള ലാഭം (പിബിടി) നാലാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 45.73 ശതമാനം വര്‍ധിച്ച് ് 3,923.94 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി റിപ്പോര്‍ട്ട് ചെയ്ത പിബിടി 14,815 കോടി രൂപയാണ്. നികുതിക്കു ശേഷമുള്ള ലാഭം 12,027 കോടി രൂപയാണ്.
‘2021 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തെ ലാഭ സംഖ്യകള്‍ മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്താനാവില്ല. ഗ്രുഹ് ഫിനാന്‍സ് ലിമിറ്റഡിനെ ബന്ദന്‍ ബാങ്കുമായി ലയിപ്പിച്ചതിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷം കോര്‍പ്പറേഷന്‍ ന്യായമായ മൂല്യ വര്‍ധന നേടിയിരുന്നു,’ എച്ച്ഡിഎഫ്സി പ്രസ്താവനയില്‍ പറയുന്നു.