മാപ്പിംഗ് നയത്തില്‍ പൊളിച്ചെഴുത്തുമായി ഇന്ത്യ
1 min read-
ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഉള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി
-
മാപ്പിംഗ് രംഗത്ത് വന്‍ ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷ
ന്യൂഡെല്‍ഹി: രാജ്യത്തിന്‍റെ മാപ്പിംഗ് നയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ. തദ്ദേശീയ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാകും മാപ്പിംഗ് നയമെന്നും ആത്മനിര്‍ഭര്‍ ഭാരത് മുന്‍നിര്‍ത്തിയാണ് പുതിയ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യക്ക് കരുത്തേകുന്ന തീരുമാനമെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ജിയോസ്പേഷ്യല്‍ ഡാറ്റയുടെ ഏറ്റെടുക്കലും വികസിപ്പിക്കലും എല്ലാം ഉദാരമാക്കുകയാണ്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്ന ദര്‍ശനത്തിലധിഷ്ഠിതമാണിത്-മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളാണ് ഇത് തുറന്നിടുന്നതെന്ന് മോദി പറഞ്ഞു. സ്വകാര്യ മേഖല, പൊതു മേഖല, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഗുണം ചെയ്യുന്ന തീരുമാനമാണിത്. ഇതുവരെ നിയന്ത്രിക്കപ്പെട്ടിരുന്ന ജിയോസ്പേഷ്യല്‍ ഡാറ്റ സൗജന്യമായി ഇന്ത്യയില്‍ ലഭ്യമാകുമെന്നതാണ് നയത്തിന്‍റെ സവിശേഷത. മാപ്പുണ്ടാക്കുന്നതും അതിന്‍റെ വിതരണവും ലൈസന്‍സിംഗും എല്ലാം സങ്കീര്‍ണമായിരുന്നു നേരത്തെ. ഇതിലെല്ലാമുള്ള ചുവന്ന നാട ഇനി മുതല്‍ ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
മുന്‍കൂര്‍ അനുമതികളൊന്നും ഇനി വേണ്ട. ഡാറ്റ കളക്റ്റ് ചെയ്യാനും സ്റ്റോര്‍ ചെയ്യാനും പബ്ലിഷ് ചെയ്യാനും എല്ലാം പെട്ടെന്ന് സാധിക്കും.
ഗൂഗിള്‍ മാപ്സിന് പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത ഉണ്ടായിരുന്നു. ഇതിനായി ഐഎസ്ആര്‍ഒയും നാവിഗേഷന്‍ സേവന ദാതാവായ മാപ്മൈഇന്ത്യയും തമ്മില്‍ കൈകോര്‍ക്കാനും തീരുമാനിച്ചിരുന്നു.