വര്‍ക്ക് ഫ്രം ഹോം വഴി ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ ഡോളര്‍
1 min readഈ വര്‍ഷം ഒന്നാം പാദത്തില്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 268 മില്യണ്‍ ഡോളര്‍ ലാഭിച്ചു
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: കൊവിഡ് 19 മഹാമാരിയുടെ കാലത്ത് ജീവനക്കാര്‍ക്കായി വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ ലാഭിച്ചത് ഒരു ബില്യണ്‍ യുഎസ് ഡോളര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ചെലവിനത്തില്‍ ഇത്രയും തുക ലാഭിക്കാന്‍ ടെക് ഭീമന് കഴിഞ്ഞത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈയിടെ അവസാനിച്ച ഒന്നാം പാദത്തില്‍ മാത്രം, പ്രമോഷനുകള്‍, യാത്രകള്‍, വിനോദസൗകര്യങ്ങള്‍ എന്നീ ചെലവുകളുടെ ഇനത്തില്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 268 മില്യണ്‍ ഡോളര്‍ ലാഭിച്ചു. (ഏകദേശം 1,980 കോടി ഇന്ത്യന്‍ രൂപ). പ്രധാനമായും കൊവിഡ് 19 മഹാമാരിയാണ് ഇതിനു കാരണമെന്ന് കമ്പനി വ്യക്തമാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍, ഇത് ഒരു ബില്യണ്‍ ഡോളറിലധികം വരും (ഏകദേശം 7,400 കോടി ഇന്ത്യന്‍ രൂപ).
2020 ല്‍ പരസ്യ, പ്രമോഷണല്‍ ചെലവുകള്‍ 1.4 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,360 കോടി ഇന്ത്യന്‍ രൂപ) കുറഞ്ഞതായി ഈ വര്‍ഷമാദ്യം അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആല്‍ഫബെറ്റ് വ്യക്തമാക്കിയിരുന്നു. മഹാമാരി കാരണം ചെലവിടല്‍ കുറച്ചതും കാംപെയ്‌നുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും പുന:ക്രമീകരിക്കുകയും ചില ഇവന്റുകള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രം സംഘടിപ്പിച്ചുമാണ് ചെലവുകള്‍ കുറച്ചത്. യാത്രാ, വിനോദ ചെലവുകള്‍ 371 മില്യണ്‍ ഡോളര്‍ കുറഞ്ഞു (ഏകദേശം 2,740 കോടി ഇന്ത്യന്‍ രൂപ). അതേസമയം, ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിച്ചു. മഹാമാരി കാരണം ആദ്യപാദത്തില്‍ കമ്പനിയുടെ വിപണന, ഭരണ ചെലവുകള്‍ ഫലപ്രദമായി കുറയ്ക്കാന്‍ കഴിഞ്ഞു. മാത്രമല്ല, വരുമാനത്തില്‍ 34 ശതമാനം വര്‍ധന നേടി.
ശമ്പളത്തിന് പുറമേ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെയും സൗകര്യങ്ങളുടെയും പേരില്‍ ഗൂഗിള്‍ പ്രശസ്തമാണ്. തിരുമ്മല്‍ മേശകള്‍, രുചികരമായ ഭക്ഷണങ്ങള്‍ വിളമ്പുന്ന പാചകശാല, കോര്‍പ്പറേറ്റ് റിട്രീറ്റുകള്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. സിലിക്കണ്‍ വാലിയിലെ തൊഴില്‍ സംസ്‌കാരത്തെ ഗൂഗിള്‍ സ്വാധീനിച്ചതുപോലെ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. 2020 മാര്‍ച്ച് മുതല്‍ ഇത്തരം സൗകര്യങ്ങളൊന്നുമില്ലാതെയാണ് മിക്ക ഗൂഗിള്‍ ജീവനക്കാരും വിദൂരത്തിരുന്ന് ജോലി ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം ഓഫീസില്‍ വീണ്ടും ആളനക്കം സൃഷ്ടിക്കാനാണ് ഗൂഗിള്‍ തീരുമാനം. ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം കുറച്ച് സങ്കര മാതൃകയായിരിക്കും സ്വീകരിക്കുകയെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത്ത് പോറാത്ത് പറഞ്ഞു. ലോകമെങ്ങും റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.