ആഗോള ധനക്കമ്മി മൂന്നിരട്ടി വര്‍ധിച്ച് 6.5 ട്രില്യണ്‍ ഡോളറില്‍
മുംബൈ: കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിനായും സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായും ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ചെലവിടല്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ ആഗോള ധനക്കമ്മി 2020ല്‍ മൂന്നിരട്ടി വര്‍ധിച്ച് 6.5 ട്രില്യണ്‍ ഡോളറിലെത്തിയെന്ന് മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ധനക്കമ്മി എല്ലായിടത്തും വിപുലമായെങ്കിലും വികസിത സമ്പദ്വ്യവസ്ഥകളിലും വികസ്വര സമ്പദ്വ്യവസ്ഥകളിലും ഇതിന്‍റെ വ്യാപ്തി വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ല്‍ 2.2 ട്രില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ജിഡിപിയുടെ 3.2 ശതമാനമായിരുന്നു ആഗോള ധനക്കമ്മി. 2020ല്‍ അത് ജിഡിപിയുടെ 9.8 ശതമാനം അഥവാ 6.5 ട്രില്യണ്‍ ഡോളറിലേക്ക് എത്തി. ആഗോള സാമ്പത്തിക വരുമാനം ജിഡിപിയുടെ 17.3 ശതമാനമായി കുറഞ്ഞു. ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. 2019ല്‍ 17.8 ശതമാനമായിരുന്നു ഇത്.
2020ല്‍ ആഗോള ധനച്ചെലവ് ജിഡിപിയുടെ 27.2 ശതമാനമായി ഉയര്‍ന്നു. 2019ല്‍ ഇത് ജിഡിപിയുടെ 21 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ ഉത്തേജന പാക്കേജുകള്‍ താരതമ്യേന വലുതായിരുന്നു എന്നും അതിനാല്‍ ആ രാജ്യങ്ങളിലെ ധനക്കമ്മിയിലുണ്ടായ വളര്‍ച്ച കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ചൈന ഒഴികെയുള്ള വികസ്വര സമ്പദ് വ്യവസ്ഥകളിലെ മൊത്തം ധനക്കമ്മി ജിഡിപിയുടെ 4.7 ശതമാനമായി ഉയര്‍ന്നു. 2019ല്‍ ഇത് ജിഡിപിയുടെ 2.9 ശതമാനമായികുന്നു. വികസ്വര സമ്പദ് വ്യവസ്ഥകളില്‍ ജിഡിപിയുടെ 12 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ മൊത്തം ധനക്കമ്മി. 2019ല്‍ ഇത് 2.7 ശതമാനം മാത്രമായിരുന്നു.