ഹൃദയത്തിന് കൂടുതല്‍ കരുതല്‍ നല്‍കാന്‍ മരുന്നിനൊപ്പം ശീലമാക്കാം ആരോഗ്യകരമായ ജീവിത രീതികളും
1 min readശരീരത്തിലെ വിവിധ ലിപ്പോപ്രോട്ടീനുകളുടെയും കൊളസ്‌ട്രോളിന്റെയും അളവുകളിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതരീതികള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നത്
ജീവിത രീതിയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നത് നമുക്ക് അറിവുള്ള കാര്യമാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം ആരോഗ്യകരമായ ചില ജീവിതരീതികളും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യത്തിന് കൂടുതല്‍ നേട്ടമാകുമെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തിലെ വിവിധ ലിപ്പൊപ്രോട്ടീനുകളുടെയും കൊളസ്‌ട്രോളിന്റെയും അളവുകളിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതരീതികള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നതെന്ന് ഇലൈഫ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളും ആരോഗ്യകരമായ ജീവിതശെലികളും ലിപ്പിഡ് നിലവാരത്തെ സ്വാധീനിക്കുന്നതായി ഇതുവരെ ഒരു പഠനവും കണ്ടെത്തിയിട്ടില്ലെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകയായ ജിയാഹുയി സി പറഞ്ഞു. സ്റ്റാറ്റിന്‍സ് പോലുള്ള കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ ചീത്ത കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്ന എല്‍ഡിഎല്‍ (ലൊ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇതിനോടൊപ്പം ദിവസേനയുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം നിയന്ത്രിക്കല്‍, ശരീരഭാരം ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തല്‍ തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങളും എല്‍ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ എന്ന് വിളിക്കുന്ന എച്ച്ഡിഎല്‍ (ഹൈ-ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സ്‌ട്രോക്ക്, കൊറോണറി ഹാര്‍ട്ട് ഡിസീസ് അടക്കമുള്ള രോഗങ്ങള്‍ ഉള്ളവരും പൂര്‍ണ ആരോഗ്യവാന്മാരും ഉള്‍പ്പടെ 4,681 ആളുകളെ ഉള്‍പ്പെടുത്തിയാണ് ഗവേഷക സംഘം പഠനം നടത്തിയത്. ഇവരുടെ രക്ത സാംപിളുകളിലെ 61ഓളം വിവിധ ലിപിഡ് മാര്‍ക്കറുകള്‍ അളക്കുന്നതിനായി ഒരു സംവിധാനവും ഗവേഷകര്‍ ഉപയോഗിച്ചിരുന്നു. ഒന്നിലധികം ആരോഗ്യകരമായ ജീവിതശൈലികള്‍ പിന്തുടരുന്ന ആളുകളുടെ രക്തത്തിലെ ലിപ്പിഡ് മാര്‍ക്കറുകളും കുറച്ച് ആരോഗ്യകരമായ ജീവിത രീതികള്‍ മാത്രമുള്ള ആളുകളുടെ രക്തത്തിലെ ലിപ്പിഡ് മാര്‍ക്കറുകളും തമ്മില്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ആരോഗ്യകരമായ ജീവിതശൈലികളുമായി ബന്ധപ്പെട്ട അമ്പതോളം ലിപ്പിഡ് മാര്‍ക്കറുകള്‍ ഗവേഷകര്‍ കണ്ടെത്തി.
ആരോഗ്യകരമായ ജീവിത ശീലങ്ങളുമായി ബന്ധപ്പെട്ട ലിപ്പിഡ് മാറ്റങ്ങള്‍ ഹൃദ്രോഗ സാധ്യത 14 ശതമാനം കുറയ്ക്കുമെന്നതായിരുന്നു ഗവേഷകരുടെ ഒരു കണ്ടെത്തല്‍. രക്തത്തിലെ എച്ച്ഡിഎല്‍, വിഎല്‍ഡിഎല്‍ (വെരി ലോ ഡെന്‍സിറ്റി ലിപ്പിഡ് പ്രോട്ടീന്‍) അളവുകളെ ആരോഗ്യകരമായ ജീവിത ശീലങ്ങള്‍ സ്വാധീനിക്കുന്നതായും അത് ഹൃദയത്തിന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ക്കൊപ്പം ജീവിതശൈലിയില്‍ ആരോഗ്യകരമായ ശീലങ്ങളും ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് പതിന്മടങ്ങ് സംരക്ഷണം നല്‍കുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്.