എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വാക്‌സിന്‍ സംഭരണ ശേഷി ഉയര്‍ത്തുന്നു
1 min readകഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ 250 വിമാനങ്ങളിലൂടെ 60 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 75 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ സ്‌കൈകാര്‍ഗോ എത്തിച്ചിട്ടുണ്ട്
ദുബായ്: വാക്‌സിന്‍ ആവശ്യകത ഉയര്‍ന്നതോടെ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാക്‌സിന്‍ സംഭരണ ശേഷി മെച്ചപ്പെടുത്തുന്നു. കൂടുതല്‍ വാക്‌സിനുകള്‍ കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് എമിറേറ്റ്‌സ് ദുബായ് വിമാനത്താവളത്തിലെ വാക്‌സിന്‍ സംഭരണ കേന്ദ്രത്തില്‍ പരിഷ്‌കാരങ്ങള്‍ നടത്തുന്നത്.
ശിതീകരണ മുറിയില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 2,600 ചതുരശ്ര മീറ്റര്‍ താപനില നിയന്ത്രണ സൗകര്യമുള്ള ഇടം (താപനില രണ്ട് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാക്കി ക്രമീകരിക്കാം) കൂടുതല്‍ വാകസിനുകളുടെയും മറ്റ് മരുന്നുകളുടെയും സംഭരണത്തിന് സൗകര്യമൊരുക്കും. വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമേ 94 പാലറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അറുപത് മുതല്‍ 90 മില്യണ്‍ വരെ കൂടുതല്‍ കോവിഡ്-19 വാക്‌സിനുകള്‍ ഇവിടെ സൂക്ഷിക്കാനാകും.
ലോകമെമ്പാടും വാക്‌സിന്‍ എത്തിക്കുന്നതില്‍ ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ കാര്‍ഗോ വിഭാഗമായ സ്‌കൈകാര്‍ഗോ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ 250 വിമാനങ്ങളിലായി 60 ലക്ഷ്യസ്ഥാനങ്ങളില്‍ ഏതാണ്ട് 75 മില്യണിലധികം വാക്‌സിന്‍ ഡോസുകളാണ് സ്‌കൈകാര്‍ഗോ എത്തിച്ചത്. ലോകത്തിന്റെ വിവിധയിടങ്ങളിലേക്ക് 350 ടണ്ണിലധികം കോവിഡ്-19 വാക്‌സിനുകള്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോയ്ക്ക് അഭിമാനമുണ്ടെന്ന് എമിറേറ്റ്‌സിലെ കാര്‍ഗോ വിഭാഗം ഡിവിഷണല്‍ വൈസ് പ്രസിഡന്റ് നബീല്‍ സുല്‍ത്താന് പറഞ്ഞു. വര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ വികസ്വര രാഷ്ട്രങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിക്ക് ഡിമാന്‍ഡ് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ നിര്‍മാണം വര്‍ധിച്ചതോടെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വാക്‌സിനുകളുടെ നീക്കത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മാസം അവസാനത്തിന് മുമ്പായി 100 മില്യണ്‍ വാക്‌സിനുകള്‍ എന്ന നേട്ടത്തില്‍ എമിറേറ്റ്‌സ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുല്‍്ത്താന്‍ പറഞ്ഞു.