സര്‍ക്കാര്‍ ആശുപത്രികളില്‍ സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ കേന്ദ്രങ്ങളുമായി സാംസംഗ്
പുതുതായി സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ ആരംഭിച്ച ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ പാലക്കാട് ഉള്‍പ്പെടുന്നു
ന്യൂഡെല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുകയാണ് സാംസംഗ് ഇന്ത്യ. ഇതുവഴി കൊവിഡ് നിര്‍ണയത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന് മുന്നണി പോരാളികളെ കമ്പനി സഹായിക്കുന്നു. മുംബൈ, ന്യൂഡെല്‍ഹി, ലഖ്‌നൗ, ബെംഗളൂരു, ഭോപ്പാല്‍, അഹമ്മദാബാദ്, ഇന്ദോര്‍, കെയ്‌ലോംഗ്, അകോല, ജാംനഗര്‍, സിംല, പാലക്കാട് തുടങ്ങിയ നഗരങ്ങളിലാണ് പുതുതായി സാംസംഗ് സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ ആരംഭിച്ച ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നത്.
ഇതോടെ സാംസംഗ് സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആശുപത്രികളുടെ എണ്ണം 142 ആയി വര്‍ധിച്ചു. പത്തൊമ്പത് സംസ്ഥാനങ്ങളിലായി 56 സാംസംഗ് സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ തുറന്ന 15 സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സാംസംഗ് നിര്‍മിത ആധുനിക ഡിജിറ്റല്‍ എക്‌സ്‌റേ മഷീന്‍, ഡിജിറ്റല്‍ അള്‍ട്രാസൗണ്ട് മഷീന്‍ ഉള്‍പ്പെടെ സജ്ജീകരിച്ചതാണ് സാംസംഗ് സ്മാര്‍ട്ട് ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍. ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ സാംസംഗിന്റെ നൂതന ഡിജിറ്റല്‍ എക്‌സ്‌റേ മഷീനുകള്‍ ഉപയോഗിക്കുന്നു. ഈ പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്‌സ്‌റേ മഷീനുകള്‍ രോഗികളുടെ ഇന്‍ റൂം രോഗനിര്‍ണയത്തിനും വ്യാപകമായി ഉപയോഗിക്കുന്നതായി ആശുപത്രികള്‍ അറിയിച്ചതായി സാംസംഗ് വ്യക്തമാക്കി. ഈ മഷീനുകളില്‍ നിന്നുള്ള ഫലം ഡോക്ടര്‍മാര്‍ക്ക് നേരിട്ട് കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇതുവഴി എക്‌സ്‌റേ ഫിലിമിന്റെ ആവശ്യം ഒഴിവാക്കാം.