ദുബായിലെ ശുആ കാപ്പിറ്റല്‍ ഡിജിറ്റല്‍ വെല്‍ത്ത് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു
മുന്‍ വിസ, ഗൂഗിള്‍ എക്‌സിക്യുട്ടീവായ ഹദി റാദ് കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കും
ദുബായ്: ദുബായ് ആസ്ഥാനമായ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ശുആ കാപ്പിറ്റല്‍ പുതിയ ഡിജിറ്റല്‍ വെല്‍ത്ത് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ഇതിനായി പുതിയ ചീഫ് ഡിജിറ്റല്‍ ഓഫീസറെ കമ്പനി നിയമിച്ചു. വിസയുടെയും ഗൂഗിളിന്റെയും മുന്‍ എക്‌സിക്യുട്ടീവായ ഹദി റാദ് ആണ് ശുആയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും മെഷീന്‍ ലേണിംഗ് ഉപയോഗപ്പെടുത്തി ഫിന്‍ടെക് ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ് ഡിജിറ്റല്‍ വെല്‍ത്ത് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമായും കമ്പനി ലക്ഷ്യമിടുന്നത്.
നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് കണക്കിലെടുത്ത് മില്ലേനിയല്‍ നിക്ഷേപ വിഭാഗത്തെ ലക്ഷ്യമിട്ടാണ് പുതിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ശുആ വ്യക്തമാക്കി. നിലവില്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ശുആ കാര്യമായ സേവനങ്ങള്‍ നല്‍കുന്നില്ല.
സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുതിയ ഡിജിറ്റല്‍ വെല്‍ത്ത് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ പദ്ധതിയിടുന്നതെന്നും നേരത്തെ സൂചിപ്പിച്ചിട്ടുള്ളത് പോലെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ശുആയുടെ മുന്‍ഗണാ വിഷയങ്ങളില്‍ ഒന്ന് അതാണെന്നും ഗ്രൂപ്പ് സിഇഒ ജാസ്സിം അല്‍സിദ്ദിഖി പറഞ്ഞു.
പുതിയ ഉല്‍പ്പന്നങ്ങളുടെ കണ്ടെത്തല്‍ വികസനം, ഫിന്‍ടെക് പങ്കാളിത്തങ്ങള്‍ക്ക് രൂപം നല്‍കല്‍ എന്നിവയ്ക്ക് മേല്‍നോട്ടം നല്‍കുകയാണ് പുതിയ ചീഫ് ഡിജിറ്റല്‍ ഓഫീസറുടെ ചുമതല.