നിര്‍ണായകമായേക്കും : ഡിആര്‍ഡിഒയുടെ കോവിഡ് മരുന്നിന് അനുമതി
1 min read- അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്
- മരുന്ന് വികസിപ്പിച്ചത് ഡിആര്‍ഡിഒയും റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്ന്
- പൗഡര്‍ രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കാം
ബംഗളൂരു: കോവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവാകുമോ ഡിആര്‍ഡിഒ (കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം) വികസിപ്പിച്ച കോവിഡ് മരുന്ന് എന്ന ആകാംക്ഷയിലാണ് ആരോഗ്യ വിദഗ്ധര്‍. ഡിആര്‍ഡിഒയും ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലബോറട്ടറീസും സംയുക്തമായി വികസിപ്പിച്ച കോവിഡ് മരുന്നിന് ശനിയാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് എന്ന മരുന്നാണ് കോവിഡ് ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവായേക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള കോവിഡ് മരുന്ന് വെള്ളത്തില്‍ കലര്‍ത്തിയാണ് കഴിക്കേണ്ടത്.
കോവിഡ് രോഗികള്‍ വേഗത്തില്‍ രോഗമുക്തരാകാനും മെഡിക്കല്‍ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരുന്നു. മരുന്ന് നല്‍കിയ രോഗികളില്‍ നല്ലൊരു ശതമാനവും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
രോഗികളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അതിന് ശേഷം ആറ് ആശുപത്രികളിലായാണ് ചികില്‍സയിലുള്ള രോഗികളില്‍ മൂന്നാം ഘട്ട പരീക്ഷണം നടന്നത്.
മാനദണ്ഡങ്ങളില്‍ മാറ്റം
രാജ്യത്തെ കോവിഡ് ചികില്‍സാ മാനദണ്ഡങ്ങളില്‍ കേന്ദ്രം സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തി. ആശുപത്രികളില്‍ കോവിഡ് ചികില്‍സ തേടുന്നതിന് പോസിറ്റീവ് പരിശോധന ഫലം ഇനി നിര്‍ബന്ധമല്ല. ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡങ്ങളില്‍ പറയുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് അതിവേഗത്തില്‍ ഫലപ്രദമായ ചികില്‍സ ഉറപ്പാക്കാനാണ് പരിഷ്കരണങ്ങളെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ക്കും പുതുക്കിയ മാനദണ്ഡങ്ങള്‍ ബാധകമാണ്.
കോവിഡ് ചികില്‍സയ്ക്ക് പരിശോധന ഫലം ആവശ്യമില്ല എന്ന മാനദണ്ഡം വളരെ സുപ്രധാനമായി വിലയിരുത്തപ്പെടുന്നു. രോഗലക്ഷണങ്ങള്‍ ഉള്ള ഏത് രോഗിക്കും കോവിഡ് ആരോഗ്യ സൗകര്യങ്ങള്‍ ഇനി ഉപയോഗപ്പെടുത്താന്‍ സാധിക്കും. രാജ്യത്ത് എവിടെയും ആര്‍ക്കും കോവിഡ് ചികില്‍സ നേടാം. ഇന്ന പ്രദേശത്തെ താമസക്കാരന്‍ ആയാലേ ആ പ്രദേശത്തെ ആശുപത്രിയില്‍ ചികില്‍സയുള്ളൂ എന്ന രീതി പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കഴിഞ്ഞ 24 ണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,01,078 കോവിഡ് കേസുകളാണ്.