പാളിയോ മാനേജ്മെന്‍റ് , കേന്ദ്രം കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ സംഘത്തിനുള്ളിലും അതൃപ്തി
- ഏഴ് വര്‍ഷത്തിനിടെ മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്
- കോവിഡ് ഭീതി എല്ലാവരിലും ഒരുപോലെയുണ്ടെന്ന് വിലയിരുത്തല്‍
- ഇപ്പോള്‍ വിമര്‍ശനം പ്രോല്‍സാഹിപ്പിക്കുന്നില്ല. എങ്കിലും കൈകാര്യം ചെയ്ത രീതിയില്‍ സംഘത്തിന് അതൃപ്തി
ന്യൂഡെല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വലയുമ്പോള്‍ ആര്‍എസ്എസിനും ബിജെപിക്കും ഉള്ളില്‍ അതൃപ്തിയും നിശബ്ദതയും രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഏഴ് വര്‍ഷത്തിനിടെ പ്രധാനമെന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോവിഡിന്‍റെ ആദ്യ വരവ് അത്യാവശ്യം മികച്ച നിലയില്‍ കൈകാര്യം ചെയ്തെങ്കിലും രണ്ടാംവരവില്‍ രാജ്യത്തിന് അടിപതറുന്ന കാഴ്ച്ചയാണുണ്ടായത്.
കോവിഡ് രണ്ടാം വരവ് മുന്‍കൂട്ടികാണാനും തയാറെടുപ്പുകള്‍ നടത്താനും രാജ്യത്തിന് സാധിച്ചില്ലെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍. ഇതിന്‍റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി ഏല്‍ക്കേണ്ടി വരുന്നതും ബിജെപിക്ക് ക്ഷീണമായി.
ബിജെപിയെ പരമ്പരാഗതമായും പുതുതായും പിന്തുണയ്ക്കുന്ന എല്ലാ വിഭാഗങ്ങളും കടുത്ത രീതിയില്‍ കോവിഡ് കെടുതികള്‍ അഭിമുഖീകരിക്കുന്നതായി നേതാക്കള്‍ വിലയിരുത്തുന്നു. മധ്യവര്‍ഗത്തിനാണ് ഏറ്റവും കൂടുതല്‍ ആഘാതമേറ്റത്. ഇപ്പോള്‍ കോവിഡ് ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു, അതിശക്തമായി.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വര്‍ഷങ്ങളുണ്ടെങ്കിലും ഉത്തര്‍ പ്രദേശ് ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് വരും വര്‍ഷമാണ്. ഇതില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടേക്കുമെന്ന മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലം ബിജെപിക്ക് ഒട്ടും സന്തോഷം നല്‍കുന്നതായിരുന്നില്ല. ഉത്തര്‍ പ്രദേശ് കോവിഡ് കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്രത്തിലെ ചില മന്ത്രമാര്‍ക്കും അതൃപ്തിയുണ്ടെന്നറിയുന്നു.