ക്രാഡിയാക്കിന്റെ ഷിമാനോ 27-സ്പീഡ് എംടിബി-സ്റ്റോം വിപണിയില്‍
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ക്രാഡിയാക് തങ്ങളുടെ പുതിയ ഷിമാനോ 27-സ്പീഡ് എംടിബി സ്റ്റോം (Storm) അവതരിപ്പിച്ചു. പുതിയ എംടിബി നിരവധി ആകര്‍ഷകമായ ഫീച്ചറോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ സ്റ്റോം എംടിബി-യില്‍ 27 -സ്പീഡ് ഷിമാനോ ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരു ഫുള്ളി ഷിമാനോ എംടിബി എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. മുന്‍വശത്ത് ഷിമാനോ M 2000, പിന്നില്‍ ഷിമാനോ ALIVIO 3100 ഡെറെയ്ലറാണ് സൈക്കിളിന് കരുത്ത് നല്‍കുന്നത്. ഷിമാനോ ALIVIO 3100 ഷിഫ്റ്റര്‍ മൗണ്ടന്‍ ബൈക്കിന്റെ ഷിഫ്റ്റിംഗ് സംവിധാനത്തെ സമ്പന്നമാക്കുന്നു. ”ക്രാഡിയാക്കിന്റെ എംടിബി ലൈനപ്പിലെ ആദ്യ 27 സ്പീഡ് മോഡലാണ് സ്റ്റോം. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ 18 ഇഞ്ച് 6061 അലോയ് ഫ്രെയിമിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. കൂടുതല്‍ ഷിമാനോ ഫീച്ചറുകളാണ് ഈ എംടിബിയുടെ പ്രത്യേകത,’ – ക്രാഡിയാക് ബൈക്ക്സ് സ്ഥാപകന്‍ ജയറാം വിഷ്ണു പറഞ്ഞു.
മികച്ച ബ്രേക്കിങ്ങിനായി ക്രാഡിയാക് സ്റ്റോം മൗണ്ടന്‍ ബൈക്കില്‍ ലോഗന്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഗിയര്‍ ഷിഫ്റ്റിംഗ് സുഖകരമാക്കാനും മികച്ച റൈഡിങ് നല്‍കാനും ക്രാഡിയാക് സ്റ്റോംമ്മില്‍ ഷിമാനോ 9-സ്പീഡ് കസെറ്റ് ആണ് നല്‍കിയിരിക്കുന്നത്. ഷിമാനോ ബിബി സെറ്റും ഇതില്‍ ലഭ്യമാണ്. ക്രാഡിയാക് സ്റ്റോമിന്റെ സൂം മസെറ അലോയ് ലോക്ഔട്ട് സസ്പെന്‍ഷന്‍ ഫോര്‍ക്ക് 80 എംഎം ട്രാവല്‍ വാഗ്ദാനം ചെയ്യുന്നു. കുണ്ടും കുഴിയും നിറഞ്ഞ പാതകളിലൂടെയുള്ള യാത്ര അനായാസമാക്കുന്നു.
29, 27.5 ഇഞ്ച് നൈലോണ്‍ ടയർ സൈസുകളിൽ ഇത് ലഭ്യമാണ്. ഡബിള്‍ വോള്‍ അലോയ് റിമ്മിലാണ് ടയറുകൾ ഘടിപ്പിച്ചിരിക്കുന്നത്. ക്വിക് റിലീസ് സംവിധാനമുള്ള സീറ്റ് നിങ്ങളുടെ സൗകര്യം അനുസരിച്ച് നീളം ക്രമീകരിക്കാന്‍ സാധിക്കും. ക്രാഡിയാക് സ്റ്റോമ്മില്‍ ഷിമാനോ അലോയ് സീല്‍ഡ് ഹബ്ബുകള്‍ ആണ് നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ നാള്‍ ഈടു നില്‍ക്കുകയും വെള്ളം, പൊടി എന്നിവയെ പ്രതിരോധിയ്ക്കാനും സഹായിക്കും. ചക്രങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുള്ള ക്വിക് റിലീസ് സംവിധാനവും ഇതിന്റെ സവിശേഷതയാണ്. നിലവില്‍ 25, 999 രൂപ വിലയില്‍ ഈ എംടിബി സ്വന്തമാക്കാവുന്നതാണ്.