Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഴയ പാർലമെന്റ് മന്ദിരം ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്രയുടെ സുവർണ പ്രതീകം: പ്രധാനമന്ത്രി

1 min read

PM with the Ministers during special session of parliament, in New Delhi on September 18, 2023.

ന്യൂഡൽഹി: പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതുതായി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലേക്ക് നടപടികൾ മാറ്റുന്നതിന് മുമ്പ്, ഇന്ത്യയുടെ 75 വർഷത്തെ പാർലമെന്ററി യാത്രയെ അനുസ്മരിക്കാനും സ്മരണകൾ അയവിറക്കാനുമുള്ള അവസരമാണ് ഇന്നെന്ന് സഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. പഴയ പാർലമെന്റ് മന്ദിരത്തെക്കുറിച്ച് സംസാരിക്കവേ, ഈ കെട്ടിടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലായി പ്രവർത്തിച്ചിരുന്നുവെന്നും സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പാർലമെന്റായി അംഗീകരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ഈ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത് വിദേശ ഭരണാധികാരികളാണെങ്കിലും, ഇന്ത്യക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവും പണവുമാണ് ഇതിന്റെ വികസനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 75 വർഷത്തെ യാത്രയിൽ ഏറ്റവും മികച്ച കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളും ഈ സഭ സൃഷ്ടിച്ചിട്ടുണ്ടെന്നും ഏവരുടെയും സംഭാവനകൾ കാണുകയും ഏവരും സാക്ഷ്യം വഹിക്കുകയും ചെയ്തുവെന്നും ശ്രീ മോദി പറഞ്ഞു. “നാം പുതിയ കെട്ടിടത്തിലേക്ക് മാറിയേക്കാം; പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്രയുടെ സുവർണ അധ്യായമായതിനാൽ ഈ കെട്ടിടം വരും തലമുറയെ തുടർന്നും പ്രചോദിപ്പിക്കും”- അദ്ദേഹം പറഞ്ഞു. 2023 സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.

അമൃതകാലത്തിന്റെ ആദ്യ വെളിച്ചത്തിൽ പകർന്നു നൽകപ്പെടുന്ന പുതിയ ആത്മവിശ്വാസം, നേട്ടങ്ങൾ, കഴിവുകൾ എന്നിവയെക്കുറിച്ചും ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും നേട്ടങ്ങളെ ലോകം ചർച്ച ചെയ്യുന്നതെങ്ങനെയെന്നും പ്രധാനമന്ത്രി പരാമർശിച്ചു. നമ്മുടെ 75 വർഷത്തെ പാർലമെന്ററി ചരിത്രത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ആധുനികത, ശാസ്ത്രം, സാങ്കേതികവിദ്യ, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകൾ, 140 കോടി ഇന്ത്യക്കാരുടെ ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ കഴിവുകളുടെ മറ്റൊരു മാനമാണു മുന്നോട്ട് കൊണ്ടുവന്നതെന്ന് ചന്ദ്രയാൻ 3ന്റെ വിജയത്തെ പരാമർശിച്ചു ശ്രീ മോദി പറഞ്ഞു. ഈ നേട്ടത്തിന് ശാസ്ത്രജ്ഞർക്ക് സഭയുടെയും രാജ്യത്തിന്റെയും അഭിനന്ദനങ്ങൾ പ്രധാനമന്ത്രി അറിയിച്ചു.

മുൻകാലങ്ങളിൽ ‘നാം’ (NAM) ഉച്ചകോടിയുടെ സമയത്ത് രാജ്യത്തിന്റെ ശ്രമങ്ങളെ സഭ അഭിനന്ദിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ജി20 യുടെ വിജയത്തെ അധ്യക്ഷൻ അംഗീകരിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജി20യുടെ വിജയം 140 കോടി ഇന്ത്യക്കാരുടെതാണെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയുടെയോ രാഷ്ട്രീയ കക്ഷിയുടെയോ അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ 60-ലധികം സ്ഥലങ്ങളിൽ നടന്ന 200-ലധികം പരിപാടികളുടെ വിജയം ഇന്ത്യയുടെ വൈവിധ്യത്തിന്റെ വിജയത്തിന്റെ പ്രകടനമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അധ്യക്ഷപദത്തിലിരിക്കെ ആഫ്രിക്കൻ യൂണിയന് ജി20 അംഗത്വമേകിയതിൽ ഇന്ത്യ എല്ലായ്പോഴും അഭിമാനം കൊള്ളും’ – ഉൾപ്പെടുത്തലിന്റെ വൈകാരിക നിമിഷം അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കഴിവുകളെക്കുറിച്ച് സംശയം ജനിപ്പിക്കാനുള്ള ഏതാനും പേരുടെ നിഷേധാത്മക പ്രവണതകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജി20 പ്രഖ്യാപനത്തിന് സമവായം കൈവരിക്കാനായെന്നും ഭാവിയിലേക്കുള്ള മാർഗരേഖ ഇവിടെ സൃഷ്ടിക്കപ്പെട്ടെന്നും പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷ കാലയളവ് നവംബർ അവസാന ദിവസം വരെ നീണ്ടുനിൽക്കുമെന്നും അത് പരമാവധി പ്രയോജനപ്പെടുത്താൻ രാഷ്ട്രം ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയ ​പ്രധാനമന്ത്രി, തന്റെ അധ്യക്ഷതയിൽ പി20 ഉച്ചകോടി (പാർലമെന്ററി 20) നടത്താനുള്ള സ്പീക്കറുടെ പ്രമേയത്തെ പ്രധാനമന്ത്രി പിന്തുണച്ചു.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

‘വിശ്വ മിത്രം’ എന്ന നിലയിൽ ഇന്ത്യ സ്വന്തമായി ‌ഒരിടം നേടിയെടുത്തതും ലോകം മുഴുവൻ ഇന്ത്യയിൽ ഒരു സുഹൃത്തിനെ കാണുന്നതും ഏവർക്കും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. “വേദങ്ങൾ മുതൽ വിവേകാനന്ദൻ വരെ നാം സമാഹരിച്ച നമ്മുടെ ‘സംസ്‌കാരങ്ങളാ’ണ് അതിനു കാരണം. ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന തത്വം ലോകത്തെ നമ്മോടൊപ്പം ചേർക്കാൻ നമ്മെ ഒന്നിപ്പിക്കുന്നു.”- ​അദ്ദേഹം പറഞ്ഞു. പുതിയ വീട്ടിലേക്ക് മാറുന്ന കുടുംബത്തെ ഉപമിച്ച പ്രധാനമന്ത്രി, പഴയ പാർലമെന്റ് മന്ദിരത്തോട് വിടപറയുന്ന നിമിഷം വളരെ വൈകാരികമാണെന്നു പറഞ്ഞു. ഈ വർഷങ്ങളിലെല്ലാം സഭ സാക്ഷ്യം വഹിച്ച വിവിധ മനോഭാവങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും ഈ ഓർമകൾ സഭയിലെ എല്ലാ അംഗങ്ങളുടെയും സംരക്ഷിത പൈതൃകമാണെന്നു പറയുകയും ചെയ്തു. അതിന്റെ മഹത്വം നമുക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പാർലമെന്റ് മന്ദിരത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ പുതിയ ഇന്ത്യയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട എണ്ണമറ്റ സംഭവങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ സാധാരണ പൗരനോടുള്ള ആദരം പ്രകടിപ്പിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യമായി എംപിയായപ്പോൾ താൻ പാർലമെന്റിൽ വന്ന് കെട്ടിടത്തിനു മുന്നിൽ പ്രണാമം അർപ്പിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും തനിക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ‌ഒന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു, “റെയിൽവേ സ്റ്റേഷനിൽ ഉപജീവനം കഴിച്ചിരുന്ന പാവപ്പെട്ട കുട്ടി പാർലമെന്റിൽ എത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാണ്. രാജ്യം എനിക്ക് ഇത്രയധികം സ്‌നേഹവും ആദരവും അനുഗ്രഹവും നൽകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല” – അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ കവാടത്തില ആലേഖനം ചെയ്തിട്ടുള്ള ഉപനിഷദ് വാക്യം ഉദ്ധരിച്ച്, ജനങ്ങൾക്ക് വേണ്ടി വാതിലുകൾ തുറക്കാനും അവർ തങ്ങളുടെ അവകാശങ്ങൾ എങ്ങനെ നേടിയെടുക്കുമെന്ന് കാണാനുമാണ് ഋഷിമാർ പറഞ്ഞതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഭയിലെ ഇപ്പോഴത്തെയും മുൻകാലത്തെയും അംഗങ്ങൾ ഈ വാദത്തിന്റെ കൃത്യതയ്ക്ക് സാക്ഷികളാണെന്ന് ശ്രീ മോദി പറഞ്ഞു.

കാലം മാറുന്നതിനനുസരിച്ച്, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സഭയിലേക്ക് വരാൻ തുടങ്ങിയതോടെ സഭയുടെ ഘടനയിൽ വന്ന മാറ്റങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം ജനങ്ങളുടെ അഭിലാഷങ്ങളെ പൂർണശക്തിയോടെ പ്രകടമാക്കുന്നു”- അദ്ദേഹം പറഞ്ഞു. സഭയുടെ അന്തസ്സ് വർധിപ്പിക്കാൻ സഹായിച്ച വനിതാ പാർലമെന്റേറിയൻമാരുടെ സംഭാവനകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം 600 വനിതാ പ്രതിനിധികളുള്ള ഇരുസഭകളിലുമായി 7500-ലധികം ജനപ്രതിനിധികൾ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ ഇന്ദ്രജിത്ത് ഗുപ്ത ജി 43 വർഷം സേവനമനുഷ്ഠിച്ചു. ഷഫീഖുർ റഹ്മാൻ 93-ാം വയസിൽ സേവനമനുഷ്ഠിച്ചു. 25-ാം വയസ്സിൽ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ചന്ദ്രാനി മുർമുവിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

വാദപ്രതിവാദങ്ങളും കളിയാക്കലുകളുമൊക്കെ ഉണ്ടായിരുന്നിട്ടും സഭയിൽ കുടുംബമെന്ന അവബോധം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കയ്പ്പ് ഒരിക്കലും നിലനിൽക്കാത്തതിനാൽ ഇത് സഭയുടെ പ്രധാന ഗുണമാണെന്ന് വിശേഷിപ്പിച്ചു. ഗുരുതര രോഗങ്ങൾക്കിടയിലും, മഹാമാരിയുടെ പ്രയാസകരമായ സമയത്തുൾപ്പെടെ, തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ അംഗങ്ങൾ സഭയിലെത്തിയതെങ്ങനെയെന്നും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ വർഷങ്ങളിൽ പുതിയ രാഷ്ട്രത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുണ്ടായിരുന്ന സംശയം അനുസ്മരിച്ച പ്രധാനമന്ത്രി, എല്ലാ സംശയങ്ങളും തെറ്റാണെന്ന് തെളിഞ്ഞത് പാർലമെന്റിന്റെ ശക്തിയാലാണെന്ന് ചൂണ്ടിക്കാട്ടി. ഒരേ സഭയിൽ 2 വർഷവും 11 മാസവും നടന്ന ഭരണഘടനാ നിർമ്മാണ സഭയുടെ യോഗങ്ങളും ഭരണഘടന അംഗീകരിച്ചതും പ്രഖ്യാപിച്ചതും അനുസ്മരിക്കുകയും ചെയ്ത പ്രധാനമന്ത്രി, “കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം പാർലമെന്റിൽ സാധാരണ പൗരന്മാർക്കുള്ള വിശ്വാസം തുടർച്ചയായി വർധിക്കുന്നു എന്നതാണ്” എന്നും ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്ര പ്രസാദും ഡോ. കലാമും മുതൽ, ശ്രീ രാംനാഥ് കോവിന്ദും ശ്രീമതി ദ്രൗപതി മുർമുവും വരെയുള്ള രാഷ്ട്രപതിമാരുടെ അഭിസംബോധനകളിൽനിന്ന് സഭയ്ക്കു പ്രയോജനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

പണ്ഡിറ്റ് നെഹ്‌റുവിന്റെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും കാലം മുതൽ അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരുടെ കാലംവരെ പരാമർശിക്കവേ, അവരുടെ നേതൃത്വത്തിൽ അവർ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയെന്നും അവരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സഭയിലെ ചർച്ചകളെ സമ്പന്നമാക്കുകയും സാധാരണ പൗരന്മാരുടെ ശബ്ദത്തിന് ധൈര്യം നൽകുകയും ചെയ്ത സർദാർ വല്ലഭ്‌ഭായ് പട്ടേൽ, രാം മനോഹർ ലോഹ്യ, ചന്ദ്രശേഖർ, ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയവരെ അദ്ദേഹം പരാമർശിച്ചു. വിവിധ വിദേശ നേതാക്കൾ സഭയിൽ നടത്തിയ പ്രസംഗം ഇന്ത്യയോടുള്ള അവരുടെ ആദരം ഉയർത്തിക്കാട്ടുന്നതായി ശ്രീ മോദി പറഞ്ഞു. നെഹ്‌റു ജി, ശാസ്ത്രി ജി, ഇന്ദിര ജി എന്നീ മൂന്ന് പ്രധാനമന്ത്രിമാരെ രാജ്യത്തിന് നഷ്ടപ്പെട്ട വേദനാജനകമായ നിമിഷങ്ങളും അദ്ദേഹം അനുസ്മരിച്ചു.

നിരവധി വെല്ലുവിളികൾക്കിടയിലും സ്പീക്കർമാർ സഭ കൈകാര്യം ചെയ്തതിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. അവർ തങ്ങളുടെ തീരുമാനങ്ങളിൽ സംശയനിവൃത്തിക്കായുള്ള പോയിന്റുകൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീ മാവ്‌ലാങ്കർ മുതൽ ശ്രീമതി സുമിത്ര മഹാജനും ശ്രീ ഓം ബിർളയും വരെ 2 സ്ത്രീകളുൾപ്പെടെ 17 സ്പീക്കർമാർ ഏവരേയും ഒപ്പം കൂട്ടി അവരവരുടേതായ നിലയിൽ സംഭാവന നൽകിയത് അദ്ദേഹം അനുസ്മരിച്ചു. പാർലമെന്റിലെ ജീവനക്കാരുടെ സംഭാവനകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണം അനുസ്മരിച്ച പ്രധാനമന്ത്രി, ഇത് കെട്ടിടത്തിന് നേരെയുള്ള ആക്രമണമല്ലെന്നും ജനാധിപത്യത്തിന്റെ മാതാവിന് നേർക്കുണ്ടായ ആക്രമണമാണെന്നും പറഞ്ഞു. “ഇത് ഇന്ത്യയുടെ ആത്മാവിന് നേർക്കുള്ള ആക്രമണമായിരുന്നു”- പ്രധാനമന്ത്രി പറഞ്ഞു. അംഗങ്ങളെ സംരക്ഷിക്കാൻ ഭീകരർക്കും സഭയ്ക്കും ഇടയിൽ നിന്നവരുടെ സംഭാവനകളെ അദ്ദേഹം അംഗീകരിക്കുകയും ധീരഹൃദയർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാതെ പോലും പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജീവിതം സമർപ്പിച്ച മാധ്യമപ്രവർത്തകരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. അംഗങ്ങളേക്കാൾ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പഴയ പാർലമെന്റിനോട് വിടപറയുക എന്നത് മാധ്യമപ്രവർത്തകർക്ക് കടുപ്പമേറിയ ദൗത്യമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരു സ്ഥലം അതിന്റെ സമീപത്തെ നിരന്തര മന്ത്രങ്ങൾ കാരണം തീർത്ഥാടനത്തിലേക്ക് തിരിയുമെന്ന നിലയിൽ നാദബ്രഹ്മ ആചാരത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ചർച്ചകൾ ഇവിടെ അവസാനിപ്പിച്ചാലും 7500 പ്രതിനിധികളുടെ മാറ്റൊലികൾ പാർലമെന്റിനെ തീർത്ഥാടനകേന്ദ്രമാക്കി മാറ്റിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.

  കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍

“ഭഗത് സിങ്ങും ബട്ടുകേശ്വർ ദത്തും തങ്ങളുടെ ശൗര്യവും ധൈര്യവും കൊണ്ട് ബ്രിട്ടീഷുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച സ്ഥലമാണ് പാർലമെന്റ്”- പ്രധാനമന്ത്രി പറഞ്ഞു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ‘സ്‌ട്രോക്ക് ഓഫ് മിഡ്‌നൈറ്റ്’ എന്നതിന്റെ പ്രതിധ്വനികൾ ഇന്ത്യയിലെ ഓരോ പൗരനെയും തുടർന്നും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ പ്രസംഗവും അദ്ദേഹം അനുസ്മരിച്ചു -“സർക്കാരുകൾ വരും പോകും. പാർട്ടികൾ ഉണ്ടാകുകയും ഇല്ലാതാകുയും ചെയ്യും. ഈ രാജ്യം നിലനിൽക്കണം, ജനാധിപത്യം നിലനിൽക്കണം.”

ലോകമെമ്പാടുമുള്ള മികച്ച സമ്പ്രദായങ്ങൾ ബാബാ സാഹിബ് അംബേദ്കർ ഉൾപ്പെടുത്തിയതെങ്ങനെയെന്ന് ആദ്യ മന്ത്രിസഭയെ അനുസ്മരിച്ചു ശ്രീ മോദി പറഞ്ഞു. നെഹ്‌റു മന്ത്രിസഭയിൽ ബാബാ സാഹിബ് സൃഷ്ടിച്ച ഉജ്ജ്വലമായ ജലനയവും അദ്ദേഹം പരാമർശിച്ചു. ദലിതരുടെ ശാക്തീകരണത്തിനായി വ്യവസായ വൽക്കരണത്തിൽ ബാബാ സാഹിബ് നൽകിയ ഊന്നൽ, ആദ്യത്തെ വ്യവസായ മന്ത്രി എന്ന നിലയിൽ ഡോ. ശ്യാമ പ്രസാദ് മുഖർജി എങ്ങനെയാണ് ആദ്യത്തെ വ്യവസായ നയം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു.

1965ലെ യുദ്ധത്തിൽ ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യൻ സൈനികരുടെ ആത്മവീര്യം ഉയർത്തിയത് ഈ സഭയിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രിജി സ്ഥാപിച്ച ഹരിതവിപ്ലവത്തിന്റെ അടിത്തറയും അദ്ദേഹം പരാമർശിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള യുദ്ധവും ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഈ സഭയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണത്തെയും അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷമുള്ള ജനങ്ങളുടെ അധികാരത്തിന്റെ പുനരുജ്ജീവനത്തെയും അദ്ദേഹം പരാമർശിച്ചു.

മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ നേതൃത്വത്തിൽ ഗ്രാമവികസന മന്ത്രാലയം രൂപീകരിച്ച കാര്യം പ്രധാനമന്ത്രി പരാമർശിച്ചു. “വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചതും ഈ സഭയിലാണ്” – പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സാമ്പത്തിക ഞെരുക്കത്തിൽ വലയുന്ന സമയത്ത് പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ പുതിയ സാമ്പത്തിക നയങ്ങളും നടപടികളും സ്വീകരിച്ചതായി അദ്ദേഹം അനുസ്മരിച്ചു. അടൽജിയുടെ ‘സർവ ശിക്ഷാ അഭിയാൻ’, ഗോത്രകാര്യ മന്ത്രാലയത്തിന്റെ രൂപീകരണം, അദ്ദേഹത്തിന്റെ കീഴിൽ ആണവയുഗത്തിന്റെ വരവ് എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സഭ സാക്ഷ്യം വഹിച്ച ‘വോട്ടിനായി പണം’ കുംഭകോണത്തെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു.

ഭരണഘടനാ അസംബ്ലി അതിന്റെ പ്രതിദിനബത്ത വെട്ടിക്കുറച്ചതെങ്ങനെയെന്നും അംഗങ്ങൾക്കുള്ള ക്യാന്റീൻ സബ്‌സിഡി സഭ ഒഴിവാക്കിയതെങ്ങനെയെന്നും ശ്രീ മോദി ഓർത്തു. അംഗങ്ങൾ അവരുടെ എംപിലാഡ് ഫണ്ടുപയോഗിച്ച് മഹാമാരിക്കാലത്ത് രാജ്യത്തെ സഹായിക്കാൻ മുന്നോട്ട് വരികയും 30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് അംഗങ്ങൾ എങ്ങനെയാണ് സ്വയം അച്ചടക്കം പാലിച്ചതെന്നും അദ്ദേഹം പരാമർശിച്ചു. പഴയ കെട്ടിടത്തിൽ നിന്ന് നാളെ വിടപറയുന്നതിനെ കുറിച്ച് പരാമർശിച്ചപ്പോൾ, ഭാവിയുമായി ഭൂതകാലത്തിന്റെ കണ്ണിയാകാൻ അവസരം ലഭിച്ചതിനാൽ സഭയിലെ ഇപ്പോഴത്തെ അംഗങ്ങൾ അങ്ങേയറ്റം ഭാഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. “പാർലമെന്റിന്റെ ചുവരുകൾക്കുള്ളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 7500 പ്രതിനിധികൾക്ക് ഇന്നത്തെ അവസരം അഭിമാന നിമിഷമാണ്”-ശ്രീ മോദി കൂട്ടിച്ചേർത്തു.

Maintained By : Studio3