കോവിഡ് : പാക്കിസ്ഥാനില്‍ ചൈനീസ് വാക്‌സിന് അംഗീകാരം
1 min readഇസ്ലാമബാദ്: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഉയരുന്നതിനിടെ അടിയന്തര ഉപയോഗത്തിനായി ചൈനയുടെ വാക്‌സിനായ സിനോഫാമിന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാന്‍ (ഡ്രാപ്പ്) അംഗീകാരം നല്‍കി. അതോറിറ്റി അംഗീകരിച്ച രണ്ട് വാക്സിനുകളിലൊന്നായ സിനോഫാമിന്റെ സുരക്ഷയും ഗുണനിലവാരവും വിലയിരുത്തിയ ശേഷമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതെന്ന് ഡ്രാപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സുരക്ഷ, ഫലപ്രാപ്തി, ഗുണമേന്മ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണക്കിലെടുത്ത് ഓരോ പാദത്തിലും അംഗീകാരം അവലോകനം ചെയ്യുമെന്നും പത്രക്കുറിപ്പിലുണ്ട്.
നേരത്തെ ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക നിര്‍മിച്ച വാക്‌സിന് ഡ്രാപ്പ് അംഗീകാരം നല്‍കിയിരുന്നു. സിനോഫാം വാക്‌സിന്‍ സംഭരിക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനില്‍ 1,920 പുതിയ കൊറോണ വൈറസ് അണുബാധകളും 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 521,211 ആയി.10,997 മരണങ്ങളും സംഭവിച്ചു.