അമേരിക്കയിലെ കോവിഡ് മരണങ്ങൾ 400,000 പിന്നിട്ടു, യുകെയിൽ 90,000
1 min readന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 400,000 പിന്നിട്ടു. ആകെ 2.4 കോടി കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല കണക്കുകൾ പുറത്തുവിട്ടു.
ന്യൂയോർക്കിൽ മാത്രം 41,350 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യയിൽ കാലിഫോർണിയ (33,763), ടെക്സാസ് (32,729), ഫ്ളോറിഡ (24,74)എന്നീ സ്റ്റേറ്റുകളാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. ന്യൂ ജേഴ്സി, ഇല്യാനിയോസ്, പെനിസിൽവാനിയ, മിഷിഗൺ, മസാച്യൂസെറ്റ്സ്, ജോർജിയ എന്നീ സ്റ്റേറ്റുകളിലും 12,000ത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും മോശമായി ബാധിച്ച ലോകരാജ്യങ്ങളിൽ ഒന്നായ അമേരിക്ക ആകെ കേസുകളിലും മരണസംഖ്യയിലും ലോകത്ത് തന്നെ ഒന്നാംസ്ഥാനത്താണ്. ലോകത്തിലെ കോവിഡ് കേസുകളുടെ 25 ശതമാനവും മരണസംഖ്യയുടെ 20 ശതമാനവും അമേരിക്കയിലാണ്.
അതേസമയം ബ്രിട്ടനിൽ കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവ് ആയി ഇരുപത്തിയെട്ട് ദിവസത്തിനുള്ളിൽ മരണമടഞ്ഞവരുടെ എണ്ണം 90,000 ആയി. ആകെ 3,466,849 കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.