നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു
ന്യൂഡല്‍ഹി: 1949-ല്‍ ഭരണഘടനാ അസംബ്ലി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കും. ഈ ചരിത്ര തീയതിക്ക് അര്‍ഹമായ അംഗീകാരം നല്‍കാനാണ് 2015-ല്‍ ഭരണഘടനാ ദിനാചരണം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി 2021 നവംബര്‍ 26 ന് പാര്‍ലമെന്റിലും വിജ്ഞാന് ഭവനിലും സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.
പാര്‍ലമെന്റില്‍ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11 മണിക്ക് ആരംഭിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം, ഭരണഘടനയുടെ ആമുഖം വായിക്കുന്നതില്‍ രാജ്യം അദ്ദേഹത്തോടൊപ്പം തത്സമയം ചേരും. ഭരണഘടനാ അസംബ്ലി ചര്‍ച്ചകളുടെ ഡിജിറ്റല്‍ പതിപ്പ്, ഇന്ത്യന്‍ ഭരണഘടനയുടെ കാലിഗ്രാഫ് ചെയ്ത പകര്‍പ്പിന്റെ ഡിജിറ്റല്‍ പതിപ്പ്, നാളിതുവരെയുള്ള എല്ലാ ഭേദഗതികളും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് എന്നിവയും രാഷ്ട്രപതി പ്രകാശനം ചെയ്യും. ‘ഭരണഘടനാ ജനാധിപത്യത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
ന്യൂഡല്‍ഹി വിജ്ഞാന് ഭവനിലെ പ്ലീനറി ഹാളില്‍ വൈകിട്ട് 5.30ന് സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന ഭരണഘടനാ ദിനാചരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും, എല്ലാ ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരും, ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരും, സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും മറ്റ് നിയമ സാഹോദര്യത്തിലെ അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. വിശിഷ്ട സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.