സ്മാര്‍ട്ട് കാര്‍ സാങ്കേതികവിദ്യ : വാവെയ് ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും
ഷെഞ്‌ജെനില്‍ നടന്ന വാവെയുടെ പതിനെട്ടാമത് ആഗോള അനലിസ്റ്റ് ഉച്ചകോടിയില്‍ വാവെയ് റൊട്ടേറ്റിംഗ് ചെയര്‍മാന്‍ എറിക് സൂവാണ് പ്രഖ്യാപനം നടത്തിയത്
ഷെഞ്‌ജെന്‍: ചൈനീസ് ടെക്‌നോളജി അതികായനായ വാവെയ്, സ്മാര്‍ട്ട് കാര്‍ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും. സ്മാര്‍ട്ട് വാഹനങ്ങള്‍ക്കായി വാഹന ഘടകങ്ങള്‍ നിര്‍മിക്കുന്നതിനാണ് പുതുതായി വകയിരുത്തുന്ന തുക വിനിയോഗിക്കുന്നത്. സ്വയമോടുന്ന കാറുകള്‍ക്കായി സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിക്കുന്നതിന് ഉള്‍പ്പെടെ നിക്ഷേപത്തുക പ്രയോജനപ്പെടുത്തും. വാവെയുടെ റൊട്ടേറ്റിംഗ് ചെയര്‍മാന്‍ എറിക് സൂവിനെ ഉദ്ധരിച്ച് സിജിടിഎന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെഞ്‌ജെനില്‍ നടന്ന വാവെയുടെ പതിനെട്ടാമത് ആഗോള അനലിസ്റ്റ് ഉച്ചകോടിയിലാണ് എറിക് സൂ ഇക്കാര്യം പ്രഖ്യാപിച്ചത്. വാവെയ് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ശേഷികള്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മാത്രമല്ല, ഇന്റലിജന്റ് വാഹനങ്ങള്‍ക്കായി വാഹനഘടകങ്ങള്‍ നിര്‍മിക്കുമെന്ന് എറിക് സൂ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വലിയ പ്രതിസന്ധിയാണ് വാവെയ് നേരിട്ടത്. യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ വാവെയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിനെ വലിയ തോതില്‍ ബാധിച്ചു. മാത്രമല്ല, വാവെയുടെ 5ജി സാങ്കേതികവിദ്യകള്‍ സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്.
5ജിയുടെ മൂല്യം വാവെയ് ഉയര്‍ത്തുമെന്നും ഈ വ്യവസായത്തിലെ സമശീര്‍ഷരുമായി ചേര്‍ന്ന് 5.5ജി നിര്‍വചിക്കുമെന്നും എറിക് സൂ പ്രഖ്യാപിച്ചു. മൊബീല്‍ കമ്യൂണിക്കേഷന്റെ പരിണാമത്തിന് നേതൃത്വം നല്‍കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ലോകത്തിനായി ഊര്‍ജ ഉപഭോഗം കുറയ്ക്കുന്നതിന് നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നതിനും പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വ്യവസായത്തെ വീണ്ടും ട്രാക്കില്‍ കൊണ്ടുവരുന്നതിന് ആഗോള അര്‍ധചാലക വിതരണ ശൃംഖലയിലുടനീളം വിശ്വാസം വീണ്ടെടുക്കുന്നതും സഹകരണം പുന:സ്ഥാപിക്കുന്നതും നിര്‍ണായകമാണെന്ന് സൂ പറഞ്ഞു. ലോകം ഇപ്പോള്‍ നേരിടുന്ന പല വെല്ലുവിളികളും കുറച്ചുകാലത്തേക്ക് തീര്‍ച്ചയായും തുടരും. കൊവിഡ് 19, ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥ എന്നിവ ഓരോ സംഘടനയ്ക്കും ബിസിനസിനും രാജ്യത്തിനും നേരിടേണ്ട വെല്ലുവിളികള്‍ ആയിരിക്കുമെന്ന് വാവെയ് റൊട്ടേറ്റിംഗ് ചെയര്‍മാന്‍ പ്രസ്താവിച്ചു.