ഇന്ത്യയുടെ ആദ്യ ഇ-ഹൈവേ അടുത്ത വര്‍ഷം
1 min read- ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പദ്ധതി
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട പ്രൊജക്റ്റുകളിലൊന്ന്
- വരുന്നത് ഡെല്‍ഹി-ജയ്പൂര്‍ ഇ-ഹൈവേ
ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈവേകള്‍ നിര്‍മിക്കുന്ന പദ്ധതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ആദ്യത്തെ ഇ-ഹൈവേ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് വിവരം. ഇലക്ട്രിക് ഹൈവേകളിലൂടെ പോകുന്ന വാഹനങ്ങളുടെ ബാറ്ററി സ്വയം റീചാര്‍ജ് ചെയ്യപ്പെടുന്നു എന്നതാണ് പ്രത്യേകത. ഊര്‍ജക്ഷമത ഉറപ്പാക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കാനും ഇ-ഹൈവേകളുടെ വിന്യാസത്തിലൂടെ സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവെയ്സ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്കും പ്രത്യേക താല്‍പ്പര്യമുള്ളതാണ് ഇ-ഹൈവേ പദ്ധതി. സ്വീഡനിലേതിന് സമാനമായി ഇന്ത്യയിലും ഇലക്ട്രിക് ഹൈവേ വരുമെന്ന് ഗഡ്ക്കരി 2016ല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഇ-ഹൈവേയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാമെന്നും ലോജിസ്റ്റിക്സ് ചെലവ് 50 ശതമാനമായി കുറയുമെന്നും ഗഡ്ക്കരി പറഞ്ഞിരുന്നു. ഡെല്‍ഹിയെയും ജയ്പ്പൂരിനെയും ബന്ധിപ്പിച്ച് 200 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യത്തെ ഇലക്ട്രിക് ഹൈവേ വരുന്നത്. ഡെല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമാണിത്. കാര്‍ഗോ ട്രക്കുകളുടെയും മറ്റ് ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികള്‍ റീ ചാര്‍ജ് ചെയ്യുന്നതിന് ഈ പ്രത്യേക പാതയില്‍ സാധിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടപ്പാക്കുക. ഇ-വാഹനങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന നയത്തിന്‍റെ ഭാഗമായാണ് പുതുപദ്ധതിയെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വായ്പയെടുത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവുകള്‍ നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.