ലോകത്തെ നൂറ് നഗരങ്ങളില്‍ ടോപ് 25 പ്ലേലിസ്റ്റുകളുമായി ആപ്പിള്‍ മ്യൂസിക്
ബെംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവയാണ് ഇന്ത്യയിലെ നഗരങ്ങള്‍
കുപ്പെര്‍ട്ടിനൊ, കാലിഫോര്‍ണിയ: സിറ്റി ചാര്‍ട്‌സ് എന്ന പേരില്‍ ആപ്പിള്‍ മ്യൂസിക് പുതിയ പ്ലേലിസ്റ്റുകള്‍ അവതരിപ്പിച്ചു. ലോകത്തെ നൂറിലധികം നഗരങ്ങളിലെ ഏറ്റവും മികച്ച 25 ഗാനങ്ങളാണ് ഓരോ പ്ലേലിസ്റ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവയാണ് ഇന്ത്യയിലെ നഗരങ്ങള്‍. ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് ഈ പ്ലേലിസ്റ്റുകള്‍ ലഭ്യമായിരിക്കും. ഐഫോണ്‍, ഐപാഡ്, മാക് ഡിവൈസുകളില്‍ ആപ്പിലെ ‘ബ്രൗസ്’ വിഭാഗത്തില്‍ ഈ പ്ലേലിസ്റ്റുകള്‍ കാണാം. ആപ്പിള്‍ മ്യൂസിക് സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ക്കും വെബ്‌സൈറ്റിലെ ആപ്പിള്‍ മ്യൂസിക് പ്ലേയറില്‍ പ്ലേലിസ്റ്റുകള്‍ ബ്രൗസ് ചെയ്യാന്‍ കഴിയും. ഏപ്രില്‍ 27 ന് പുറത്തിറക്കിയ ഐഒഎസ് 14.5 അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ലഭിക്കുന്നത്.
ഓരോ നഗരത്തിലെയും 25 മികച്ച ഗാനങ്ങളാണ് ഓരോ പ്ലേലിസ്റ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍ കൂടാതെ, ബാഴ്‌സലോണ, ബെയ്ജിംഗ്, ബെര്‍ലിന്‍, ബ്രിസ്‌ബെയ്ന്‍, ബുഡാപെസ്റ്റ്, ബുസാന്‍, കേപ് ടൗണ്‍, ഷിക്കാഗോ, കൊളോണ്‍, കോപ്പന്‍ഹേഗന്‍, ഡെന്‍വര്‍, ഡിട്രോയിറ്റ്, ഫ്രാങ്ക്ഫര്‍ട്ട്, ഹൂസ്റ്റണ്‍, ജക്കാര്‍ത്ത തുടങ്ങി നൂറിലധികം നഗരങ്ങളില്‍ ഇത്തരത്തില്‍ പ്ലേലിസ്റ്റ് ലഭിക്കും. ഓരോ ദിവസവും പ്ലേലിസ്റ്റുകള്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് ആപ്പിള്‍ വ്യക്തമാക്കി.
റെക്കോര്‍ഡ് ലേബല്‍ സെര്‍ച്ചുകളും പേജുകളും കൂടി അവതരിപ്പിക്കുകയാണ് ആപ്പിള്‍ മ്യൂസിക്. ഇതോടെ വ്യത്യസ്ത റെക്കോര്‍ഡ് ലേബലുകളുടെ ഗാനങ്ങളും ആല്‍ബങ്ങളും കണ്ടെത്താനും കേള്‍ക്കാനും കഴിയും. ലിറിക് ഷെയറിംഗ് ഫീച്ചര്‍ കൂടി ആപ്പിള്‍ മ്യൂസിക് അവതരിപ്പിച്ചു. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഐമെസേജ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സ്റ്റോറികളായി പാട്ടുകളുടെ പ്രത്യേക ഭാഗങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.