5ജി നെറ്റ്വര്‍ക്കിനായി കൈകോര്‍ത്ത് എയര്‍ടെലും ടിസിഎസും
1 min read5 ജി പ്രകടനം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയായി ഈ വര്‍ഷമാദ്യം എയര്‍ടെല്‍ മാറിയിരുന്നു
ന്യൂഡെല്‍ഹി: ഇന്ത്യയ്ക്കായി 5 ജി നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ നടപ്പിലാക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം ഭാരതി എയര്‍ടെലും ടാറ്റ ഗ്രൂപ്പും പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പ് ഒരു ഒ-റാന്‍ അധിഷ്ഠിത റേഡിയോ & എന്‍എസ്എ / എസ്എ കോര്‍ വികസിപ്പിക്കുകയും തികച്ചും തദ്ദേശീയമായ ടെലികോം സ്റ്റാക്ക് ഇതുമായി സംയോജിപ്പിക്കുകയും ചെയ്തുവെന്ന് കമ്പനികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2022 ജനുവരി മുതല്‍ വാണിജ്യ വികസനത്തിന് ഇത് ലഭ്യമാകുമെന്ന് കമ്പനികള്‍ പറയുന്നു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) സിസ്റ്റം ഇന്‍റഗ്രേഷനിലുള്ള അതിന്‍റെ ആഗോള വൈദഗ്ദ്ധ്യം ഈ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരും. കൂടാതെ 3 ജിപിപി, ഒ-റാന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് അന്തിമ സൊലൂഷന്‍ വിന്യസിക്കാന്‍ എയര്‍ടെലിനെ സഹായിക്കും. ഇന്ത്യയിലെ 5 ജി അവതരണ പദ്ധതികളുടെ ഭാഗമായി എയര്‍ടെല്‍ ഈ തദ്ദേശീയ സൊലൂഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2022 ജനുവരിയില്‍ പരീക്ഷണം ആരംഭിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.
” ഈ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ 5 ജി ഉല്‍പ്പന്നവും പരിഹാരങ്ങളും ആഗോള മാനദണ്ഡങ്ങളുമായി ചേര്‍ന്നുപോകുന്നതാണ. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പണ്‍ ഇന്‍റര്‍ഫേസുകളെ അടിസ്ഥാനമാക്കുന്നതും ഒ-റാന്‍ അലയന്‍സ് നിര്‍വ്വചിക്കുകയും ചെയ്തിട്ടുള്ള മറ്റ് ഉല്‍പ്പന്നങ്ങളുമായി ഇടപഴകാനുമാകും . എയര്‍ടെല്ലിന്‍റെ വൈവിധ്യമാര്‍ന്ന ബ്രൗണ്‍ഫീല്‍ഡ് നെറ്റ്വര്‍ക്കില്‍ ഈ 5 ജി സൊലൂഷനുകള്‍ വാണിജ്യപരമായി തെളിയിക്കപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പുതിയ കയറ്റുമതി അവസരങ്ങള്‍ തുറക്കും,” വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയെ 5 ജി, അനുബന്ധ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ആഗോള കേന്ദ്രമാക്കി മാറ്റുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു. ലോകോത്തരമായ സാങ്കേതിക പരിതസ്ഥിതിയും പ്രതിഭാ ലഭ്യതയും ഉപയോഗിച്ച്, അത്യാധുനിക സൊലൂഷനുകളും ആപ്ലിക്കേഷനുകളും നിര്‍മ്മിക്കുന്നതില്‍ ഇന്ത്യക്ക് നല്ല സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ-റാന്‍ അലയന്‍സ് ബോര്‍ഡ് അംഗമാണ് എയര്‍ടെല്‍. ഇന്ത്യയില്‍ ഒ-റാന്‍ അധിഷ്ഠിത നെറ്റ്വര്‍ക്കുകള്‍ സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാനും നടപ്പാക്കാനും എയര്‍ടെല്‍ ശ്രമിക്കുന്നു. ഈ വര്‍ഷം ആദ്യം ഹൈദരാബാദ് നഗരത്തിലെ ലൈവ് നെറ്റ്വര്‍ക്കിലൂടെ, 5 ജി പ്രകടനം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയായി എയര്‍ടെല്‍ മാറി. ടെലികോം വകുപ്പ് അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച് കമ്പനി പ്രധാന നഗരങ്ങളില്‍ 5 ജി ട്രയലുകള്‍ ആരംഭിച്ചിട്ടുണ്ട്. ടിസിഎസും ഒ-റാന്‍ അലയന്‍സ് അംഗമാണ്.