കോവിഡ് രണ്ടാം തരംഗം : സാമ്പത്തിക പാക്കേജ് ഉടന്‍ ഉണ്ടായേക്കും
1 min read
കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം നേരിടാന്‍ കേന്ദ്രം ഇതുവരെ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല
അടിസ്ഥാനസൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പാക്കേജ് ഉടന്‍ ഉണ്ടായേക്കും
ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാത്തതില്‍ ബിസിനസ് ലോകത്തിന് അതൃപ്തി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. കേസുകളുടെ എണ്ണം വ്യാപകമായി കുറഞ്ഞുവരുന്നുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണില്‍ തട്ടി സാമ്പത്തിക-ബിസിനസ് മേഖലകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു.
രണ്ടാം തരംഗം എത്തി ഇത്ര സമയമായിട്ടും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല. ഇതില്‍ ബിസിനസ് ലോകത്തിന് വലിയ തോതില്‍ അതൃപ്തിയും ഉണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് കേന്ദ്രം ഉടന്‍ തന്നെ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കും.
സാമ്പത്തിക രംഗത്തിന് കുതിപ്പ് പകരാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനും വ്യക്തമാക്കിയിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളിലെ കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിന് ചുരുങ്ങിയത് മൂന്ന് ലക്ഷം കോടി രൂപയുടെ എങ്കിലും ഉത്തേജന പാക്കേജ് വേണമെന്നാണ് വ്യവസായിക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഉല്‍പ്പാദനത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കോവിഡ് രണ്ടാം തരംഗം വരുത്തിയിരിക്കുന്നത്. 2021ലെ സാമ്പത്തിക ബജറ്റ് കോവിഡ് മഹാമാരി കൂടി കണക്കിലെടുത്തായിരുന്നു എന്നാണ് സര്‍ക്കാര്‍ നിലപാട്. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയെ സജീവമാക്കുകയും അനൗചചാരിക മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് സര്‍ക്കാരിന്‍റെ പക്ഷം. പോയ സാമ്പത്തിക വര്‍ഷത്തിന്‍റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ അത് ദൃശ്യമായി എന്നും സര്‍ക്കാര്‍ വാദിക്കുന്നു.
മൂലധന ചെലവിടലില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയപ്പോള്‍ നാലാം പാദത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖല 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള പദ്ധതിയിലൂടെ സര്‍ക്കാരിന് ചെലവ് കൂടും. ഇതിന് പുറമെ 18 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും സാമ്പത്തിക ബാധ്യത കൂട്ടുന്നു.
സാമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിക്കും
ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക സര്‍വേ അനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ച 11 ശതമാനമായിരിക്കും. 2021 മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ചുരുങ്ങിയത് 7.3 ശതമാനമാണ്.
ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നീ മേഖലകളെ ഫോക്കസ് ചെയ്തായിരിക്കും പുതിയ ഉത്തേജന പാക്കേജ് വരുക. നികുതി ഇളവുകളുടെ രൂപത്തിലാകും ഒരുപക്ഷേ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അടുത്തിടെ 14 ബില്യണ്‍ ഡോളറിന്‍റെ ലാഭവീതം ലഭിച്ചെങ്കിലും സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.