മ്യാന്‍മാറില്‍ സായുധ ചെറുത്തുനില്‍പ്പ് തുടരുന്നു; മിന്‍ഡാറ്റില്‍ രൂക്ഷ പോരാട്ടം
1 min readന്യൂഡെല്‍ഹി: മ്യാന്‍മാറിലെ ചിന്‍ സംസ്ഥാനത്തെ മിന്‍ഡാറ്റ് പട്ടണത്തില്‍ ശനിയാഴ്ച സിവിലിയന്‍ പോരാളികളും സൈന്യവുമായി കനത്തപോരാട്ടം നടന്നു. സൈനിക ഭരണത്തെ എതിര്‍ക്കുന്ന രണ്ട് പ്രതിഷേധക്കാര്‍കൂടി വെള്ളിയാഴ്ച കൊല്ലപ്പെട്ടതായി ചെറുത്തുനില്‍ക്കുന്നവരുടെ വക്താവ് ആയ ജോണ്‍ പറഞ്ഞു. വക്താവിന്‍റെ യഥാര്‍ത്ഥ പേര് മറച്ചുവെച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മിന്‍ഡാറ്റില്‍ സൈനികഭരണകൂടം സൈനികനിയമം പ്രഖ്യാപിച്ചതിനെക്കുറിച്ച് മിന്‍ഡാറ്റ് ഡിഫന്‍സ് ഫോഴ്സ് ബോധവാന്‍മാരല്ലെന്ന് ജോണ്‍ പറഞ്ഞു.’അത്തരം പ്രഖ്യാപനങ്ങളെ ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഞങ്ങള്‍ പോരാടും, ടാറ്റ്മാഡോയെ ഞങ്ങളുടെ പട്ടണത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല,’ ജോണ്‍ പറഞ്ഞു.
സമാധാനപരമായ പ്രക്ഷോഭത്തില്‍ നിന്ന് സായുധ സംഘത്തിലേക്കുള്ള ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന്‍റെ നാടകീയമായ പരിവര്‍ത്തനത്തെ മിന്‍ഡാറ്റിലെ സായുധ പ്രതിരോധം അടയാളപ്പെടുത്തുന്നു. ഇത് മ്യാന്‍മാറിലെ ആഭ്യന്തര യുദ്ധത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.ഇതുവരെ കച്ചിന്‍, കാരെന്‍, റാഖൈന്‍ പ്രവിശ്യകള്‍ പോലുള്ള വംശീയ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമായിരുന്നു സായുധ ആക്രമണങ്ങള്‍ ഉണ്ടായിരുന്നത്.
നൂറുകണക്കിന് ബര്‍മീസ് പ്രക്ഷോഭകര്‍ പലായനം ചെയ്യുകയും ഫെഡറല്‍ ആര്‍മി, യുണൈറ്റഡ് ഡിഫന്‍സ് ഫോഴ്സ് പോലുള്ള സായുധ പ്രതിരോധ ഗ്രൂപ്പുകളില്‍ ചേരുകയും ചെയ്തു. ഇപ്പോള്‍ കാരെന്‍, കച്ചിന്‍ വിമത താവളങ്ങളില്‍ അവര്‍ പരിശീലനം നേടുകയും ചെയ്യുന്നുണ്ടെങ്കിലും, പ്രാദേശികമായി ഉപയോഗിക്കുന്ന വെറും വേട്ടയാടല്‍ തോക്കുകളും വെടിമരുന്ന് ഉപയോഗിച്ചുമാണ് അവര്‍ പ്രതിരോധം തീര്‍ക്കുന്നത്. ചിന്‍ പ്രതിരോധ പോരാളികളെ ‘സായുധ തീവ്രവാദികള്‍’ എന്നാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്.
മിന്‍ഡാറ്റ് ഡിഫന്‍സ് ഫോഴ്സ് വെറും 300-400 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ സംഘമാണ്. നൂറ് നാടന്‍ തോക്കുകളാണ് ഇവരുടെ പക്കലുള്ളത്. എന്നാല്‍ ഇവര്‍ കുന്നിന്‍ പ്രദേശങ്ങള്‍ ഉപയോഗിച്ച് ബര്‍മീസ് സൈന്യത്തെ തകര്‍ക്കാന്‍ വിദഗ്ധരാണ്, ജോണ്‍ പറയുന്നു. 33 കിലോമീറ്റര്‍ അകലെയുള്ള മാഗ്വെയിലെ ഒരു താവളത്തില്‍ നിന്ന് പീരങ്കികളുമായി ടാറ്റ്മാഡോ മിന്‍ഡാറ്റ് പട്ടണത്തെ ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സ്നിപ്പര്‍മാരെയും അവര്‍ കൊണ്ടുവന്നിട്ടുണ്ട്, തങ്ങളുടെ രണ്ട് പോരാളികളെ കൊന്നത് സ്നിപ്പര്‍മാരാണ്-ജോണ്‍ ഐഎഎന്‍എസിനോട് പറഞ്ഞു.
‘തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്ന ആര്‍ക്കും നേരെ ഭരണകൂടം വെടിയുതിര്‍ക്കുന്നതിനാല്‍ രണ്ട് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനോ പരിക്കേറ്റവരെ രക്ഷപ്പെടുത്താനോ ഞങ്ങള്‍ക്ക് കഴിയില്ല.’ഞങ്ങളുടെ പട്ടണത്തെ സംരക്ഷിക്കുന്നതിനിടയില്‍ പടിഞ്ഞാറ്, കിഴക്ക് പ്രവേശന കവാടങ്ങള്‍ വഴി ഭരണകൂടങ്ങള്‍ പട്ടണത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നു. പട്ടണത്തിന്‍റെ കിഴക്ക് ഭാഗത്ത് യുദ്ധം ശക്തമാവുകയാണ്. ഡൗണ്‍ടൗണിലും വെടിവയ്പ്പ് നടന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെടിവയ്പിനിടെ മിന്‍ഡാറ്റിനടുത്തെത്തിയ ക്യാഖുവില്‍ നിന്ന് ആറ് സൈനിക വാഹനങ്ങളും സിവിലിയന്‍ റെസിസ്റ്റന്‍സ് പോരാളികള്‍ പിടിച്ചെടുത്തു.ഓടിപ്പോകുന്ന സൈനികര്‍ ഉപേക്ഷിച്ച ആറോളം വാഹനങ്ങളില്‍ ചിന്‍ സിവിലിയന്‍ റെസിസ്റ്റന്‍സ് പോരാളികള്‍ എടുത്ത ആയുധങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. വെള്ളിയാഴ്ച നഗരത്തിന്‍റെ കിഴക്ക് ഭാഗത്ത് നടന്ന വെടിവയ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.
ഒരാഴ്ച നീണ്ടുനിന്ന ചെറുത്തുനില്‍പ്പിന് മറുപടിയായി പട്ടാളക്കാര്‍ പീരങ്കികളുപയോഗിച്ച് പട്ടണം ആക്രമിച്ചിരുന്നു.വ്യാഴാഴ്ച രാത്രിയാണ് സൈനിക ഭരണകൂടം മിന്‍ഡാറ്റിനായി സൈനികനിയമം പ്രഖ്യാപിച്ചത്.സൈനികനിയമപ്രകാരം, പട്ടണത്തിലെ കുറ്റവാളികളെ സൈനിക കോടതികളില്‍ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും. എന്നിരുന്നാലും, മിന്‍ഡാറ്റിന്‍റെ 60 ശതമാനവും തദ്ദേശവാസികളുടെ നിയന്ത്രണത്തിലായതിനാല്‍ സൈനിക നിയമ പ്രഖ്യാപനം പട്ടണത്തെ ബാധിച്ചിട്ടില്ലെന്ന് മിന്‍ഡാറ്റിന്‍റെ പീപ്പിള്‍ അഡ്മിനിസ്ട്രേഷന്‍ അംഗം പറഞ്ഞു.