മ്യാന്‍മാര്‍: മിന്‍ഡാറ്റിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു
ന്യൂഡെല്‍ഹി: മൂന്നാഴ്ചത്തെ രൂക്ഷ പോരാട്ടത്തിന് ശേഷം മ്യാന്‍മാറിന്‍റെ സൈന്യം രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ചിന്‍ സംസ്ഥാനത്തെ ചെറിയ പട്ടണമായ മിന്‍ഡാറ്റിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ധീരമായ ചെറുത്തുനില്‍പ്പിനുശേഷം തങ്ങളുടെ പോരാളികള്‍ പട്ടണത്തില്‍നിന്ന് അടുത്തുള്ള കുന്നുകളിലേക്ക് പിന്മാറിയതായി പ്രാദേശിക മിലിഷ്യ മിന്‍ഡാറ്റ് ഡിഫന്‍സ് ഫോഴ്സ് (എംഡിഎഫ്) വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം മ്യാന്‍മര്‍ സൈനികര്‍ ഗ്രാമവാസികളെ കവചമായി ഉപയോഗിച്ചാണ് നഗരത്തിലേക്ക് കടന്നതെന്ന് എംഡിഎഫ് വക്താവ് ജോണ്‍ പറഞ്ഞു. ‘ഞങ്ങളുടെ സ്വന്തം ആളുകളെ എങ്ങനെ വെടിവച്ചുകൊല്ലും? ടാറ്റ്മാഡോ (മിലിട്ടറി) നിരവധി ഗ്രാമീണരെ മിന്‍ഡാറ്റിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ബന്ദികളാക്കി അവരുടെ മുന്നേറ്റ നിരകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിരുന്നു. അപ്പോഴാണ് ഞങ്ങളുടെ നേതാക്കള്‍ പട്ടണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്,’ ജോണ്‍ പറഞ്ഞു. ജോണ്‍ തന്‍റെ കുടുംബത്തെ മിന്‍ഡാറ്റില്‍ ഉപേക്ഷിച്ചതിനാല്‍ തന്‍റെ മുഴുവന്‍ പേര് വെളിപ്പെടുത്താന്‍ അദേദഹം വിസമ്മതിച്ചിരുന്നു.
ടാറ്റ്മാഡോ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ 300 മുതല്‍ 350 വരെ പ്രദേശവാസികള്‍ മൂന്നാഴ്ച മുമ്പ് എംഡിഎഫില്‍ ചേര്‍ന്നിരുന്നു. ചെറുത്തുനില്‍പ്പ് ശക്തമായതോടെ സൈനികര്‍ക്ക് പിന്തുണനല്‍കുന്നതിനായി ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ ടാറ്റ്മാഡോ നിര്‍ബന്ധിതരായി. സൈനിക വാഹനങ്ങളും മിന്‍ഡാറ്റില്‍ ആക്രമിക്കപ്പെട്ടിരുന്നു. പിന്നീട് പട്ടണത്തിനുനേരെ സേന ടാങ്കുകളും ഉപയാഗിക്കാന്‍ തുടങ്ങി. മിന്‍ഡാറ്റിലെ പ്രദേശവാസികള്‍ സൈനിക ഗവണ്‍മെന്‍റിന്‍റെ അധികാരം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പട്ടണത്തില്‍ സൈനികനിയമം പ്രഖ്യാപിച്ചു. അവിടെ തങ്ങളുടെ അധികാരത്തെ ധിക്കരിക്കുന്നവരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയും സുരക്ഷാ സേനയ്ക്കെതിരായ ആക്രമണത്തിന് ഉത്തരവാദികളായവരെ വിചാരണ ചെയ്യാന്‍ സൈനിക ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.മിന്‍ഡാറ്റിലെ പ്രതിരോധം ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി മാറി, തുടക്കത്തില്‍ സമാധാനപരമായിരുന്നു,എന്നാല്‍ സായുധ ചെറുത്തുനില്‍പ്പാണ് മേഖലയില്‍ നടക്കുന്നത്. സൈനിക അട്ടിമറി മൂലമുണ്ടായ പ്രതിസന്ധി ഇപ്പോള്‍ വലിയ തോതിലുള്ള ആഭ്യന്തര യുദ്ധമായി മാറിയിരിക്കുന്നു.
വലിയ വംശീയ വിമത സൈന്യങ്ങളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്‍ (കെഐഒ), കാരെന്‍ നാഷണല്‍ യൂണിയന്‍ (കെഎന്‍യു) എന്നിവര്‍ ആംഗ് സാന്‍ സൂചിയുടെ എന്‍എല്‍ഡി സര്‍ക്കാരുമായി നിലനിര്‍ത്തിയിരുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഈ കലാപകാരികളില്‍ ചിലര്‍ ബര്‍മീസ് നഗരങ്ങളില്‍ പ്രവേശിക്കുകയും പോലീസ് ഇന്‍ഫോര്‍മറുകളെയും ചൈനീസ് ബിസിനസ്സ് താല്‍പ്പര്യങ്ങളെയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ പോരാളികള്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് എംഡിഎഫ് വക്താവ് ജോണ്‍ പറഞ്ഞു.ടാറ്റ്മാഡോയുമായുണ്ടായ ആക്രമണത്തില്‍ ആറ് പോരാളികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ 25 ലധികം ടാറ്റ്മാഡോ സൈനികരും കൊല്ലപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മിസോകളുമായി വംശീയ ബന്ധം പുലര്‍ത്തുന്നവരാണ് ചിന്‍ മേഖലയിലുള്ളത്.