അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കി
1 min readകാബൂള്‍: മെയ് ഒന്നിന് അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേനയുടെ പിന്മാറ്റം ആരംഭിച്ചതോടുകൂടി രാജ്യത്ത് താലിബാന്‍ തീവ്രവാദികള്‍ പ്രവര്‍ത്തനം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിലവിലുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതായാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഹെല്‍മണ്ട്, സാബുള്‍, ബാഗ്ലാന്‍, ഹെറാത്ത്, ഫറാ, ഫരിയാബ്, തഖാര്‍, ബദാക്ഷന്‍ പ്രവിശ്യകളില്‍ താലിബാന്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാസേനയും ഭീകരരും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായി, ഇതില്‍ ഇരുഭാഗത്തുമായി നിരവധി പേര്‍ കൊല്ലപ്പട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം കഴിഞ്ഞ മൂന്നു ദിവസമായി അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും താലിബാന്‍ തീവ്രവാദികള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും പ്രതിരോധ മന്ത്രാലയം വക്താവ് ഫവാദ് അമാന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 20 സുരക്ഷാ ഉദ്യോഗസ്ഥരും 180 താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെടുകയും 87 കലാപകാരികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക വിശദീകരണം. യുഎസ് ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍ തത്വത്തില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു.
താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് വിദേശ സേനയുടെ പിന്മാറ്റത്തെ സ്വാഗതം ചെയ്തെങ്കിലും ദോഹ കരാര്‍ ലംഘിച്ചതിന് യുഎസിനെ കുറ്റപ്പെടുത്തി. കരാര്‍ പ്രകാരം മെയ് ഒന്നിന് പിന്‍വലിക്കല്‍ പൂര്‍ത്തിയാക്കാന്‍ വാഷിംഗ്ടണ്‍ ബാധ്യസ്ഥരായിരുന്നു. വടക്കന്‍ ബംഗ്ലാന്‍ പ്രവിശ്യയിലെ ബാഗ്ലാന്‍-ഇ-മര്‍കാസി ജില്ലയില്‍ താലിബാന്‍ തീവ്രവാദികള്‍ സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍ ആക്രമണം നടത്തി ഒമ്പത് സൈനികരെ കൊലപ്പെടുത്തി. തൊട്ടടുത്ത ബുര്‍ക്ക ജില്ലയിലെ സുരക്ഷാ ചെക്ക്പോസ്റ്റുകളിലും ഭീകരര്‍ ആക്രമണം നടത്തി. ജില്ലയില്‍ നേരിട്ട കനത്ത തിരിച്ചടിയെ തന്ത്രപരമായ പിന്‍വാങ്ങല്‍ എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. അതേസമയം താലിബാന്‍ വിജയം അവകാശപ്പെടുകയും ചെയ്തു.
ജില്ലാ ആസ്ഥാനം, പോലീസ് ഹെഡ് ഓഫീസ്, ബര്‍കയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. തെക്കുള്ള പ്രധാന നഗരമായ ലഷ്കര്‍ ഗായെയും ഗസ്നി, ഫറാ പ്രവിശ്യകളെയും കീഴടക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ ശ്രമിച്ചു. എന്നാല്‍ ഇവിടെ അഫ്ഗാന്‍സേന ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കി. 39 തീവ്രവാദികള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് അവര്‍ ശ്രമം ഉപേക്ഷിച്ച് പിന്‍വാങ്ങിയെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.സായുധസംഘം സര്‍ക്കാര്‍ സേനയ്ക്ക് നാശനഷ്ടം വരുത്തിയെന്നാരോപിച്ച് മുജാഹിദ് ഈ അവകാശവാദം നിരാകരിച്ചു. ബാഗ്ലാന്‍ പ്രവിശ്യയില്‍ 10 സര്‍ക്കാര്‍ സൈനികര്‍ കൊല്ലപ്പെടുകയും 15 പേരെ പിടികൂടുകയും ചെയ്തതായി അവര്‍ അവകാശപ്പെടുന്നു.