നാല് ആന്‍ഡ്രോയ്ഡ് ടിവി മോഡലുകളുമായി ഐടെല്‍ ജി സീരീസ്
1 min readജി3230ഐഇ, ജി4330ഐഇ, ജി4334ഐഇ, ജി5534ഐഇ എന്നീ നാല് മോഡലുകളാണ് വിപണിയിലെത്തിച്ചത്
ഐടെല്‍ ജി സീരീസ് ആന്‍ഡ്രോയ്ഡ് ടിവി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 32 ഇഞ്ച് മുതല്‍ 55 ഇഞ്ച് വരെയുള്ള സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ടെലിവിഷനുകള്‍ ലഭിക്കും. ജി3230ഐഇ, ജി4330ഐഇ, ജി4334ഐഇ, ജി5534ഐഇ എന്നീ നാല് മോഡലുകളാണ് വിപണിയിലെത്തിച്ചത്. പേരുകള്‍ സൂചിപ്പിക്കുന്നതുപോലെ ഈ മോഡലുകള്‍ യഥാക്രമം 32 ഇഞ്ച്, 43 ഇഞ്ച്, 43 ഇഞ്ച്, 55 ഇഞ്ച് ടെലിവിഷനുകളാണ്. ഫ്രെയിമില്ലാ രൂപകല്‍പ്പന, 24 വാട്ട് സ്പീക്കറുകള്‍, സ്റ്റാന്‍ഡേഡായി 60 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് എന്നിവ മോഡലുകളുടെ സവിശേഷതകളാണ്. ജി സീരീസിലെ നാല് ടിവി മോഡലുകള്‍ക്കും വോയ്‌സ് കണ്‍ട്രോള്‍ സാധ്യമാകുന്ന ബ്ലൂടൂത്ത് റിമോട്ട് കൂടി ഐടെല്‍ നല്‍കും.
എല്ലാ മോഡലുകളുടെയും വില ഐടെല്‍ തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ജി3230ഐഇ മോഡലിന് 16,999 രൂപയും ജി4330ഐഇ മോഡലിന് 28,499 രൂപയുമാണ് വില. ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ വില്‍പ്പന ആരംഭിച്ചു.
ആന്‍ഡ്രോയ്ഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 32 ഇഞ്ച് എച്ച്ഡി റെഡി (1366, 768 പിക്‌സല്‍) ടിവിയാണ് ഐടെല്‍ ജി3230ഐഇ. 3,000:1 കോണ്‍ട്രാസ്റ്റ് അനുപാതം (സിആര്‍), 170 ഡിഗ്രി വ്യൂ ആംഗിള്‍ എന്നിവ സവിശേഷതകളാണ്. 43 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) പാനല്‍ ലഭിച്ച ജി4330ഐഇ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നതും ആന്‍ഡ്രോയ്ഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 4,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, 170 ഡിഗ്രി വ്യൂ ആംഗിള്‍ എന്നിവ ലഭിച്ചു. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 43 ഇഞ്ച് 4കെ (3840, 2160 പിക്‌സല്‍) ടിവിയാണ് ഐടെല്‍ ജി4334ഐഇ. 1,300:1 കോണ്‍ട്രാസ്റ്റ് അനുപാതം, 178 ഡിഗ്രി വ്യൂ ആംഗിള്‍ എന്നിവ നല്‍കി. 55 ഇഞ്ച് (3840, 2160 പിക്‌സല്‍) പാനല്‍ ലഭിച്ചതാണ് സീരീസിലെ ഏറ്റവും വലിയ ടെലിവിഷനായ ഐടെല്‍ ജി5534ഐഇ. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. കോണ്‍ട്രാസ്റ്റ് അനുപാതം 1,200:1. 178 ഡിഗ്രിയാണ് വ്യൂവിംഗ് ആംഗിള്‍. എല്ലാ മോഡലുകളുടെയും പരമാവധി ബ്രൈറ്റ്‌നസ് 400 നിറ്റ്.
12 വാട്ട് വീതം രണ്ട് സ്പീക്കറുകളാണ് ടെലിവിഷനുകള്‍ക്ക് ലഭിച്ചത്. ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ചെയ്യും. റിഫ്രെഷ് റേറ്റ് 60 ഹെര്‍ട്‌സ്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ ഉപയോഗിക്കാന്‍ കഴിയും. ഒരു ജിബി റാം, 8 ജിബി സ്‌റ്റോറേജ് ലഭിച്ചതാണ് ഐടെല്‍ ജി3230ഐഇ, ഐടെല്‍ ജി4330ഐഇ മോഡലുകള്‍. ജി4334ഐഇ, ജി5534ഐഇ ടെലിവിഷനുകളില്‍ 2 ജിബി റാം, 8 ജിബി സ്‌റ്റോറേജ് നല്‍കി.
വൈഫൈ, ബ്ലൂടൂത്ത്, രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ഒരു യുഎസ്ബി പോര്‍ട്ട്, മിനി എവിഐ പോര്‍ട്ട്, ഒരു ഈതര്‍നെറ്റ് പോര്‍ട്ട്, ഹെഡ്‌ഫോണ്‍ ജാക്ക്, ഓപ്റ്റിക്കല്‍ ഔട്ട് എന്നിവയാണ് ജി3230ഐഇ, ജി4330ഐഇ ടെലിവിഷനുകളുടെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. അതേസമയം, ജി4334ഐഇ, ജി5534ഐഇ മോഡലുകള്‍ക്ക് മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ഒരു മിനി എവി, മിനി വൈപിബിപിആര്‍ പോര്‍ട്ട്, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ അധിക കണക്റ്റിവിറ്റി ഓപ്ഷനുകളാണ്.