റെയ്ല്‍വേയെ സ്വകാര്യവത്കരിക്കില്ല, സ്വകാര്യ നിക്ഷേപം ഉയര്‍ത്തും: ഗോയല്‍
1 min readകഴിഞ്ഞ വര്‍ഷം രാജ്യത്തെ പാസഞ്ചര്‍ ട്രെയ്നുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപം ക്ഷണിച്ചിരുന്നു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേയെ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. എന്നാല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തിനിടെ റെയില്‍ അപകടത്തെത്തുടര്‍ന്ന് ഒരു യാത്രക്കാരനും മരിച്ചിട്ടില്ലെന്നും യാത്രക്കാരുടെ സുരക്ഷയില്‍ റെയില്‍വേ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ രാജ്യത്തിന് ഉയര്‍ന്ന വളര്‍ച്ചയിലേക്ക് മുന്നേറാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയൂ. ഇന്ത്യന്‍ റെയില്‍വ്േ ഓരോ ഇന്ത്യക്കാരന്‍റെയും സ്വത്താണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തിലെ 1.5 ലക്ഷം കോടിയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയിലേക്കുള്ള നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ 2.15 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയതായി ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലയിലുള്ള ആസ്തികളും കമ്പനികളും വിറ്റഴിച്ച് വന്‍ തോതിലുള്ള ധന സമാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ റെയ്ല്‍വേയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ആശങ്കകളും എതിര്‍പ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയ്ല്‍വേ മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. എങ്കിലും സര്‍ക്കാരിന്‍റെ ആസ്തി കൈമാറ്റ പദ്ധതിയില്‍ വലിയൊരു പങ്ക് റെയ്ല്‍വേയില്‍ നിന്നായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ പാസഞ്ചര്‍ ട്രെയ്നുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ സ്വകാര്യ നിക്ഷേപം ക്ഷണിച്ചിരുന്നു. 109 റൂട്ടുകള്‍ ഇതിന്‍റെ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരുന്നു. ഇതിലൂടെ 150 ആധുനിക ട്രെയ്നുകള്‍ അവതരിപ്പിക്കാനായിരുന്നു നീക്കം. 30,000 കോടി രൂപയുടെ സമാഹരണമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കൊറോണ മൂലം രാജ്യത്തെ ട്രെയ്ന്‍ ഗതാഗതം തടസങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ ഈ നടപടികള്‍ മുന്നോട്ടുപോയില്ല.