ഹീറോ എക്‌സ്പള്‍സ് 200ടി ഇപ്പോള്‍ ബിഎസ് 6 പാലിക്കും
ഡെല്‍ഹി എക്‌സ് ഷോറൂം വില 1,12,800 രൂപ
ന്യൂഡെല്‍ഹി: ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹീറോ എക്‌സ്പള്‍സ് 200ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിളിന് 1,12,800 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസൈന്‍, സ്റ്റൈലിംഗ്, ഫീച്ചറുകള്‍, സൈക്കിള്‍ പാര്‍ട്ടുകള്‍ എന്നീ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളില്‍ 2021 ഹീറോ എക്‌സ്പള്‍സ് 200ടി ലഭിക്കും. പുതിയ എക്‌സ്പള്‍സ് 200ടി വിപണിയില്‍ അവതരിപ്പിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.
എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടി എന്നീ അഡ്വഞ്ചര്‍ മോഡലുകളാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ എക്‌സ്പള്‍സ് 200 സീരീസില്‍ ഉള്‍പ്പെടുന്നത്. കൂറേക്കൂടി റോഡ് സൗഹൃദ ടൂറിംഗ് വകഭേദമാണ് എക്‌സ്പള്‍സ് 200ടി. അലോയ് വീലുകള്‍, നിവര്‍ന്ന റൈഡിംഗ് പൊസിഷന്‍ എന്നിവ ലഭിച്ചു.
പരിഷ്‌കരിച്ച 199.6 സിസി, ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 8,500 ആര്‍പിഎമ്മില്‍ 17.8 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 16.15 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബിഎസ് 6 പാലിക്കുന്നതിന് എന്‍ജിന്‍ ട്യൂണ്‍ ചെയ്യുകയും വ്യത്യസ്ത എക്‌സോസ്റ്റ് ഡിസൈന്‍ ലഭിക്കുകയും ചെയ്തതോടെ കരുത്തും ടോര്‍ക്കും കുറഞ്ഞു. ബിഎസ് 4 പാലിച്ചിരുന്ന ഇതേ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 18.1 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കുമാണ് പരമാവധി പുറപ്പെടുവിച്ചിരുന്നത്.
എല്‍ഇഡി ഹെഡ്‌ലൈറ്റ് കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോള്‍ അലര്‍ട്ടുകള്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ സഹിതം എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ ക്രമീകരിക്കാവുന്ന 7 സ്റ്റെപ്പ് മോണോഷോക്ക് എന്നിവയാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ഹീറോ എക്‌സ്പള്‍സ് 200ടി ഓടുന്നത്. 177 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 154 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്.