Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇല മുതല്‍ തൊലി വരെ പോഷകങ്ങള്‍; മുരിങ്ങച്ചെടി ഒരു സൂപ്പര്‍ഫുഡ്

1 min read

മുരിങ്ങച്ചെടിയെ ‘ഒരത്ഭുതച്ചെടി’യായാണ് പഴമക്കാര്‍ കരുതുന്നത്. എല്ലാ ഭാഗങ്ങള്‍ക്കും നിരവധി ഉപയോഗങ്ങളും പോഷകഗുണങ്ങളും ഉള്ളത് കൊണ്ടാണിത്

ഇല, പൂവ്, കായ് എന്തിന് തൊലിയില്‍ വരെ പോഷകങ്ങള്‍ നിറച്ച പ്രകൃതിയുടെ ഒരസ്സല്‍ വരദാനമാണ് മുരിങ്ങാച്ചെടി. സാമ്പാറിലും അവിയലിലുമൊക്കെ മാറ്റിനിര്‍ത്താനാവാത്ത മുരിങ്ങാക്കോല് അടുക്കളയിലെന്നപോലെ ആരോഗ്യ സംരക്ഷണത്തിലും നിറസാന്നിധ്യമാണ്. തോരനായും കറിയായും പല രൂപങ്ങളിലെത്തുന്ന മുരുങ്ങിയിലയുടെ ഔഷധ ഗുണങ്ങള്‍ പറഞ്ഞാലും തീരില്ല. മുരിങ്ങാപ്പൂ തോരനാണെങ്കില്‍ രുചിയിലും ഗുണത്തിലും കേമനാണ്. ചുരുക്കിപ്പറഞ്ഞാല്‍ പോഷകഗുണവും ഔഷധഗുണവും കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു ചെടിയാണ് മുരിങ്ങയെന്നതില്‍ ഒരു സംശയവുമില്ല.

മുരിങ്ങയിലയിലെ പോഷകങ്ങള്‍

നൂറ് ഗ്രാം മുരിങ്ങയിലയില്‍ 6.78 മില്ലിഗ്രാം വൈറ്റമിന്‍ എ, 0.06 മില്ലിഗ്രാം തയമിന്‍, 0.05 മില്ലിഗ്രാം റൈബോഫ്‌ളാവിന്‍, 220 മൈക്രോഗ്രാം വൈറ്റമിന്‍ സി, 440 മില്ലിഗ്രാം കാല്‍സ്യം, 92 കലോറി, 12.5 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്,  1.70 മില്ലിഗ്രാം കൊഴുപ്പ്, 0.90 മില്ലിഗ്രാം ഫൈബര്‍, 0.85 മില്ലിഗ്രാം അയേണ്‍, 6.70 ഗ്രാം പ്രോട്ടീന്‍ എന്നിവയടങ്ങിയിരിക്കുന്നു. മാത്രമല്ല, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങി ധാതുക്കളുടെയും കലവറയാണ് മുരിങ്ങയില.

 

ദിവസവും മുരിങ്ങയില കഴിച്ചാല്‍

മുരിങ്ങച്ചെടിയെ ‘ഒരത്ഭുതച്ചെടി’യായാണ് പഴമക്കാര്‍ കരുതുന്നത്. എല്ലാ ഭാഗങ്ങള്‍ക്കും നിരവധി ഉപയോഗങ്ങളും പോഷകഗുണങ്ങളും ഉള്ളത് കൊണ്ടാണിത്. മുരിങ്ങയിലച്ചാറിന് നിരവധി ഔഷധഗുണങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മുരിങ്ങ കഴിച്ചാലുള്ള ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

പോഷകങ്ങളുടെ കലവറ ശരീരത്തിന് ഗുണം ചെയ്യുന്ന എല്ലാ വൈറ്റമിനുകളുളും ധാതുക്കളുമടങ്ങിയ ഒരു ഭക്ഷണസാധനമാണ് മുരിങ്ങ. കാരറ്റ്, ഓറഞ്ച്, എന്തിന് പാലിലെ പോഷകഗുണങ്ങള്‍ വരെ മുരിങ്ങാക്കോലില്‍ അടങ്ങിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഫോലേറ്റ്, കാല്‍സ്യം, പൊട്ടാസ്യം, നിയസിന്‍, വൈറ്റമിന്‍ ബി6, തയാമിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മുരിങ്ങയില്‍ കൊഴുപ്പ് വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നത്.ചീത്ത കൊളസ്‌ട്രോള്‍ ഒട്ടുംതന്നെ ഇല്ല

കരളിനെ സംരക്ഷിക്കുന്നു ഓക്‌സിഡേഷനില്‍ നിന്നും മറ്റ് തകരാറുകളില്‍ നിന്നും കരളിന് സംരക്ഷണം നല്‍കുന്ന ഭക്ഷണസാധനമാണ് മുരിങ്ങ. ആന്റി-ട്യൂബെര്‍കുലാര്‍ മരുന്നുകളുണ്ടാക്കുന്ന ദോഷഫലങ്ങളില്‍ നിന്നും മുരിങ്ങാസത്ത് കരളിനെ സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആമാശയപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും നിരവധി പച്ചക്കറികളും പഴങ്ങളും ദഹനത്തെ സഹായിക്കുമെങ്കിലും മുരിങ്ങയിലയുടെ ഔഷധഗുണങ്ങള്‍ മലബന്ധം, കുടലിലെ അണുബാധ തുടങ്ങിയ ആമാശയ പ്രശ്‌നങ്ങള്‍ക്കെതിരെ ഫലപ്രദമാണ്.മുരിങ്ങയില്‍ രോഗകാരണമാകുന്ന രോഗാണുക്കളുടെ വളര്‍ച്ച തടയുന്ന ആന്റിബാക്ടീരിയല്‍ ആന്റിബയോട്ടിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണിത്. മാത്രമല്ല, മുരിങ്ങയില്‍ ധാരാളമായിട്ടുള്ള ഫൈബറും വൈറ്റമിന്‍ ബിയും ദഹനത്തെ സഹായിക്കുന്നു.

അര്‍ബുദത്തിനെതിരെയും ഫലപ്രദം മുരിങ്ങാക്കോലിന്റെ ഔഷധഗുണങ്ങള്‍ ചിലയിനം അര്‍ബുദങ്ങളുടെ വളര്‍ച്ച തുടക്കത്തിലേ ഇല്ലാതാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അര്‍ബുദ രോഗികള്‍ മുരിങ്ങ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് രോഗവളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന നിയാസിമികിന്‍ എന്ന സംയുക്തവും മുരിങ്ങയില്‍ ഉണ്ട്.

ഇവ കൂടാതെ, മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം സംരക്ഷിക്കുകയും വാത രോഗങ്ങള്‍ ഇല്ലാതാക്കുകയും എല്ലുകളുടെയും ലിഗമെന്റുകളുടെയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും മുരിങ്ങ നല്ലതാണ്. ദിവസവും മുരിങ്ങയിലയോ മുരിങ്ങാക്കോലോ കഴിക്കുന്നതിലൂടെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക്് എന്നും കഴിക്കാവുന്ന ഒരു ഭക്ഷണസാധനമാണ് മുരിങ്ങ. ദിവസവും മുരിങ്ങ കഴിച്ചതിലൂടെ പ്രമേഹ രോഗികളില്‍ ഹീമോഗ്ലോബിന്‍ പ്രവര്‍ത്തനം മെച്ചപ്പെട്ടതായും രക്തത്തിലെ പഞ്ചസാരയും പ്രോട്ടീനും മതിയായ അളവിലേക്ക് എത്തിയതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസവും മുരിങ്ങ സത്ത് കഴിച്ചാല്‍ ആസ്്തമ മൂലമുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് ചില ഗവേഷണങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ ശ്വസന പ്രശ്‌നങ്ങള്‍ അകറ്റാനും ശ്വാസോച്ഛാസവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ മുരിങ്ങയ്ക്ക് ശേഷിയുണ്ട്.

Maintained By : Studio3