December 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ‘ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍’ പുരസ്കാരം കേരളത്തിന്

1 min read

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും ചികിത്സാ പാരമ്പര്യങ്ങളുടെയും മികവിലൂടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിന് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍ ‘പുരസ്കാരം. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025 ലെ ബെസ്റ്റ് അവാര്‍ഡ്സ് പട്ടികയിലാണ് കേരളം ഇടം പിടിച്ചത്. യാത്ര, ലൈഫ്സ്റ്റൈല്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനെ ആദരിക്കുന്നതിനായി വായനക്കാരുടെ വോട്ടിംഗിന്‍റെ അടിസ്ഥാനത്തിലാണ് ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ വിജയികളെ തിരഞ്ഞെടുക്കുന്നത്. പ്രിന്‍റ് ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ലോകത്തെ ആഴത്തില്‍ അനുഭവവേദ്യമാക്കുന്ന ആഗോള പ്രശസ്തമായ ട്രാവല്‍ മീഡിയയാണ് ട്രാവല്‍ പ്ലസ് ലെയ്ഷര്‍. ഇന്ത്യയിലെ വെല്‍നെസ് ടൂറിസം രംഗത്ത് കേരളത്തിന്‍റെ ആധിപത്യം അടിവരയിടുന്നതാണ് ഈ ബഹുമതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള വെല്‍നെസ് ടൂറിസ്റ്റുകളെ കേരളത്തിന്‍റെ ആയുര്‍വേദ ചികിത്സകള്‍ വര്‍ഷം മുഴുവനും ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്‍റെ പ്രകൃതിസൗന്ദര്യവും കാലങ്ങളായുള്ള ആയുര്‍വേദ പാരമ്പര്യവും മറ്റ് ചികിത്സാ രീതികളും വിനോദസഞ്ചാരികള്‍ക്ക് പുത്തനുണര്‍വ് പകരുന്നതാണ്. ഇതിലൂടെ അവര്‍ കേരളത്തിലെ വെല്‍നെസ് ടൂറിസത്തിന്‍റെ അംബാസഡര്‍മാരായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയുടെ എഡിറ്റര്‍-ഇന്‍-ചീഫ് അക്ഷിത എം ഭഞ്ച് ദിയോയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിന്‍റെ ആയുര്‍വേദ-വെല്‍നെസ് ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2026 ഫെബ്രുവരിയില്‍ കോഴിക്കോട് വച്ച് സംസ്ഥാനത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നെസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖരെ ഒരുമിച്ച് കൊണ്ടുവന്ന് ഈ മേഖലയില്‍ കേരളത്തിന്‍റെ നേതൃസ്ഥാനം ശക്തമാക്കുകയാണ് കോണ്‍ക്ലേവിന്‍റെ ലക്ഷ്യം. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ലോകമെമ്പാടുമുള്ള വായനക്കാര്‍ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിലായി ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകള്‍ എന്നിവയില്‍ നിന്നാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്.

  ജര്‍മ്മന്‍ എ1 ലെവല്‍ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3