ബഹുഭാഷാ സിനിമകളുടെ സർട്ടിഫിക്കേഷൻ പ്രക്രിയ സുഗമമാക്കാൻ സിബിഎഫ്സി
തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിനായുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ ഡിജിറ്റൈസ് ചെയ്യാനും ലളിതമാക്കാനും ലക്ഷ്യമിട്ട്, ബഹുഭാഷാ മൊഡ്യൂൾ ഇ-സിനിപ്രമാൺ പോർട്ടലിൽ വിന്യസിച്ചു. ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമകൾക്കുള്ള സർട്ടിഫിക്കേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി നിലവിലുള്ള പ്രക്രിയയ്ക്ക് പുറമേയാണ് ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. അപേക്ഷകർക്ക് ഒരൊറ്റ ഏകീകൃത ആപ്ലിക്കേഷനിലൂടെ സിനിമയുടെ വിവിധ ഭാഷകളിലുള്ള പതിപ്പ് സമർപ്പിക്കാൻ ഈ സൗകര്യം പ്രാപ്തമാക്കും. ഈ മൊഡ്യൂളിന് കീഴിൽ സാക്ഷ്യപ്പെടുത്തിയ ഓരോ സിനിമയ്ക്കും ഒരു ബഹുഭാഷാ സർട്ടിഫിക്കറ്റ് നൽകും, അതിൽ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ച എല്ലാ ഭാഷകളും വ്യക്തമാക്കും. ഒരു മേഖലാ ഓഫീസിൽ തന്നെയാണ് അപേക്ഷകൾ വിലയിരുത്തുന്നത് എന്നതും സർട്ടിഫിക്കേഷൻ പ്രക്രിയ സുഗമമാക്കും. പാൻ-ഇന്ത്യ സിനിമകളുടെ ഉയർച്ചയെ പ്രോത്സാഹിപ്പിക്കാനും, വൈവിധ്യമാർന്ന ഭാഷാ പ്രേക്ഷകരെ സേവിക്കുന്ന ഒരു ഏകീകൃത സംവിധാനം ചലച്ചിത്ര നിർമ്മാതാക്കൾക്ക് നൽകുക എന്നതുമാണ് ബഹുഭാഷാ ഫിലിം സർട്ടിഫിക്കേഷന്റെ ലക്ഷ്യം.
