യെസ് ബാങ്കിന് 801 കോടി രൂപയുടെ അറ്റാദായം

കൊച്ചി: യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 59.4 ശതമാനം നേട്ടത്തോടെ 801 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇത് തുടര്‍ച്ചയായ ഏഴാമത്തെ ത്രൈമാസമാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ വര്‍ധനവു രേഖപ്പെടുത്തുന്നത്. ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 53.4 ശതമാനം വാര്‍ഷിക വര്‍ധനവോടെ 1,358 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ ആകെ വായ്പകള്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,41,024 കോടി രൂപയിലെത്തി. വാണിജ്യ ബാങ്കിങ്, മൈക്രോ ബാങ്കിങ് എന്നിവയിലുണ്ടായ ശക്തമായ വളര്‍ച്ച ഇതിനു സഹായകമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്കിന്‍റെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.6 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.3 ശതമാനവുമാണ്. ബാങ്കിന്‍റെ ഒന്നാം ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം 2,371 കോടി രൂപയാണ്. പലിശ ഇതര വരുമാനം 46.1 ശതമാനം വളര്‍ച്ചയോടെ 1,752 കോടി രൂപയിലുമെത്തിയിട്ടുണ്ട്.