ഒറ്റപ്പാലത്ത് സജ്ജമായി രാജ്യത്തെ ആദ്യ പ്രതിരോധ വ്യവസായ പാര്‍ക്ക്
1 min read130.84 കോടി രൂപയുടേതാണ് പദ്ധതി. കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് തയ്യാറായിരിക്കുന്നത്.
പാലക്കാട്: പ്രതിരോധ മേഖലയ്ക്ക് വേണ്ടിമാത്രമായുള്ള രാജ്യത്തെ ആദ്യ വ്യവസായ പാര്‍ക്ക് കേരളത്തില്‍ സജ്ജമായി. പാലക്കാട് ഒറ്റപ്പാലത്താണ് 130.84 കോടി രൂപ ചെലവില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ പ്രതിരോധ പാര്‍ക്ക് തയ്യാറായിരിക്കുന്നത്. 60 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ക്കില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണം, ഗവേഷണവും വികസനവും, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുളളത്. പാര്‍ക്കിന്റെ ഉദ്ഘാടനം അടുത്ത മാസം പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഡിഫന്‍സ് പാര്‍ക്കിലൂടെ ഉദ്ദേശിക്കുന്നത്. ചെറിയ ആയുധങ്ങളും തോക്കുകളും ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളാവും പ്രധാനമായും ഒറ്റപ്പാലത്തെ പാര്‍ക്കില്‍ ഉണ്ടാവുക. ഒറ്റ എന്‍ജിന്‍ വിമാനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രൊപ്പോസലും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യവസായ സംരഭകരെ കണ്ടെത്തി നിശ്ചിത കാലത്തേക്ക് ഭൂമി കൈമാറുകയാണ് ചെയ്യുന്നത്. തുടക്കത്തില്‍ ഫിക്കിയുമായി ചേര്‍ന്ന് നടത്തിയ വെബിനാറില്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 150ല്‍ പരം വ്യവസായികള്‍ പങ്കെടുത്തു. ഇതില്‍ 30 ഓളം പേര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ പാര്‍ക്ക് വരുന്നതോടെ അയ്യായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണങ്ങള്‍ക്ക് പുറമെ 50 കോടി രൂപയാണ് കേന്ദ്ര സഹായം. പ്രതിരോധ ഉപകരണ നിര്‍മ്മാണം, പ്രതിരോധ ഗതിനിര്‍ണയ ഉത്പന്നങ്ങള്‍, വ്യോമയാന -നാവിക സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, തന്ത്രപരമായ ആശയവിനിമയ സംവിധാനങ്ങള്‍, വ്യക്തിഗത ഉപകരണങ്ങള്‍, സുരക്ഷാ വസ്ത്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് മുന്‍ ഗണന നല്‍കും.
ഭൂമി, കെട്ടിട സമുച്ചയം, സംഭരണശാല, കോമണ്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങിയവ സംരംഭകര്‍ക്കായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡ്, പരിശീലന മുറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തയ്യാറാണ്. 30 വര്‍ഷത്തേക്കാവും വ്യവസായങ്ങള്‍ക്ക് ഭൂമി നല്‍കുക.