കേരളത്തിൽ മൂന്ന് ലക്ഷം കോടിരൂപയുടെ ദേശീയപാതാ പദ്ധതികള്‍: കേന്ദ്രമന്ത്രി ഗഡ്കരി

കൊച്ചി: സംസ്ഥാനത്ത് 50,000 കോടി രൂപയുടെ 31 പുതിയ ദേശീയപാതാ പദ്ധതികള്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന സദസ്സിനെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന് മോദി സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ ദേശീയപാതകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. ഇതിലൂടെ ടൂറിസം, എംഎസ്എംഇ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ നടത്തുന്നതും പുതിയതുമായ മൂന്ന് ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഇതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 120 കിമി ദൂരം വരുന്ന 10,840 കോടി രൂപയുടെ അഞ്ച് പാക്കേജുകളാണ് പുതുതായി അനുവദിക്കുന്നത്. ഇത് കരാര്‍ നല്‍കുന്നതിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. മൂന്നുമാസത്തിനുള്ളില്‍ ഈ പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്-കോഴിക്കോട് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് റോഡ് സേലത്തെ വ്യവസായനഗരവുമായി മലബാര്‍ മേഖലയെ ബന്ധിപ്പിക്കാന്‍ സഹായിക്കും. അങ്കമാലിയിലെ കരയാമ്പറമ്പ് മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള 45 കിമി ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് പാത എന്‍എച് 544, 66 എന്നിവയെ ബന്ധിപ്പിക്കും. 6,500 കോടി രൂപ ഇതിനു ചെലവ് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനകം നിര്‍മ്മാണം ആരംഭിക്കും. നിലവില്‍ ഒന്നരമണിക്കൂറെടുക്കുന്ന യാത്രാസമയം 20 മിനിറ്റായി ചുരുങ്ങുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡാണ് മറ്റൊരു പദ്ധതി. 68.7 കിമി ദൈര്‍ഘ്യമുള്ള ഈ പാതയ്ക്ക് 5,000 കോടി രൂപയാണ് ചെലവ്. 90 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ആരംഭിക്കാം. വിശദമായ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞു. ഔട്ടര്‍ റിങ് റോഡ് പൂര്‍ത്തിയായാല്‍ വിഴിഞ്ഞത്തേക്കുള്ള പാത സുഗമമാകുമെന്നും മന്ത്രി പറഞ്ഞു. ഇടമണ്‍-കൊല്ലം പാത നാലുവരിയാക്കുന്ന പദ്ധതിയും നിഥിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. അഞ്ച് മാസത്തിനകം നിര്‍മ്മാണം ആരംഭിക്കും. കൊല്ലത്തു നിന്നും മധുര വരെയുള്ള സുഗമമായ യാത്ര ഇത് സാധ്യമാക്കും. യാത്രാസമയം ആറ് മണിക്കൂറില്‍ നിന്നും രണ്ടു മണിക്കൂറായി ചുരുങ്ങുമെന്നും മന്ത്രി പറഞ്ഞു. എംഎസ്എംഇ, ടൂറിസം, കയര്‍-ഭൂവസ്ത്ര വ്യവസായം, റബര്‍, ആയുര്‍വേദം എന്നിവയാണ് കേരളത്തില്‍ വന്‍ വളര്‍ച്ചാശേഷിയുള്ള മേഖലകള്‍. നിലവില്‍ സംസ്ഥാനത്ത് 20,000 കോടി രൂപയുടെ ദേശീയപാതാ വികസനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 60,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പലഘട്ടങ്ങളിലാണ്. കേരളത്തിലെ ജനങ്ങളുടെ സംസ്ക്കാരം, ജീവിതനിലവാരം, ആരോഗ്യശ്രദ്ധ, വിദ്യാഭ്യാസം എന്നിവയെ മന്ത്രി പ്രകീര്‍ത്തിച്ചു. കേരളത്തിന്‍റെ ചരിത്രം ഇന്ത്യയുടെ ചരിത്രാമാണെന്നും അദ്ദേഹം പറഞ്ഞു.