February 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും: കരണ്‍ അദാനി

1 min read

കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ (ഐകെജിഎസ് 2025) ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ല്‍ വിഴിഞ്ഞം പോര്‍ട്ടിന് നേതൃത്വം നല്‍കിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്‍റ് ഹബ്ബെന്നത് മാത്രമല്ല, ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കരണ്‍ അദാനി പറഞ്ഞു. 5,500 കോടി രൂപയുടെ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരില്‍ നിന്ന് 12 ദശലക്ഷമായി വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഇ-കൊമേഴ്സ് ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയും: ഐകെജിഎസ്
Maintained By : Studio3