ക്ഷീരകര്‍ഷകര്‍ക്ക് പുതിയ ക്ഷേമ പദ്ധതികളുമായി ടിആര്‍സിഎംപിയു
തിരുവനന്തപുരം: നാല് തെക്കന്‍ ജില്ലകളിലെ ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് മൂന്ന് പുതിയ പദ്ധതികളുമായി മില്‍മയുടെ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ (ടിആര്‍സിഎംപിയു). നെയ്യാറ്റിന്‍കരയില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘ക്ഷീര സുമംഗലി’, ക്ഷീര സൗഭാഗ്യ, ‘സാന്ത്വന സ്പര്‍ശം’ എന്നീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷം വേനല്‍ക്കാലത്ത് ടിആര്‍സിഎംപിയു നടപ്പിലാക്കിയ ‘ഹീറ്റ് ഇന്‍ഡക്സ് ക്യാറ്റില്‍ ഇന്‍ഷുറന്‍സ്’ പദ്ധതിയുടെ നഷ്ടപരിഹാരത്തുകയായി ലഭിച്ച 1,18,15,600 രൂപയുടെ യൂണിയന്‍തല വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി.
ക്ഷീരമേഖലയുടെ ഉന്നമനത്തിനായി ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കിടാരി പാര്‍ക്കുകള്‍, ഉരുക്കളെ വാങ്ങുന്നതിന് പലിശരഹിത വായ്പ, ചര്‍മമുഴ ബാധിച്ച് ചത്ത ഉരുക്കള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ പെണ്‍മക്കള്‍ക്ക് അല്ലെങ്കില്‍ ക്ഷീരകര്‍ഷകയ്ക്ക് 10,000 രൂപ വീതവും വിധവകളായ ക്ഷീരകര്‍ഷകരുടെ പെണ്‍മക്കള്‍ക്ക് 25000 രൂപ വീതവും വിവാഹ ധനസഹായമായി നല്‍കുന്ന പദ്ധതിയാണ് ‘ക്ഷീര സുമംഗലി’.
ക്ഷീരകര്‍ഷകരുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം നല്കുന്ന പദ്ധതിയാണ് ‘ക്ഷീര സൗഭാഗ്യ’. ഗുരുതരരോഗ ബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായം നല്കുന്ന പദ്ധതിയാണ് ‘സാന്ത്വന സ്പര്‍ശം’. ടിആര്‍സിഎംപിയു ചെയര്‍മാന്‍ മണി വിശ്വനാഥ്, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി. കെ. രാജ്മോഹന്‍, ക്ഷീരവികസന വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡോ. മുരളി പി, ടിആര്‍സിഎംപിയു ഭരണസമിതി അംഗങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ റീജണല്‍ മാനേജര്‍ വരുണ്‍. എസ്, എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് ലിമിറ്റഡിന്‍റെ പ്രതിനിധി ജോസ് സൈമണ്‍ .എം എന്നിവരും സന്നിഹി തരായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് പുതിയ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിക്കും.