രാജ്യത്ത് 60 ദശലക്ഷം സന്ധിവാത രോഗികള്‍
തിരുവനന്തപുരം: രാജ്യത്ത് 60 ദശലക്ഷം സന്ധിവാത രോഗികളുണ്ടെന്നും എന്നാല്‍ ഇതൊരു പ്രധാന സാംക്രമികേതര രോഗമായി സര്‍ക്കാര്‍ തലത്തില്‍ കണക്കാക്കപ്പെട്ടിട്ടില്ലെന്നും രംഗത്തെ വിദഗ്ദ്ധര്‍. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെക്കുറിച്ചുള്ള സെമിനാറിലാണ് വിദഗ്ധര്‍ അഭിപ്രായ പ്രകടനം നടത്തിയത്. അസ്ഥി-പേശീ വേദനയെക്കുറിച്ചുള്ള ദേശീയ സര്‍വേയില്‍ സന്ധിവാതം ബാധിച്ചവര്‍ 0.32 ശതമാനമാണെന്ന് തിരിച്ചറിഞ്ഞതായി ആയുഷ് മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡെമിയോളജി ചെയറായ അരവിന്ദ് ചോപ്ര പറഞ്ഞു. ഇന്ത്യയിലെ 60 ദശലക്ഷം ആളുകള്‍ക്ക് ഇത് ബാധിച്ചിട്ടുണ്ട്. സന്ധിവാതം ബാധിച്ച പലരും അത് ഗുരുതരമായ തലത്തിലേക്ക് എത്തുന്നതു വരെ വൈദ്യസഹായം തേടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ ചികില്‍സകള്‍ മറ്റു ചികില്‍സകള്‍ക്കൊപ്പം നല്‍കിയാല്‍ സന്ധിവാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്ന് സെഷനില്‍ പങ്കെടുത്ത വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോസ്റ്റ്-ഗ്രാജുവേറ്റ് ടീച്ചിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ ഡയറക്ടര്‍ അനൂപ് താക്കര്‍, ലാത്വിയ സര്‍വകലാശാലയിലെ മെഡിസിന്‍ പ്രൊഫസര്‍ വാല്‍ഡിസ് പിരാഗ്സ് എന്നിവര്‍ പ്രമേഹ ചികിത്സയില്‍ ആയുര്‍വേദത്തെ യോഗയുമായി സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി. 2021-ല്‍ നടത്തിയ ആഗോള പഠനത്തില്‍ 532 ദശലക്ഷം ആളുകള്‍ പ്രമേഹബാധിതരാണെന്നും 2045 ഓടെ ഇത് 783 ദശലക്ഷത്തിലെത്തുമെന്നും അനൂപ് താക്കര്‍ പറഞ്ഞു. സര്‍വേയിലൂടെ പ്രമേഹരോഗികളാണെന്ന് തിരിച്ചറിഞ്ഞ 266 ദശലക്ഷം ആളുകള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നു എന്നതാണ് കൂടുതല്‍ ഭയാനകമെന്നും അദ്ദേഹം പറഞ്ഞു.
തലച്ചോറിലെ ഹൈപ്പോതലാമസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രമേഹരോഗികളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ച് വാല്‍ഡിസ് പിരാഗ്സ് സംസാരിച്ചു. പ്രമേഹ രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സയിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുര്‍വേദത്തിലെ പുരാതന ജ്ഞാനവും പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്‍റെ ആധുനിക രീതികളും സമന്വയിപ്പിക്കുന്നത് ആധുനിക ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടു പോകും. ആധുനിക ചികിത്സാ രീതികള്‍ രോഗികള്‍ക്ക് പൂര്‍ണ സൗഖ്യം നല്കുന്നില്ലെന്ന് കണ്ണൂരിലെ ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ എസ്. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി. ആയുര്‍വേദ ചികിത്സയിലേക്ക് ധാരാളം രോഗികള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.