നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കുമായി ഫെഡറൽ ബാങ്ക്
കൊച്ചി: എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനെക്കാൾ എഴുപത്തിയേഴ് ബേസിസ് പോയിൻ്റ് ഉയർന്ന നിരക്ക് ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു. പുതിയ നിരക്കു പ്രകാരം പതിമൂന്നു മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.07 ശതമാനവും പലിശ ലഭിക്കും. ആഗസ്റ്റ് പതിനഞ്ചു മുതൽ ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കും പുതിയ നിരക്ക് ലഭ്യമാവുക. സേവിംഗ്സ് നിക്ഷേപത്തിന് ബാങ്ക് നിലവിൽ 7.15 ശതമാനം പലിശ നിരക്ക് ലഭ്യമാക്കിയിട്ടുണ്ട്. “സുരക്ഷിതത്വവും വിശ്വാസ്യതയും ആസ്വദിക്കുന്നതിനൊപ്പം ഉയർന്ന വരുമാനം നേടാനുള്ള സുവർണാവസരവുമാണ് ഇടപാടുകാർക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈയൊരു ആനുകൂല്യം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് .” ബാങ്കിന്റെ സീനിയർ വൈസ് പ്രസിഡൻ്റും ഡെപ്പോസിറ്റ്, വെൽത്ത് ആൻഡ് ബാങ്കഷുറൻസ് ഹെഡ്ഡുമായ ജോയ് പി വി പ്രസ്താവിച്ചു.