Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെയും ചൈനയിലെയും ആളുകള്‍ ഒരുമിച്ച് ശ്രമിച്ചാല്‍ നേട്ടം ലോകത്തിനാകെ: ദലൈലാമ

1 min read

തിരുവനന്തപുരം: അഹിംസയിലും കരുണയിലും അധിഷ്ഠിതമായ ആന്തരിക സമാധാനം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയിലെയും ചൈനയിലെയും ആളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നേട്ടം ലോകത്തിനാകെയാണെന്ന് ടിബറ്റന്‍ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. അഹിംസയും കരുണയും ഉള്‍ച്ചേരുന്ന ഭാരതീയ ജ്ഞാനമാര്‍ഗം ചരിത്രപരമായി ബുദ്ധമതത്തിന് സ്വാധീനമുള്ള ചൈന ആര്‍ജ്ജിക്കുകയാണെങ്കില്‍ അതിന്‍റെ ഉണര്‍വ്വ് ഇരുരാജ്യങ്ങളിലെയും രണ്ടര ശതകോടിയിലധികം ആളുകള്‍ക്കും ലോകത്തിനു മുഴുവനും ലഭിക്കുമെന്നും ദലൈലാമ മനോരമ ഇയര്‍ ബുക്ക് 2023 ലെ ലേഖനത്തില്‍ പറയുന്നു.

ശാസ്ത്ര സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വര്‍ഷങ്ങളായി ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ബാഹ്യ നിരായുധീകരണം പോലെ തന്നെ ആന്തരിക നിരായുധീകരണവും പ്രധാനമാണ്. ഇക്കാര്യത്തില്‍ അഹിംസയുടെയും കരുണയുടെയും മൂല്യങ്ങളില്‍ വേരൂന്നിക്കൊണ്ടുള്ള ഭാരതത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് നേതൃപരമായ പങ്ക് വഹിക്കാനാകുമെന്ന് ദലൈലാമ പറയുന്നു. ഈ ജ്ഞാനം ഏതെങ്കിലും ഒരു മതത്തിന് അതീതമാണ്. ഇതിന് സമകാലിക സമൂഹത്തെ സംയോജിതവും ധാര്‍മ്മികവുമായ അടിത്തറയുള്ളതാക്കി മാറ്റാനുള്ള കഴിവുണ്ട്. അതിനാല്‍ കരുണയും അഹിംസയും വളര്‍ത്തിയെടുക്കുന്നതിനായി എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദലൈലാമ ലേഖനത്തില്‍ വ്യക്തമാക്കി.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

ലോകസമാധാനം കൈവരിക്കുന്നതിന് ആളുകള്‍ക്ക് മനസ്സമാധാനം ആവശ്യമാണെന്നും ഭൗതികവികസനവും ശാരീരിക ആനന്ദവും പിന്തുടരുന്നതിനേക്കാള്‍ ഇത് പ്രധാനമാണെന്നും ഗ്യാല്‍വ റിന്‍പോച്ചെ എന്നറിയപ്പെടുന്ന 14-ാമത്തെ ദലൈലാമ പറഞ്ഞു. മനുഷ്യരെ സംബന്ധിച്ച് അനുകമ്പയുള്ളവരായിരിക്കുക എന്നതാണ് പ്രധാനം. അനുകമ്പ വിലയേറിയ ആന്തരിക വിഭവമെന്നതിനൊപ്പം ഒരാളുടെ വ്യക്തിത്വത്തിന്‍റെയും സമൂഹത്തിലെ ഐക്യത്തിന്‍റെയും അടിത്തറയാണ്. ജനിച്ച നിമിഷം മുതല്‍ അമ്മയാണ് നമ്മെ പരിപാലിക്കുന്നത്. അതുകൊണ്ട് ചെറുപ്പം മുതലേ എല്ലാ സന്തോഷത്തിന്‍റെയും മൂലകാരണം അനുകമ്പയാണ്. എന്നാല്‍ ഒരാളിലടങ്ങിയിരിക്കുന്ന അനുകമ്പയിലെ സ്വാഭാവികതയ്ക്ക് വിദ്യാഭ്യാസ കാലം തൊട്ട് മങ്ങലേല്‍ക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അഹിംസയും കരുണയും ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയുണ്ട്. അതിന്‍റെ പ്രയോജനം ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും അനുഭവപ്പെടും.

മഹാത്മാഗാന്ധിയെ അഹിംസയുടെ ആള്‍രൂപമായിട്ടാണ് കാണുന്നത്. അഹിംസ എന്ന ആശയം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ഗാന്ധിജിക്കായി. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും നെല്‍സണ്‍ മണ്ടേലയും ഗാന്ധിയന്‍ ആദര്‍ശത്തില്‍ വളരെയധികം പ്രചോദിതരായിരുന്നു. ഗാന്ധിജി ഒരു മാതൃകാ രാഷ്ട്രസേവകനാണ്. എല്ലാ വ്യക്തിപരമായ പരിഗണനകള്‍ക്കും ഉപരിയായി പരോപകാരത്തില്‍ വിശ്വസിക്കുകയും എല്ലാ മഹത്തായ ആത്മീയ പാരമ്പര്യങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം.

  ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ഐപിഒ

ചരിത്രപ്രസിദ്ധമായ നളന്ദ സര്‍വകലാശാലയില്‍ നിന്ന് ആര്‍ജ്ജിച്ച അറിവുകളില്‍ നിന്നാണ് തന്‍റെ ചിന്താരീതികള്‍ രൂപപ്പെട്ടത്. പ്രയാസകരമായ സമയങ്ങളില്‍ പോലും ഉറച്ച മനസ്സോടെയും നല്ല ചിന്തയോടെയും തുടരാന്‍ നളന്ദ പ്രേരണ നല്‍കി. നളന്ദയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ടിബറ്റുകാര്‍ക്ക് കഴിഞ്ഞു. നളന്ദയില്‍ നിന്ന് ടിബറ്റുകാര്‍ക്ക് ലഭിച്ചത് ഇന്ത്യക്ക് തിരികെ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. മുന്‍കാലങ്ങളില്‍ ടിബറ്റുകാര്‍ പലപ്പോഴും ഇന്ത്യക്കാരെ ഗുരുക്കന്‍മാരായും അവര്‍ ഞങ്ങളെ മികച്ച ശിഷ്യന്‍മാരായും കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ കാലക്രമേണ ഇത് മാറിമറിഞ്ഞതായി തോന്നുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കൈവശപ്പെടുത്തിയ ജന്‍മനാട്ടില്‍ നിന്ന് പലായനം ചെയ്തതിന് ശേഷം ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയില്‍ താമസിച്ചുവെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച അതിഥികളിലൊരാളാണ് താനെന്നും ദലൈലാമ സ്വയം വിശേഷിപ്പിക്കുന്നു. ടിബറ്റന്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുകയും അവരുടെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുള്ള അവസരം നല്‍കുകയും ടിബറ്റിലെ മഹത്തായ പഠന കേന്ദ്രങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ക്ക് പഠനം പുനരാരംഭിക്കാനുള്ള അവസരം നല്‍കുകയും ചെയ്തതിന് ദലൈലാമ ഇന്ത്യയോട് നന്ദി രേഖപ്പെടുത്തി.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ടിബറ്റുകാര്‍ എക്കാലവും ഇന്ത്യന്‍ ചിന്തകളില്‍ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. പ്രവാസകാലത്ത് ടിബറ്റനില്‍ നിന്ന് സംസ്കൃതത്തിലേക്കും മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ടുപോയ നിരവധി പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങള്‍ വീണ്ടെടുക്കുന്നതില്‍ സഹായിക്കാനായത് ടിബറ്റുകാരെ സംബന്ധിച്ച് അഭിമാനകരമാണ്.

ഒരു മനുഷ്യനെന്ന നിലയില്‍ ദാര്‍ശനിക വ്യത്യാസങ്ങള്‍ക്കിടയിലും മാനവികതയുടെ ഏകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിലെ മതപാരമ്പര്യങ്ങള്‍ക്കിടയില്‍ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും താന്‍ പ്രതിജ്ഞാബദ്ധനാണ്. ഒരു ടിബറ്റന്‍ എന്ന നിലയിലും ദലൈലാമ എന്ന നിലയിലും ടിബറ്റന്‍ ഭാഷയും സംസ്കാരവും സംരക്ഷിക്കാനും ടിബറ്റിന്‍റെ പ്രകൃതിസംരക്ഷണത്തിനായി സംസാരിക്കാനും ഉത്തരവാദിത്തമുണ്ട്. കിഴക്ക് അരുണാചല്‍ പ്രദേശ് മുതല്‍ പടിഞ്ഞാറ് ലഡാക്ക് വരെയുള്ള ഇന്ത്യന്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ ഇതിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Maintained By : Studio3