ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനം: ‘യോഗ മാനവികതയ്ക്ക്’ – ഈ വർഷത്തെ പ്രമേയം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനം (IDY), 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21-ന് ആഘോഷിക്കുന്നു. ഇത്തവണ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷ വര്‍ഷത്തില്‍ അന്താരാഷ്ട്ര യോഗ ദിനം വരുന്നതിനാല്‍, ആയുഷ് മന്ത്രാലയം രാജ്യത്തുടനീളമുള്ള 75ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ദിനം ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം 2022-ന്റെ പ്രമേയം ‘മനുഷ്യത്വത്തിനായി യോഗ’ എന്നതാണ്. കോവിഡ് -19 മഹാമാരിയില്‍, കഷ്ടപ്പാടുകള്‍ ലഘൂകരിക്കുന്നതില്‍ യോഗ മനുഷ്യരാശിയെ എങ്ങനെ സഹായിച്ചുവെന്നും കോവിഡിന് ശേഷമുള്ള ഉയര്‍ന്നുവരുന്ന ഭൗമ-രാഷ്ട്രീയ സാഹചര്യത്തില്‍ അനുകമ്പ, ദയ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ ഐക്യബോധം വളര്‍ത്തുന്നതില്‍ യോഗ വഹിക്കുന്ന പങ്കും ഇത് സൂചിപ്പിക്കുന്നു.
കേരളത്തില്‍, അന്താരാഷ്ട്ര യോഗ ദിനം 2022 ആഘോഷിക്കുന്നതിനായി തെരെഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 2022 ജൂണ്‍ 21 ന് കൊച്ചിയില്‍, ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപമുള്ള പരേഡ് ഗ്രൗണ്ടില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണല്‍ ഓഫീസ് യോഗ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ, വ്യോമയാന സഹമന്ത്രി ജനറല്‍ (റിട്ട) ഡോ. വി. കെ. സിംഗ് ഇതിന് നേതൃത്വം നല്‍കും. രാവിലെ 5.30 മുതല്‍ മുതിര്‍ന്ന യോഗ പരിശീലകന്‍ ഡോ. ജയ്ദേവിന്റെ മേല്‍നോട്ടത്തില്‍ യോഗ സെഷന്‍ നടക്കും. കൊച്ചിയിലെ വിവിധ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, സംസ്ഥാന-കേന്ദ്ര ഗവണ്മെന്റ്കളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, യോഗ പരിശീലകര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, തൃശ്ശൂര്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പരിപാടികള്‍ നാളെ സംഘടിപ്പിക്കുന്നു – ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലും. കേന്ദ്രീയ വിദ്യാലയ സംഘടനുമായി ചേര്‍ന്ന് ബേക്കല്‍ കോട്ടയിലെ യോഗ ദിന പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി മേഘശ്രീ ഡി. ആര്‍., സബ് കളക്ടര്‍, നിര്‍വഹിക്കും. ഈ പരിപാടിയില്‍ നാല് കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സെന്റ് ആഞ്ചലോ കോട്ടയിലെ പരിപാടിയില്‍, തിരഞ്ഞെടുത്തത് ആറ് വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുക്കും.