ബ്ലൂടൂത്ത് കോളിംഗ് സവിശേഷതയോടെ ഫയര്‍ ബോള്‍ട്ട് ടോക്ക് സ്മാര്‍ട്ട്‌വാച്ച്
ന്യൂഡെല്‍ഹി: ഫയര്‍ ബോള്‍ട്ട് ‘ടോക്ക്’ സ്മാര്‍ട്ട്‌വാച്ച് ആന്‍ഡ് ഫിറ്റ്‌നസ് ട്രാക്കര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വെയറബിളിന് 4,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രം ലഭിക്കും. നിലവില്‍ 4,499 രൂപയാണ് വില കാണിക്കുന്നത്. ബ്ലാക്ക്, ഗ്രീന്‍, ഗ്രേ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌വാച്ച് ലഭിക്കുമെന്ന് ഫയര്‍ ബോള്‍ട്ട് അറിയിച്ചു. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്. ബ്ലൂടൂത്ത് കോളിംഗ് സവിശേഷതയാണ്. വാച്ചിലൂടെ ഫോണ്‍ കോളുകള്‍ നടത്തുന്നതിനും സ്വീകരിക്കുന്നതിനും കഴിയും. വെള്ളം പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്7 റേറ്റിംഗ് സവിശേഷതയാണ്.
‘ബ്ലൂടൂത്ത് വോയ്‌സ് ആന്‍ഡ് കോള്‍’ അസിസ്റ്റന്‍സ് ഫീച്ചര്‍ ലഭിച്ച ഈ പ്രൈസ് സെഗ്‌മെന്റിലെ ആദ്യ സ്മാര്‍ട്ട്‌വാച്ചുകളിലൊന്നാണ് ഫയര്‍ ബോള്‍ട്ട് ടോക്ക്. ബ്ലൂടൂത്ത് വേര്‍ഷന്‍ 5 കണക്റ്റിവിറ്റി വഴി പെയര്‍ ചെയ്ത ആന്‍ഡ്രോയ്ഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളില്‍ മ്യൂസിക് നിയന്ത്രിക്കാന്‍ കഴിയും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളില്‍ കോളിംഗ് ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യും. 44 എംഎം ബെവല്‍ കര്‍വ്ഡ് ഗ്ലാസ് സഹിതം 3ഡി എച്ച്ഡി (240, 280 പിക്‌സല്‍) ഡിസ്‌പ്ലേ നല്‍കി. സിലിക്കണ്‍ സ്ട്രാപ്പ് സഹിതം സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബോഡി ലഭിച്ചു. നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ഒരു വശത്തായി ഒരു ബട്ടണ്‍ നല്‍കി.
കോളിംഗ് ഫീച്ചര്‍ ഓണ്‍ ചെയ്താല്‍ അഞ്ച് ദിവസം വരെയും ഓഫ് ചെയ്താല്‍ പത്ത് ദിവസം വരെയും ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. 120 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. സ്റ്റാന്‍ഡ്‌ബൈ സമയം മുപ്പത് ദിവസമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, എസ്പിഒ2 സ്‌കാനര്‍, ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ എന്നിവ ഫീച്ചറുകളാണ്. ഓട്ടം, നടത്തം, സൈക്ലിംഗ്, സ്‌കിപ്പിംഗ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍ തുടങ്ങി നിരവധി സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്.