കുട്ടികള്‍ക്കായി ‘ഗോകി സ്മാര്‍ട്ട് വൈറ്റല്‍ ജൂനിയര്‍’ സ്മാര്‍ട്ട്‌വാച്ച്
വില 4,999 രൂപ. നിരവധി കളര്‍ഫുള്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ ലഭിക്കും
ന്യൂഡെല്‍ഹി: കുട്ടികള്‍ക്കായി ‘ഗോകി സ്മാര്‍ട്ട് വൈറ്റല്‍ ജൂനിയര്‍’ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4,999 രൂപയാണ് വില. ബ്ലൂ ആന്‍ഡ് വൈറ്റ്, ബബിള്‍ഗം പിങ്ക്, ചെറി ആന്‍ഡ് ക്രീം, ഓഷ്യന്‍ ബ്ലൂ, ഒലിവ് ഗ്രീന്‍, റെയിന്‍ബോ, റെഡ് ആന്‍ഡ് ബ്ലാക്ക്, സാന്റ റെഡ്, വൈറ്റ് ആന്‍ഡ് പിങ്ക്, സീബ്ര ബ്ലാക്ക് തുടങ്ങി നിരവധി കളര്‍ഫുള്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ ലഭിക്കും. ഗോകി ഓണ്‍ലൈന്‍ സ്‌റ്റോര്‍, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ വാങ്ങാം.
രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ രക്തത്തിലെ ഓക്‌സിജന്‍ തോത് അറിയുന്നതിന് എസ്പിഒ2 സെന്‍സര്‍ നല്‍കി. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ഈ ഫീച്ചര്‍ ഏറെ ഉപകാരപ്രദമാണ്. ഹൃദയമിടിപ്പ്, ശരീരോഷ്മാവ്, രക്തസമ്മര്‍ദ്ദം, ഉറക്കം എന്നിവ നിരീക്ഷിക്കും. ഗോകി മൊബീല്‍ ആപ്പ് വഴി രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ആരോഗ്യസ്ഥിതി അറിയാം. കുട്ടികളുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ക്കായി ഗോകി കോച്ചുമായി കണ്‍സള്‍ട്ടേഷനും ഈ ആപ്പ് ഉപയോഗിക്കാം. കുട്ടികളുടെ പ്രത്യേക വര്‍ക്ക്ഔട്ട് സെഷനുകള്‍ക്കായി ഗോകി പ്ലേ ആപ്പില്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ എന്റോള്‍ ചെയ്യിക്കാം. മാത്രമല്ല, കുട്ടികള്‍ക്കായി നിര്‍മിച്ച ഡയറ്റ് ഷോകള്‍ കാണുന്നതിനും ആപ്പ് വഴി ശിശുരോഗ ഡോക്ടര്‍മാരുമായി ലൈവ് കണ്‍സള്‍ട്ടേഷനും സൗകര്യം ഉണ്ടായിരിക്കും.
ഓട്ടം, നടത്തം, വര്‍ക്ക്ഔട്ട്, ക്ലൈംബിംഗ്, റിലാക്‌സേഷന്‍, സൈക്ലിംഗ്, ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ്, വോളിബോള്‍, സിറ്റ്അപ്പുകള്‍, ഡാന്‍സിംഗ്, ബാഡ്മിന്റണ്‍, യോഗ, എയ്‌റോബിക്‌സ്, ഫുട്‌ബോള്‍, ടേബിള്‍ ടെന്നീസ്, ജംപിംഗ് റോപ്പ് തുടങ്ങി പതിനെട്ടോളം ആക്റ്റിവിറ്റി മോഡുകള്‍ സവിശേഷതയാണ്.
കുട്ടികളുടെ ചര്‍മത്തിന് പ്രശ്‌നമുണ്ടാക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ട്രാപ്പുകള്‍ നിര്‍മിച്ചതെന്ന് കമ്പനി അറിയിച്ചു. ചെറിയ കൈത്തണ്ടകള്‍ക്കും സ്ട്രാപ്പ് അനുയോജ്യമായിരിക്കും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബാറ്ററി, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി കപ്പാസിറ്റീവ് ബട്ടണ്‍ സഹിതം 33 എംഎം കളര്‍ ഡിസ്‌പ്ലേ, വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഐപി68 റേറ്റിംഗ് എന്നിവ സവിശേഷതകളാണ്. മ്യൂസിക് കണ്‍ട്രോള്‍, ഫോണ്‍ ഫൈന്‍ഡര്‍, സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍ എന്നിവയും ഫീച്ചറുകളാണ്. നാല് വാച്ച് ഫേസുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും.