December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വമ്പന്‍ പരിഷ്‌കാരങ്ങളോടെ 2021 ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്

ഇന്ത്യ എക്‌സ് ഷോറൂം വില 20.45 ലക്ഷം രൂപ മുതല്‍  

2021 മോഡല്‍ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 20.45 ലക്ഷം രൂപയിലും 22.40 ലക്ഷം രൂപയിലുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. പ്രാരംഭ വിലകളാണ് പ്രഖ്യാപിച്ചത്. ബുക്കിംഗ് ആരംഭിച്ചു. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. സ്റ്റൈല്‍ ഐസ് ഗ്രേ, സ്റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക്, സ്റ്റൈല്‍ റാലി, 40 ഇയേഴ്‌സ് ഓഫ് ജിഎസ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ’40 ഇയേഴ്‌സ് ഓഫ് ജിഎസ്’ നിറം നല്‍കിയ മോട്ടോര്‍സൈക്കിള്‍ പരിമിത എണ്ണം മാത്രമായിരിക്കും വില്‍ക്കുന്നത്. ഹോണ്ട സിആര്‍എഫ്1100എല്‍ ആഫ്രിക്ക ട്വിന്‍, വൈകാതെ പുറത്തിറക്കുന്ന ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍.

കാര്യമായ പരിഷ്‌കാരങ്ങളോടെയാണ് 2021 മോഡല്‍ വരുന്നത്. എന്നാല്‍ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ മാറ്റങ്ങളില്ല. 30 ഡിഗ്രിയില്‍ തിരിയുന്ന ഹെഡ്‌ലൈറ്റ് റിഫ്‌ളെക്റ്റര്‍ സഹിതം പുതിയ അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകള്‍ രണ്ട് ബൈക്കുകളിലെയും പരിഷ്‌കാരമാണ്. എച്ച്എസ്‌സി പ്രോ എന്ന പേര് നല്‍കി ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ (എച്ച്എസ്‌സി) സിസ്റ്റം പരിഷ്‌കരിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. റൈഡറിനും പാസഞ്ചറിനുമായി ഹീറ്റഡ് സീറ്റുകള്‍, ഇപ്പോള്‍ അഞ്ച് വിധത്തില്‍ ചൂട് ക്രമീകരിക്കാവുന്ന ഹീറ്റഡ് ഗ്രിപ്പുകള്‍ എന്നിവ അധിക ഫീച്ചറുകളാണ്. ഇവയെല്ലാം ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളിലൂടെ നിയന്ത്രിക്കാം.

റോഡ്, റെയ്ന്‍ എന്നീ റൈഡിംഗ് മോഡുകള്‍ കൂടാതെ 2021 ആര്‍ 1250 ജിഎസ് സീരീസിന് പുതുതായി ‘പ്രോ’ റൈഡിംഗ് മോഡുകളും നല്‍കി. ഡൈനാമിക്, ഡൈനാമിക് പ്രോ, എന്‍ഡ്യൂറോ, എന്‍ഡ്യൂറോ പ്രോ എന്നിവയാണ് ഈ റൈഡിംഗ് മോഡുകള്‍. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മോട്ടോര്‍സൈക്കിള്‍ മാറ്റുന്നതിന് ഡൈനാമിക് പ്രോ, എന്‍ഡ്യൂറോ പ്രോ എന്നീ റൈഡിംഗ് മോഡുകള്‍ വീണ്ടും ഇഷ്ടാനുസൃതമാക്കാന്‍ കഴിയും.

പ്രത്യേക സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റ്, വീതിയേറിയ എന്‍ഡ്യൂറോ ഫൂട്ട്‌റെസ്റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് വേരിയന്റിനേക്കാള്‍ അഡ്വഞ്ചര്‍ വകഭേദത്തിന്റെ അധിക ഫീച്ചറുകളാണ്. സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റായി അഡ്വഞ്ചര്‍ വകഭേദത്തിന് പുതിയ ‘ഇന്റഗ്രല്‍ എബിഎസ് പ്രോ’ ലഭിച്ചു. ലിങ്ക് ചെയ്ത സംവിധാനമാണ് ഇന്റഗ്രല്‍ എബിഎസ് പ്രോ. ഹാന്‍ഡ് ലിവര്‍ വഴി മുന്നിലെയും പിന്നിലെയും ബ്രേക്കുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഓണ്‍ റോഡിലും ഓഫ് റോഡിലും മികച്ച ബ്രേക്കിംഗ് പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് 6 ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) ഉപയോഗിക്കുന്നതാണ് ഇന്റഗ്രല്‍ എബിഎസ് സിസ്റ്റം.

1254 സിസി, ബോക്‌സര്‍ ട്വിന്‍ എന്‍ജിനാണ് 2021 ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നത്. ‘ഷിഫ്റ്റ്കാം ടെക്‌നോളജി’ എന്ന് ബിഎംഡബ്ല്യു വിളിക്കുന്ന വേരിയബിള്‍ വാല്‍വ് ടൈമിംഗ് സിസ്റ്റം സവിശേഷതയാണ്. ബിഎസ് 6 പാലിക്കുന്ന ഈ മോട്ടോര്‍ ഇപ്പോള്‍ 7,750 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 143 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. പുതുതായി ‘ഇക്കോ’ റൈഡിംഗ് മോഡ് കൂടി നല്‍കി. മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് ത്രോട്ടില്‍ കര്‍വ് നിരപ്പാക്കുകയും ടോര്‍ക്ക് കുറയ്ക്കുകയും ചെയ്ത് എന്‍ജിനിലെ ഷിഫ്റ്റ്കാം സിസ്റ്റം ക്രമീകരിക്കുന്നതാണ് ഈ മോഡ്.

Maintained By : Studio3