1962 എന്ന നമ്പറിൽ ഒരു കോൾ ദൂരത്തിൽ സുസജ്ജമായ വെറ്റിനറി സൗകര്യങ്ങൾ

തിരുവനന്തപുരം: മൃഗഡോക്ടറുടെ സേവനം കർഷകരുടെ വാതിൽപ്പടിയിൽ ലഭ്യമാക്കി മൃഗങ്ങളെ ചികിത്സിക്കുമെന്നു കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പർഷോത്തം രുപാല പറഞ്ഞു. 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. 1962 എന്ന നമ്പറിൽ ഒരു കോൾ ദൂരത്തിൽ സുസജ്ജമായ വെറ്റിനറി സൗകര്യങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ എംവിയുകൾക്കു സംസ്ഥാനത്തിന്റെ ഓരോ കോണിലും അതിവേഗം എത്തിച്ചേരാനാകുമെന്നും ശ്രീ രൂപാല പറഞ്ഞു.
ഈ സംവിധാനം ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള പാലുൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ക്ഷീരകർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഓരോ എംവിയുവിയിലും കന്നുകാലി കർഷകർക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതിന് മൃഗഡോക്ടറും സഹായിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ പ്രസവാവശ്യത്തിനും ഇതുപകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ക്ഷീരമേഖലയെ ഉപജീവനാധിഷ്ഠിത കാർഷികമേഖല എന്ന നിലയിൽനിന്നു വാണിജ്യപരമായി ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിന് ഈ പദ്ധതി സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു.ഇതു കേരളത്തിലെ യുവാക്കൾക്കു ലാഭകരമായ തൊഴിലവസരമാകും എന്നും കൂടുതൽ യുവജനങ്ങൾ ഈ മേഖലയിലേക്ക് വരാൻ പ്രോത്സാഹിപ്പിക്കുമെന്നും ശ്രീ രുപാല പറഞ്ഞു.ഈ രംഗത്തെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1962 എന്ന ഹെൽപ്പ്‌ലൈൻ നമ്പരുള്ള കേന്ദ്രീകൃത കോൾ സെന്റർ വിദേശകാര്യ പാർലിമെന്ററികാര്യ മന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീരവികസന രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കനായി കേന്ദ്ര നടപടികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കണ്ട്രോൾ പദ്ധതി, രാഷ്ട്രിയ ഗോകുൽ ദൗത്യം തുടങ്ങി നിരവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനം നടപ്പാക്കി വരികയാണെന്ന് അവർ പറഞ്ഞു